ക്രിക്കറ്റിന്റെ നാട്ടുകാര്‍ കപ്പില്‍ മുത്തമിടുമോ ?
|ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ 106 റണ്‍സിന്റെ കൂറ്റന്‍ ജയവുമായി തിരിച്ചുവരവ്. ജെയ്സണ്‍ റോയ് 153 റണ്‍സെടുത്ത മത്സരത്തില്‍ ഇംഗ്ലണ്ട് നേടിയത് 386 റണ്‍സ്.
ആതിഥേയരായ ഇംഗ്ലണ്ട് മികച്ച പ്രകടനമാണ് ടൂര്‍ണമെന്റില്‍ ഉടനീളം കാഴ്ചവെച്ചത്. ബാറ്റിങ് നിരയ്ക്ക് റൂട്ടും ബെയര്‍സ്റ്റോയും നേതൃത്വം നല്കിയപ്പോള് ബൌളിങ് നിരയെ നയിച്ചത് ജോഫ്രെ ആര്‍ച്ചറായിരുന്നു.
ഉദ്ഘാടന മത്സരത്തില്‍ ദക്ഷിണാഫ്രിക്കക്കെതിരെ 104 റണ്‍സ് ജയത്തോടെയായിരുന്നു ആതിഥേയരുടെ തുടക്കം. ഇംഗ്ലീഷ് ബാറ്റിങ് നിരയില്‍ നാല് പേര് അര്‍ധ സെഞ്ചുറി കുറിച്ച മത്സരത്തില്‍ ബൌളിങ് നിരയും മികച്ച് നിന്നു. എന്നാല്‍ പാകിസ്താനെതിരായ രണ്ടാം മത്സരത്തില്‍ ഇംഗ്ലണ്ട് ടൂര്‍ണമെന്റിലെ ആദ്യ തോല്‍വി രുചിച്ചു. റൂട്ടും ബട്ലറും സെഞ്ച്വറി നേടിയെങ്കിലും 349 റണ്‍സ് വിജയലക്ഷ്യത്തിന് 14 റണ്‍സ് അകലെ ഇംഗ്ലണ്ട് വീണു.
ബംഗ്ലാദേശിനെതിരായ മത്സരത്തില്‍ 106 റണ്‍സിന്റെ കൂറ്റന്‍ ജയവുമായി തിരിച്ചുവരവ്. ജെയ്സണ്‍ റോയ് 153 റണ്‍സെടുത്ത മത്സരത്തില്‍ ഇംഗ്ലണ്ട് നേടിയത് 386 റണ്‍സ്. പിന്നീട് വെസ്റ്റിന്‍ഡീസിനെതിരായ മത്സരത്തില്‍ എട്ട് വിക്കറ്റ് ജയം. ജോഫ്രാ ആര്‍ച്ചറും മാര്‍ക്ക് വുഡും ചേര്‍ന്ന് വിന്‍ഡീസിനെ 212 റണ്‍സില്‍ പുറത്താക്കിയപ്പോള്‍ ജോറൂട്ടിന്റെ സെഞ്ച്വറി കരുത്തില്‍ ഇംഗ്ലണ്ടിന് അനായാസ ജയം.
അഫ്ഗാനിസ്ഥാനെതിരായ മത്സരത്തില്‍ ഇംഗ്ലീഷ് ബാറ്റ്സ്മാന്മാര് അടിച്ചുതകര്‍ത്തപ്പോള്‍ പിറന്നത് ടൂര്‍ണമെന്റിലെ ഏറ്റവും ഉയര്‍ന്ന ടീം ടോട്ടല്‍. 397 റണ്‍സ്. മത്സരത്തില്‍ ക്യാപ്റ്റന്‍ ഇയാന്‍ മോര്ഗന് 71 പന്തില്‍ നേടിയത് 148 റണ്‍സ്. ജോഫ്രാ ആര്‍ച്ചറും അദില്‍ റാഷിദും വിക്കറ്റ് വേട്ട തുടര്‍ന്നപ്പോള്‍ ഇംഗ്ലണ്ട് സ്വന്തമാക്കിയത് ടൂര്‍ണമെന്റിലെ ഏറ്റവും വലിയ ജയവും. അഫ്ഗാനെ പരാജയപ്പെടുത്തിയത് 150 റണ്‍സിന്.
എന്നാല്‍ പിന്നീട് ഇംഗ്ലണ്ടിനെ കാത്തിരുന്നത് തുടര്‍ച്ചയായ രണ്ട് തോല്‍വികളായിരുന്നു. ദ്വീപുകാരായ ശ്രീലങ്കയ്ക്കും ആസ്ട്രേലിയക്കും മുന്നില്‍ ഇംഗ്ലണ്ട് ബാറ്റിങ് നിര പരാജയപ്പെട്ടു. രണ്ട് മത്സരങ്ങളിലും ഇംഗ്ലണ്ടിന് പത്ത് വിക്കറ്റും നഷ്ടമായി. എന്നാല്‍ സെമി സാധ്യതകള്‍ തുലാസിലായ സമയത്ത് ഇംഗ്ലണ്ട് നടത്തിയത് വിസ്മയിപ്പിക്കുന്ന തിരിച്ചുവരവാണ്. ഇന്ത്യക്കെതിരായ മത്സരത്തില്‍ ഇംഗ്ലണ്ട് ജയിച്ചത് 31 റണ്‍സിന്. ബെയര്‍സ്റ്റോ സെഞ്ച്വറി കുറിച്ചപ്പോള്‍ സ്റ്റോക്സും ജെയ്സണ്‍ റോയും അര്‍ധ സെഞ്ച്വറി നേടി.
റൌണ്ട് റോബിന് ഘട്ടത്തിലെ അവസാന മത്സരത്തില്‍ നേരിട്ടത് ഫൈനലില്‍ എതിരാളികളായി എത്താന്‍ പോകുന്ന ന്യൂസിലാന്‍ഡിനെ, കിവികളെ 119 റണ്‍സിന് തോല്പിച്ചാണ് ആതിഥേയര്‍ സെമി ഉറപ്പാക്കിയത്. ഗ്രൂപ്പ് ഘട്ടത്തില്‍ ആസ്ട്രേലിയയോടേറ്റ തോല്‍വിക്ക് സെമിയില്‍ പകരംവീട്ടിയ ഇംഗ്ലണ്ടിന് ആദ്യ കിരീടത്തിലേക്കുള്ള ദൂരം ഇനി ഒരു മത്സരം മാത്രം. ഞായറാഴ്ച ലോര്‍ഡ്സില്‍ കിവികളെ ഒരിക്കല്‍ക്കൂടി പരാജയപ്പെടുത്താന്‍ സാധിച്ചാല്‍ ക്രിക്കറ്റിന്റെ നാട്ടുകാര്‍ക്ക് കപ്പില്‍ മുത്തമിടാം.