ബൗണ്ടറി കാണാതെ നീണ്ട 97 പന്തുകള്‍; മിന്നല്‍ തുടക്കത്തിനുശേഷം തപ്പിത്തടഞ്ഞ് ടീം ഇന്ത്യ
|വെറും അഞ്ച് എക്‌സ്ട്രാ റൺസ് മാത്രമാണ് ആസ്‌ട്രേലിയൻ ബൗളർമാർ ഇതുവരെ വിട്ടുകൊടുത്തതെന്നും ശ്രദ്ധേയമാണ്
അഹ്മദാബാദ്: 2003ൽ റിക്കി പോണ്ടിങ്ങും സംഘവും ഇന്ത്യയോട് ചെയ്തത് പാറ്റ് കമ്മിൻസും സംഘവും ആവർത്തിക്കുകയാണോ? നരേന്ദ്ര മോദി സ്‌റ്റേഡിയത്തിലെ കലാശപ്പോരാട്ടത്തിൽ രോഹിത് ശർമയുടെ മിന്നൽ ബാറ്റിങ് പ്രകടനം നൽകിയ തുടക്കം മുതലെടുക്കാനാകാതെ ടീം ഇന്ത്യ പതറുകയാണ്. 10 ഓവറിൽ 80 എന്ന ശക്തമായ നിലയിൽനിന്ന് 3 ഓവർ പിന്നിടുമ്പോൾ 162 റൺസ് എന്ന നിലയിലേക്ക് ഇന്നിങ്‌സ് ഇടറുകയാണ് രോഹിത് ശർമയും സംഘവും. സ്‌കോർവേഗം കുറഞ്ഞതു മാത്രമല്ല ശുഭ്മൻ ഗിൽ, രോഹിത് ശർമ, വിരാട് കോഹ്ലി, ശ്രേയസ് അയ്യർ എന്നിങ്ങനെ നാല് മുൻനിര ബാറ്റർമാരും കൂടാരം കയറിക്കഴിഞ്ഞു.
97 പന്താണ് ഒരു ബൗണ്ടറി പോലും കണ്ടെത്താനാകാതെ ഇന്ത്യയുടെ സൂപ്പർസ്റ്റാർ ബാറ്റർമാരായ വിരാട് കോഹ്ലിയും കെ.എൽ രാഹുലും വിഷമിച്ചത്. ഈ ലോകകപ്പിൽ ഒരു ബൗണ്ടറിയുമില്ലാതെ ഏറ്റവും കൂടുതൽ നേരം ബാറ്റ് ചെയ്യുന്ന രണ്ടാമത്തെ ടീമായിരിക്കുകയാണ് ഇന്ത്യ. നെതർലൻഡ്‌സ് ആണ് ഇത്രയും പന്ത് നേരിട്ട് ഒരു ബൗണ്ടറിയും നേടാനാകാതെ പോയ മറ്റൊരു ടീം. അഫ്ഗാനിസ്താനെതിരെ 95 പന്തും ശ്രീലങ്കയ്‌ക്കെതിരെ 128 പന്തും ഒരു ഫോറും നേടാനാകാതെ ഡച്ച് സംഘം വിയർത്തത് ഈ ലോകകപ്പിൽ കണ്ടതാണ്. എന്നാൽ, ടൂർണമെന്റിലുടനീളം എല്ലാ ടീമുകൾക്കുമെതിരെ വൻ മേധാവിത്വം തുടർന്ന ഇന്ത്യൻ ബാറ്റർമാരാണ് മൊട്ടേരയിൽ പതറുന്നത്.
വെറും അഞ്ച് എക്‌സ്ട്രാ റൺസ് മാത്രമാണ് ആസ്‌ട്രേലിയൻ ബൗളർമാർ ഇതുവരെ വിട്ടുകൊടുത്തതെന്നും ശ്രദ്ധേയമായ കാര്യമാണ്. ബൗളിങ് മികവിനൊപ്പം ഫീൽഡിലെ സജീവതയും ഇന്ത്യയെ പിടിച്ചുകെട്ടുന്നതിൽ നിർണായകമായി. വലിയൊരു തുടക്കം കിട്ടിയ ശേഷമാണ് ടീം ഇന്ത്യയെ ഈ തരത്തിലേക്ക് കമ്മിൻസിനും സംഘത്തിനും വലിച്ചുപിടിച്ചത്. കമ്മിൻസിനും ആദം സാംപയ്ക്കും പുറമെ പാർട്ട്‌ടൈമർമാരായ ഗ്ലെൻ മാക്‌സ്‌വെല്ലും ട്രാവിസ് ഹെഡും മിച്ചൽ മാർഷുമെല്ലാം അവരുടേതായ പങ്കുവഹിച്ചുകഴിഞ്ഞു.
Summary: 97 balls without a single boundary; Team India falters after a lightning start