തിരിച്ചുവരവിനൊരുങ്ങി മിസ്റ്റർ 360; വീണ്ടും ദക്ഷിണാഫ്രിക്കാൻ ടീമിലേക്ക്..!
|അടുത്ത മാസം വിന്‍ഡീസിനെതിരെ നടക്കുന്ന പരമ്പരയോടെ ഡിവില്ലിയേഴ്‌സ് വീണ്ടും ടീമിൽ തിരിച്ചെത്തിയേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
അന്താരാഷ്ട്ര ക്രിക്കറ്റില്‍ തിരിച്ചുവരവിനൊരുങ്ങി മുൻ ദക്ഷിണാഫ്രിക്കന്‍താരം എബി ഡിവില്ലിയേഴ്‌സ്. ഒരിക്കൽ വിരമിക്കൽ പ്രഖ്യാപിച്ച ഡിവില്ലിയേഴ്‌സ് പിന്നീട് ടീമിലേക്ക് തിരിച്ചെത്താൻ സന്നദ്ധത അറിയിച്ചിരുന്നു.
അടുത്ത മാസം വിന്‍ഡീസിനെതിരെ നടക്കുന്ന ടി20 പരമ്പരയോടെ ഡിവില്ലിയേഴ്‌സ് വീണ്ടും ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റില്‍ തിരിച്ചെത്തിയേക്കുമെന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍.
2018ഇലാണ് ഡിവില്ലിയേഴ്‌സ് അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കുന്നത്. 15 വർഷം നീണ്ട കരിയറാണ് ഡിവില്ലിയേഴ്‌സ് അവസാനിപ്പിച്ചത്. തുടർന്നും ഐ.പി. എല്ലിൽ തകർത്തു കളിച്ച താരം ക്രിക്കറ്റ് ആരാധകർക്കിടയിലും വാർത്തകളിലും സജീവമായിരുന്നു. ഐ.പി. എല്ലിൽ ബാംഗ്ലൂർ റോയൽ ചലഞ്ചേഴ്സ് താരമാണ് ഡിവില്ലിയേഴ്‌സ്.
ഐ.പി.എല്ലിലെ വെടിക്കെട്ട് പ്രകടനത്തിന് പിന്നാലെയാണ് രാജ്യാന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്താനുള്ള താത്പര്യം വ്യക്തമാക്കി ഡിവില്ലിയേഴ്‌സ് കഴിഞ്ഞ വർഷം രംഗത്ത് വന്നത്. വിരമിക്കല്‍ തീരുമാനം ഉപേക്ഷിച്ച് ദക്ഷിണാഫ്രിക്കന്‍ ടീമിലേക്ക് മടങ്ങിയെത്താന്‍ വളരെയധികം താത്പര്യമുണ്ടെന്നാണ് ഡിവില്ലിയേഴ്‌സ് അന്ന് പറഞ്ഞത്.
ഡിവില്ലിയേഴ്‌സിന് പുറമേ ഓള്‍ റൗണ്ടര്‍ ക്രിസ് മോറിസും സ്പിന്‍ ബോളര്‍ ഇമ്രാന്‍ താഹിറും ടീമില്‍ തിരിച്ചെത്തുമെന്നും റിപ്പോർട്ടുകൾ വരുന്നുണ്ട്. ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് ഡയറക്ടര്‍ ഗ്രെയിം സ്മിത്താണ് വിന്‍ഡീസ് പര്യടനത്തോടെ ഇവര്‍ ടീമില്‍ തിരിച്ചെത്തുമെന്ന സൂചന നല്‍കിയിരിക്കുന്നത്. കരീബിയൻ ക്രിക്കറ്റ് പോഡ്കാസ്റ്റ് എന്ന ട്വിറ്റർ ഹാൻഡിലും ഇതു സംബന്ധിച്ച സൂചനകൾ നൽകുന്നുണ്ട്.