''ധോണി വിജയമന്ത്ര'': ചെന്നൈ നായകന്‍ പഠിപ്പിച്ച നേതൃപാഠങ്ങൾ പങ്കുവച്ച് ആനന്ദ് മഹീന്ദ്ര
|എംഎസ് ധോണിയില്‍നിന്നു കിട്ടിയ നേതൃപാഠങ്ങള്‍ പങ്കുവച്ചിരിക്കുകയാണ് ശതകോടീശ്വരനും മഹീന്ദ്ര ഗ്രൂപ്പ് ചെയര്‍മാനുമായ ആനന്ദ് മഹീന്ദ്ര
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിങ്‌സ് നാലാം കിരീടം നേടിയതിനു പിറകെ നായകൻ മഹേന്ദ്ര സിങ് ധോണിയില്‍നിന്നു സ്വീകരിച്ച നേതൃത്വ പാഠം പങ്കുവച്ചിരിക്കുകയാണ് ശതകോടീശ്വരനും മഹീന്ദ്ര ഗ്രൂപ്പ് ചെയർമാനുമായ ആനന്ദ് മഹീന്ദ്ര. ട്വിറ്ററിലൂടെയാണ് ചെന്നൈ നായകന്റെ വിജയങ്ങൾക്കു പിന്നിലെ രഹസ്യം അദ്ദേഹം വെളിപ്പെടുത്തിയത്.
ഐപിഎൽ ഫൈനലിന്റെ രണ്ടുദിവസം മുൻപ് നടന്ന നാഷനൽ കേഡറ്റ് കോർപ്‌സ് റിവ്യൂ പാനൽ ഉപസമിതിയുടെ വിഡിയോ കോൺഫറൻസ് യോഗത്തിൽ എംഎസ് ധോണിയും പങ്കെടുത്തിരുന്നു. മികച്ച ഒരുക്കങ്ങളോടെയാണ് അദ്ദേഹം എത്തിയിരുന്നത്. യോഗത്തിനിടയിൽ മൗലികമായ കാര്യങ്ങൾ അദ്ദേഹം അവതരിപ്പിക്കുകയും ചെയ്തു. ഐപിഎൽ സമ്മർദങ്ങൾക്കിടയിലും ഇതിനൊക്കെ സമയം കണ്ടെത്തുന്നതു ചൂണ്ടിക്കാട്ടി ഞാൻ നന്ദി പ്രകടിപ്പിച്ചെങ്കിലും അതൊക്കെ നിസ്സാരകാര്യം പോലെയാണ് അദ്ദേഹം പ്രതികരിച്ചത്-ട്വിറ്ററിൽ ആനന്ദ് മഹീന്ദ്ര കുറിച്ചു.
തുടർന്ന് ധോണിയുടെ വിജയതന്ത്രവും അദ്ദേഹം പങ്കുവച്ചു. എല്ലാ സാഹചര്യങ്ങളിലുമുള്ള സന്തുലിതാവസ്ഥയാണ് പ്രധാനപ്പെട്ട കാര്യം. അവസരങ്ങളാൽ സമ്പന്നമാണ് ജീവിതം. ഒരൊറ്റ ലക്ഷ്യത്തിൽ മുഴുകിയിട്ടില്ലെങ്കിലും നിങ്ങൾക്ക് ഫോക്കസ് നേടാനാകും. വിരോധാഭാസമായിത്തോന്നാമെങ്കിലും യാഥാർത്ഥ്യമാണത്. ഒരേസമയം കുറച്ചു ലക്ഷ്യങ്ങൾക്കുമേൽ അധ്വാനിക്കുക. ഓരോ ദൗത്യത്തിലും നിങ്ങൾക്ക് കൂടുതൽ വ്യക്തതയും സമചിത്തതയും ശാന്തതയും നേടാനാകും''- അദ്ദേഹം ട്വീറ്റ് ചെയ്തു.
Two days before the IPL final, @msdhoni joined a VC for a subcommittee of the National Cadet Corps review panel. He was well prepared & made seminal, convincing points during the meeting. When I thanked him for taking time out despite the IPL pressure, he made light of it. (1/2) pic.twitter.com/tf6LwAgs3v
— anand mahindra (@anandmahindra) October 16, 2021
ഐപിഎല്ലിന്റെ തുടക്കം മുതൽ ചെന്നൈ നായകനാണ് ധോണി. ഐപിഎൽ ചരിത്രത്തിലെ ഏറ്റവും സ്ഥിരതയുള്ള ടീമാണ് നിലവിൽ ചെന്നൈ. നാലുതവണ ചാംപ്യന്മാരായ ടീം അഞ്ചു സീസണുകളിൽ റണ്ണറപ്പുമായി. നാലും മൂന്നും സ്ഥാനങ്ങളായി ക്വാളിഫയറിൽ രണ്ടു തവണയും. ക്വാളിഫയർ കടക്കാനാകാതിരുന്നത് യുഎഇയിൽ കഴിഞ്ഞ വർഷം നടന്ന പതിമൂന്നാം പതിപ്പിൽ മാത്രമാണ്. ശരാശരി താരങ്ങളുമായി ഇത്രയും മികച്ച നിലയിലുള്ള ടീം പ്രകടനത്തിൽ ധോണിയുടെ നായകത്വത്തിനും വലിയൊരു പങ്കുണ്ടെന്നത് ക്രിക്കറ്റ് വിദഗ്ധരും ആരാധകരുമെല്ലാം സമ്മതിച്ച കാര്യമാണ്.