ആസ്ത്രേലിയന്‍ സെലക്ടര്‍മാരെ പരിഹസിച്ച് ഗാംഗുലി
|ഏറ്റവും നിലവാരം കുറഞ്ഞ സെലക്ഷന് ടീമാണ് നിലവില്‍ ആസ്ത്രേലിയക്കുള്ളതെന്ന് സൗരവ് പറഞ്ഞു
ക്രീസിലുള്ള കാലത്ത് ബാറ്റുകൊണ്ടും വാക്കുകള്‍ കൊണ്ടും ആക്രമിച്ച് കളിച്ചിരുന്ന സൗരവ് ഗാംഗുലി റിട്ടയര്‍മെന്റിന് ശേഷവും തന്റെ ശീലത്തിന് മാറ്റം വരുത്തിയിട്ടില്ല. കളത്തിനകത്തും, പുറത്തുമുള്ള പാളിച്ചകളെ ചൂണ്ടി കാണിക്കുന്ന ദാദ ഏറ്റവും ഒടുവിലായി രംഗത്തു വന്നത് ആസ്ത്രേലിയന്‍ സെലക്ടര്മാര്ക്കെതിരെയാണ്. ഏറ്റവും നിലവാരം കുറഞ്ഞ സെലക്ഷന് ടീമാണ് നിലവില്‍ ആസ്ത്രേലിയക്കുള്ളതെന്ന് സൗരവ് പറഞ്ഞു.
ഇന്ത്യക്കെതിരായ അടുത്ത ടെസ്റ്റിന് മുന്നോടിയായി ആസ്ത്രേലിയന്‍ സ്ക്വാഡ് എങ്ങനെയായിരിക്കണമെന്ന് നിര്‍ദേശിച്ചു കൊണ്ട് മുന്‍ ഓസീസ് നായകന് സ്റ്റീവ് വോ ഇട്ട ഇന്‍സ്റ്റഗ്രാം പോസ്റ്റ് സഹിതമാണ് അദ്ദേഹം സെലക്ടര്‍മാര്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചത്. ടീമിന് നിര്‍ദേശങ്ങള്‍ നല്കാന് മുന്‍ ഇതിഹാസങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഫോട്ടോ ഇടേണ്ട ഗതി കേടിലാണെന്ന് പറഞ്ഞ് ദാദ സെലക്ടര്‍മാരെ പരിഹസിച്ചു. മെല്‍ബണില്‍ നടന്ന ബോക്സിംഗ് ഡേ ടെസ്റ്റില്‍ ഇന്ത്യ ആസ്ത്രേലിയയെ പരാജയപ്പെടുത്തിയിരുന്നു. അടുത്തതായി നടക്കാനിരിക്കുന്ന സിഡിനി ടെസ്റ്റിനായി തന്റെ ബാറ്റിംഗ് ഓര്‍ഡര്‍ ഇതാണെന്ന് അറിയിച്ചു കൊണ്ടാണ് വോ പോസ്റ്റിട്ടത്.
ഇന്ത്യന്‍ സ്പിന്നര്‍ അശ്വിനും ദാദയുടെ വിമര്‍ശനത്തിന് പാത്രമായി. ഫിറ്റ്നസ് നിലനിര്‍ത്തുന്നതില്‍ അശ്വിന് പരാജയപ്പെടുന്നതായി അദ്ദേഹം ചൂണ്ടികാട്ടി. അശ്വിന് തന്നെ വല്ലാതെ അസ്വസ്ഥപ്പെടുന്നതായി പറഞ്ഞ ഗാംഗുലി, പല പ്രമുഖ ടൂര്‍ണമെന്റുകളിലും പരിക്ക് പറ്റി പുറത്തിരിക്കുക വഴി മുന്‍നിര സ്പിന്നറാവാനുള്ള സാധ്യത ഇല്ലാതാക്കുകയാണെന്നും പറഞ്ഞു.