താടി വടിക്കാമോ എന്ന് കോച്ച്, കളിക്കുന്നെങ്കിൽ താടി വച്ചെന്ന് മുഈൻ അലി
|"കളിക്കുന്നെങ്കിൽ ഞാനെന്താണോ അങ്ങനെ കളിച്ചാൽ മതി"
വിശ്വാസത്തിന്റെ പേരിൽ ക്രിക്കറ്റിൽ മുഈൻ അലി നേരിട്ട പ്രതിസന്ധികൾ വെളിപ്പടുത്തി പിതാവ് മുനീർ അലി. കോച്ചുമാർ അടക്കം പലരും അലിയോട് താടി വടിക്കാൻ ആവശ്യപ്പെട്ടിരുന്നു എന്നും എന്നാൽ അവൻ അതിന് തയ്യാറായില്ല എന്നും അദ്ദേഹം പറഞ്ഞു.
'ഇന്ത്യയിലെ ടൂറിനിടെയാണ് ഒരു സംഭവം. ഒരു കോച്ച് മുഈനോട് താടി വെട്ടാൻ ആവശ്യപ്പെട്ടു. മുഈൻ അദ്ദേഹത്തോട് പറഞ്ഞു. ഞാൻ ഒരിക്കൽ ക്രിക്കറ്റ് വിടും. എന്നാൽ വിശ്വാസം വിടില്ല. ഇതെന്റെ വിശ്വാസമാണ്. കളിക്കുന്നെങ്കിൽ ഞാനെന്താണോ അങ്ങനെ കളിച്ചാൽ മതി' - ഇന്ത്യയിൽ നേരിട്ട ദുരനുഭവത്തെ കുറിച്ച് മുനീർ അലി വെളിപ്പെടുത്തി.
താരത്തെ കുറിച്ചുള്ള ബംഗ്ലാദേശ് എഴുത്തുകാരി തസ്ലീമ നസ്റിന്റെ ട്വീറ്റിനെതിരെയും നേരത്തെ പിതാവ് രംഗത്തെത്തിയിരുന്നു. 'അവർ കണ്ണാടിയിൽ നോക്കട്ടെ. മുസ്ലിംകൾക്കെതിരെ വിദ്വേഷം പുലർത്തുന്ന ഒരാളായി അവർക്കു തന്നെ സ്വയം കാണാം' - എന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ക്രിക്കറ്ററല്ലായിരുന്നുവെങ്കിൽ മുഈൻ അലി സിറിയയിൽ പോയി ഐ.എസ്.ഐ.എസിൽ ചേർന്നേനെ എന്നായിരുന്നു തസ്ലീമയുടെ ട്വീറ്റ്. ജോഫ്രെ ആർച്ചർ അടക്കമുള്ള താരങ്ങൾ തസ്ലീമയ്ക്കെതിരെ രംഗത്തെത്തിയിരുന്നു. എന്നാൽ ട്വീറ്റ് വെറും തമാശയായിരുന്നു എന്നായിരുന്നു അവരുടെ വിശദീകരണം.