ഐ.പി.എല്ലില്‍ അരങ്ങേറ്റം കുറിച്ച് സന്ദീപ് വാര്യര്‍
|സഞ്ജു സാംസണ്‍, സച്ചിന്‍ ബേബി, വിഷ്ണു വിനോദ്, ബേസില്‍ തമ്പി, എസ് മിഥുന്‍ എന്നിവരാണ് നേരത്തെ ഐ.പി.എല്ലില്‍ കളിച്ചിട്ടുള്ള കേരള താരങ്ങള്‍.
ഐ.പി.എല്ലില്‍ അരങ്ങേറ്റം കുറിച്ച് കേരള താരം സന്ദീപ് വാര്യര്‍. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായ സന്ദീപ് മുംബൈ ഇന്ത്യന്‍സിനെതിരെയാണ് ആദ്യ ഐ.പി.എല്‍ മത്സരം കളിച്ചത്. ഇതോടെ ഐ.പി.എല്ലില്‍ കളിക്കുന്ന ആറാമത്തെ കേരള താരമായി സന്ദീപ് വാര്യര്‍ മാറി.
ആദ്യം ബാറ്റു ചെയ്ത കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ആന്ദ്രേ റസലിന്റെയും(40 പന്തില്‍ 80) ശുഭ്മാന്‍ ഗില്ലിന്റേയും(45 പന്തില്‍ 76) ബാറ്റിംങ് മികവില്‍ 232 റണ്‍സാണ് അടിച്ചുകൂട്ടിയത്. കൊല്‍ക്കത്തയുടെ ബൗളിംങ് ഓപ്പണ്‍ ചെയ്യാനും സന്ദീപ് വാര്യര്‍ക്ക് അനസരം ലഭിച്ചു. വിക്കറ്റ് ലഭിച്ചില്ലെങ്കിലും നാല് ഓവറില്‍ 7.25 റണ്‍ ഇക്കോണമിയില്‍ ആകെ 29 റണ്‍സ് മാത്രമാണ് സന്ദീപ് വിട്ടുകൊടുത്തത്. നേരത്തെ റോയല്‍ ചലഞ്ചേഴ്‌സ് ടീമിലും സന്ദീപ് വാര്യര്‍ ഇടം നേടിയിരുന്നുവെങ്കിലും കളിക്കാന്‍ അവസരം ലഭിച്ചിരുന്നില്ല.
സഞ്ജു സാംസണ്‍, സച്ചിന്‍ ബേബി, വിഷ്ണു വിനോദ്, ബേസില്‍ തമ്പി, എസ് മിഥുന്‍ എന്നിവരാണ് നേരത്തെ ഐ.പി.എല്ലില്‍ കളിച്ചിട്ടുള്ള കേരള താരങ്ങള്‍. 2013ല്‍ രാജസ്ഥാന്‍ റോയല്‍സിലൂടെ ഐ.പി.എല്‍ കരിയര്‍ ആരംഭിച്ച സഞ്ജുവാണ് ഐ.പി.എല്ലില്‍ ഏറ്റവും കൂടുതല്‍ ശോഭിച്ച കേരള താരം. കോഴ വിവാദത്തെ തുടര്‍ന്ന് രണ്ട് വര്‍ഷം രാജസ്ഥാനെ വിലക്കിയപ്പോള്‍ ഡല്‍ഹി ഡയര്‍ ഡെവിള്‍സിനു വേണ്ടിയും കളിച്ചിട്ടുണ്ട്. സച്ചിന്‍ ബേബി രാജസ്ഥാന്‍ റോയല്‍സിനും ബംഗളൂരു റോയല്‍ ചലഞ്ചേഴ്‌സിന് വേണ്ടിയും വിഷ്ണു വിനോദ് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സിന് വേണ്ടിയും കളിച്ചു.
ഗുജറാത്ത് ലയണ്‍സ് താരമായിരുന്ന ബേസില്‍ കഴിഞ്ഞ സീസണില്‍ സണ്‍ റൈസേഴ്‌സിനു വേണ്ടി മികച്ച പ്രകടനം നടത്തി. എന്നാല്‍ താരസമ്പന്നമായ സണ്‍റൈസേഴ്‌സിനുവേണ്ടി ഈ സീസണില്‍ ഒരൊറ്റ മത്സരത്തില്‍ പോലും പന്തെറിയാന്‍ ബേസിലിന് അവസരം ലഭിച്ചില്ല. രാജസ്ഥാന്‍ റോയല്‍സ് താരമായ മിഥുന്‍ ഈ സീസണില്‍ ഒരു മത്സരം കളിച്ചിട്ടുണ്ട്.