പഞ്ചാബിനെതിരേ രാജസ്ഥാനെ നയിച്ച് സഞ്ജു ഇന്നിറങ്ങും; ക്യാപ്റ്റൻ സഞ്ജുവിന് ഇന്ന് 'അരങ്ങേറ്റം'
|നായകൻ എന്ന രീതിയിൽ സഞ്ജുവിനെ കാത്തിരിക്കുന്നത് വലിയ ഉത്തരവാദിത്വമാണ്.
ആദ്യമായി ഒരു മലയാളി താരം ഒരു ഐപിഎൽ ടീമിന്റെ ക്യാപ്റ്റനാകുന്ന അപൂർവതയ്ക്കാണ് ഇന്ന് മുംബൈ വാങ്കഡെ സ്റ്റേഡിയം സാക്ഷിയാകുക. കേരളത്തിന്റെ സ്വന്തം സഞ്ജു സാംസൺ രാജസ്ഥാൻ റോയൽസിന്റെ ക്യാപ്റ്റനായി ഇന്നിറങ്ങും. 2013 മുതൽ ഇന്ന് വരെ 2016 ൽ ഒഴികെ രാജസ്ഥാനൊപ്പമുള്ള സഞ്ജു അവരുടെ വിശ്വസ്തനായ ബാറ്റ്സ്മാനും വിക്കറ്റ് കീപ്പറുമാണ്. (2016 ൽ സഞ്ജു ഡൽഹിക്കൊപ്പമായിരുന്നു).
നായകൻ എന്ന രീതിയിൽ സഞ്ജുവിനെ കാത്തിരിക്കുന്നത് വലിയ ഉത്തരവാദിത്വമാണ്. കഴിഞ്ഞ സീസണിൽ അവസാന സ്ഥാനക്കാരായ രാജസ്ഥാനെ മുൻനിരയിൽ എത്തിക്കുക എന്നത് ശ്രമകരമായ ജോലിയാണ്. മാത്രമല്ല ഇന്ത്യൻ ടീമിലേക്കുള്ള സഞ്ജുവിന്റെ തിരിച്ചുവരവിനും ഈ സീസണിലെ പ്രകടനം വള്ളരെ പ്രധാനപ്പെട്ടതാണ്. നായകൻ എന്ന രീതിയിലുള്ള സമ്മർദം തന്റെ ബാറ്റിങിനെ ബാധിക്കാതെ നോക്കേണ്ടതുണ്ട്. 103 ഐപിഎൽ ഇന്നിംഗ്സിൽ നിന്ന് 2584 റൺസാണ് സഞ്ജുവിന്റെ ഇതുവരെയുള്ള സമ്പാദ്യം.
റൺവേട്ടക്കാരിൽ 24-ാം സ്ഥാനത്താണ് സഞ്ജു ഇപ്പോൾ. 102 റൺസാണ് അദ്ദേഹത്തിന്റെ ഉയർന്ന സ്കോർ. രാജസ്ഥാന് വേണ്ടി ഏറ്റവും കൂടുതൽ റൺസ് നേടിയ താരവും സഞ്ജുവാണ്. നേരത്തെ ആഭ്യന്തര ക്രിക്കറ്റിൽ കേരളത്തിന്റെ ക്യാപ്റ്റനായുള്ള മത്സര പരിചയം സഞ്ജുവിന് ഗുണം ചെയ്തേക്കാം.
പൃഥ്വിരാജ് അടക്കമുള്ള താരങ്ങൾ സഞ്ജുവിന് ആശംസകളുമായി എത്തിയിരുന്നു. കെ.എല്‍. രാഹുല്‍ നയിക്കുന്ന പഞ്ചാബിനെ കീഴടക്കുക അത്ര എളുപ്പമുള്ള കാര്യമല്ല എന്നിരുന്നാലും മലയാളികൾ കാത്തിരിക്കുകയാണ് ഒരു മലയാളി ഇന്ന് രാത്രി 7.30 ന് വാങ്കഡെയുടെ കളിമൈതാനത്ത് ഐപിഎൽ ടീമിനെ മുന്നിൽ നിന്ന് നയിക്കുന്നത് കാണാൻ.