ടെസ്റ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോർ പിറന്നിട്ട് 17 വർഷങ്ങൾ
|ഇത്രയും വര്‍ഷം കഴിഞ്ഞിട്ടും ഇന്നും ഈ റെക്കോര്‍ഡ് തകര്‍ക്കപെട്ടിട്ടില്ല.
17 വർഷങ്ങൾക്ക് ഇതുപോലൊരു ഏപ്രിൽ 12 നാണ് ലോകക്രിക്കറ്റിൽ ഒരു വെസ്റ്റ് ഇൻഡീസ് താരം ഒരു ചരിത്രമെഴുതി ചേർത്തത്. കൃത്യമായി പറഞ്ഞാൽ 2004 ഏപ്രിൽ 12 നാണ് ബ്രയാൻ ലാറയെന്ന വെസ്റ്റ് ഇൻഡീസ് താരം ഇംഗ്ലണ്ടിനെതിരേ ടെസ്റ്റ് ക്രിക്കറ്റിൽ 400 റൺസ് നേടി റെക്കോർഡിട്ടത്.
17 വർഷം കഴിഞ്ഞിട്ടും ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്‌കോറിന് നേരെ ഏഴുതപ്പെട്ടിട്ടുള്ളത് ബ്രയാൻ ലാറയുടെ പേരാണ്. ആന്‍റിഗ്വയില്‍ വച്ച് ഇംഗ്ലണ്ടിനെതിരേ നടന്ന നാലു ദിന ടെസ്റ്റിൽ ആദ്യം ബാറ്റിങ് തെരഞ്ഞെടുത്ത വെസ്റ്റ് ഇൻഡീസ്. 98ന് രണ്ട് എന്ന രീതിയിലെത്തിയപ്പോഴാണ് ലാറ ക്രീസിലെത്തിയത്.
പിന്നെയാണ് ചരിത്രത്തിലെ ഇന്നിങ്‌സ് പിറന്നത്. 43 ഫോറുകളും നാലും സിക്‌സും അടങ്ങിയതായിരുന്നു ആ ഇന്നിങ്‌സ്. ലാറയുടെ ആ ഇന്നിങ്‌സിലൂടെ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 751 റൺസ് എന്ന വലിയ ടോട്ടലിലാണ് വെസ്റ്റ് ഇൻഡീസിന്റെ ഫസ്റ്റ് ഇന്നിങ്‌സ് അവസാനിച്ചത്. ഇംഗ്ലണ്ടിന്‍റെ ഒന്നാം ഇന്നിങ്‌സ് 285ൽ അവസാനിച്ചെങ്കിലും രണ്ടാം ഇന്നിങ്‌സിൽ ഇംഗ്ലണ്ട് പിടിച്ചുനിന്നു. അതോടെ മത്സരം സമനിലയിൽ കലാശിച്ചു.
ഓസ്‌ട്രേലിയൻ താരം മാത്യു ഹെയ്ഡന്റെ റെക്കോർഡാണ് ലാറ തകർത്തത്. 2003 ൽ ഹെയ്ഡൻ നേടിയ 380 റൺസ് എന്ന റെക്കോർഡാണ് പഴങ്കഥയായത്. നേരത്തെ ലാറ 1994 ൽ നേടിയ 375 റൺസ് എന്ന റെക്കോർഡ് തകർത്താണ് ഹെയ്ഡൻ ആ റെക്കോർഡിലെത്തിയത്. 22,358 റൺസാണ് ലാറ തന്റെ കരിയറിൽ നേടിയത്. 53 സെഞ്ച്വറികളും അതിൽ ഉൾപ്പെടും. 2007 ൽ ബ്രയാൻ ലാറ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു.