'2024 ടി20 ലോകകപ്പ് വരെ ഈ താരം ഇന്ത്യയെ നയിക്കും'; വിലയിരുത്തലുമായി മുൻ താരം
|മുതിർന്ന താരങ്ങളായ രോഹിത് ശർമയ്ക്കും വിരാട് കോഹ്‌ലിക്കും ടി20യിൽ നിന്ന് വിശ്രമം നൽകിയിരിക്കുകയാണ്
വെസ്റ്റ് ഇൻഡീസ് പര്യടനത്തിലെ ടി20 പരമ്പരയിലേക്കുള്ള ഇന്ത്യൻ ടീം ബുധനാഴ്ച ബിസിസിഐ പ്രഖ്യാപിച്ചിരുന്നു. യശ്വസി ജയ്‌സ്വാൾ, തിലക് വർമ എന്നിവർക്ക് ദേശീയ കുപ്പായത്തിൽ കളിക്കാൻ ആദ്യാവസരം ലഭിച്ചപ്പോൾ ടീമിനെ നയിക്കാൻ അജിത് അഗർക്കാറുടെ നേതൃത്വത്തിലുള്ള സെലക്ടർമാർ ഹർദിക് പാണ്ഡ്യയെ നിലനിർത്തി. മുതിർന്ന താരങ്ങളായ രോഹിത് ശർമയ്ക്കും വിരാട് കോഹ്‌ലിക്കും ടി20യിൽ നിന്ന് വിശ്രമം നൽകിയിരിക്കുകയാണ്. 2022 ടി 20 ലോകകപ്പ് മുതൽ ഇരു താരങ്ങളും ടി20 ടീമിലില്ല. ഹർദികാണ് ടീം ഇന്ത്യയെ നയിക്കുന്നത്. ടി20യിൽ ഹർദിക് ഇന്ത്യയെ നയിക്കുന്നത് 2024 ലെ ലോകകപ്പ് വരെ തുടരുമെന്നാണ് മുൻ ഇന്ത്യൻ താരം ആകാശ് ചോപ്ര നിരീക്ഷിക്കുന്നത്.
'ടി20 ലോകകപ്പിന് ശേഷം ഹർദിക് പാണ്ഡ്യക്ക് ക്യാപ്റ്റൻസി നൽകിയിരിക്കുകയാണ്. ഇത് ഫൈനൽ തീരുമാനമായിരിക്കാം, അടുത്ത ലോകകപ്പ് വരെ ഇന്ത്യൻ ടി20 ടീമിനെ ഹർദിക് നയിക്കും' ആകാശ് ചോപ്ര തന്റെ യൂട്യൂബ് ചാനലിൽ പറഞ്ഞു.
ടി20 ലോകകപ്പിന് ശേഷം വിരാട് കോഹ്‌ലിയും രോഹിതും കളിച്ചിട്ടില്ലെന്നും അവരെ പുറത്തിരുത്തുന്ന രീതിയിലാണ് കാര്യങ്ങളെന്നും കെ എൽ രാഹുൽ ടീമിലുൾപ്പെടുത്താൻ പറ്റുന്ന സാഹചര്യത്തിലായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
സീനിയർ താരങ്ങളുടെ അഭാവത്തിൽ സൂര്യകുമാർ യാദവാണ് ടി 20 ടീമിന്റെ ഉപനായകൻ. അഞ്ച് മത്സരങ്ങളാണ് വിൻഡീസിനെതിരെ കളിക്കുന്നത്. ലെഗ് സ്പിന്നർ രവി ബിഷ്‌ണോയി ടീമിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്. ചൊവ്വാഴ്ച നിയമിതനായ അജിത് അഗർക്കറിന്റെ നേതൃത്വത്തിൽ തിരഞ്ഞെടുത്ത ആദ്യ ടീമാണിത്. ജൂലൈ 12നാണ് വെസ്റ്റ് ഇൻഡീസിനെതിരെയുള്ള മത്സരങ്ങൾ തുടങ്ങുന്നത്. ആദ്യ രണ്ട് ടെസ്റ്റ് മത്സരങ്ങളാണ് നടക്കുക. അതിന് ശേഷം മൂന്നു ഏകദിനങ്ങളും അഞ്ച് ടി20 മത്സരങ്ങളും നടക്കും.
ഇന്ത്യ ടി20 ടീം: ഇഷൻ കിഷൻ (വിക്കറ്റ് കീപ്പർ), ശുഭ്മാൻ ഗിൽ, യശ്വസി ജയ്‌സ്വാൾ, തിലക് വർമ, സൂര്യകുമാർ യാദവ് (വൈസ് ക്യാപ്റ്റൻ), സഞ്ജു സാംസൺ (വിക്കറ്റ് കീപ്പർ), ഹർദിക് പാണ്ഡ്യ(ക്യാപ്റ്റൻ), അക്‌സർ പട്ടേൽ, യുസ്‌വേന്ദ്ര ചാഹൽ, കുൽദീപ് യാദവ്, രവി ബിഷ്‌ണോയി, അർഷദീപ് സിംഗ്, ഉംറാൻ മാലിക്, ആവേഷ് ഖാൻ, മുകേഷ് കുമാർ.
Akash Chopra talks about T20 Indian captain