'ഇതെന്തു ക്യാപ്റ്റൻ'; അർഷദീപ് പറഞ്ഞതു കേൾക്കാതെ രോഹിത്
|173 റൺസ് ചേസ് ചെയ്ത ശ്രീലങ്കയ്ക്ക് അവസാന ഓവറിൽ ഏഴു റൺസാണ് വേണ്ടിയിരുന്നത്
ദുബൈ: ശ്രീലങ്കയ്‌ക്കെതിരെയുള്ള നിർണായക മത്സരത്തിൽ അവസാന ഓവർ എറിഞ്ഞ അർഷദീപിന്റെ വാക്കുകൾക്ക് ചെവി കൊടുക്കാതെ ഇന്ത്യൻ നായകൻ രോഹിത് ശർമ്മ. ഓവറിനിടെ തന്ത്രങ്ങളൊരുക്കാനായി അർഷദീപ് സംസാരിക്കുന്ന വേളയിൽ രോഹിത് അതു ശ്രദ്ധിക്കാതെ തിരിഞ്ഞു നടക്കുകയായിരുന്നു. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. നായകന്‍റെ നടപടിക്കെതിരെ സമൂഹ മാധ്യമങ്ങളില്‍ വന്‍ വിമര്‍ശനങ്ങളാണ് ഉയരുന്നത്.
173 റൺസ് ചേസ് ചെയ്ത ശ്രീലങ്കയ്ക്ക് അവസാന ഓവറിൽ ഏഴു റൺസാണ് വേണ്ടിയിരുന്നത്. അര്‍ഷദീപ് എറിഞ്ഞ ആദ്യ പന്ത് ഉഗ്രനൊരു യോർക്കറായിരുന്നു. വഴങ്ങിയത് ഒരു റൺസ് മാത്രം. രണ്ടാം പന്തിലും ഒരു റൺസ്. മൂന്നാമത്തെ പന്തിൽ രണ്ടു റൺസ് നേടിയ ലങ്കയ്ക്ക് നാലാം പന്തിൽ നേടാനായത് ഒരു റൺസ്. അവസാന രണ്ടു പന്തിൽ ജയിക്കാൻ വേണ്ടത് രണ്ടു റൺസ്. വിക്കറ്റ് കീപ്പർ റിഷഭ് പന്തിന്റെയും ഫീൽഡർമാരുടെയും ജാഗ്രതക്കുറവിൽ ലങ്ക രണ്ട് റൺസ് ഓടിയെടുത്തു. വിജയവും സ്വന്തമാക്കി.
3.5 ഓവർ എറിഞ്ഞ അർഷദീപ് 40 റൺസാണ് വഴങ്ങിയത്. വിക്കറ്റൊന്നും നേടിയതുമില്ല. ഇന്ത്യയ്ക്കായി യുസ്‌വേന്ദ്ര ചഹൽ നാലോവറിൽ 34 റൺസ് വഴങ്ങി മൂന്നു വിക്കറ്റു നേടി. ഇത്രയും ഓവറിൽ 32 റൺസ് വിട്ടുകൊടുത്ത രവിചന്ദ്ര അശ്വിൻ ഒരു വിക്കറ്റു നേടി.
ആദ്യം ബാറ്റു ചെയ്ത ഇന്ത്യ എട്ടു വിക്കറ്റു നഷ്ടത്തിൽ 173 റൺസാണ് നേടിയത്. 41 പന്തിൽനിന്ന് 72 റൺസെടുത്ത രോഹിത് ശർമ്മയുടെയും 29 പന്തിൽനിന്ന് 34 റൺസെടുത്ത സൂര്യകുമാർ യാദവിന്റെയും ഇന്നിങ്‌സുകളാണ് ഇന്ത്യയ്ക്ക് കരുത്തായത്. 37 പന്തിൽനിന്ന് 57 റൺസെടുത്ത കുശൽ മെൻഡിസിന്റെയും 37 പന്തിൽനിന്ന് 52 റൺസെടുത്ത നിസ്സംഗയുടെയും ഇന്നിങ്‌സുകൾ ലങ്കൻ വിജയത്തിൽ നിർണായകമായി.
ഇന്ത്യയുടെ സാധ്യതകൾ ഇങ്ങനെ
ശ്രീലങ്കയോട് ആറു വിക്കറ്റിന് തോറ്റതിന് പിന്നാലെ ഏഷ്യാ കപ്പിൽ ഇന്ത്യയുടെ ഫൈനൽ പ്രവേശം തുലാസിലായി. ഇന്ത്യ പുറത്തായി എന്ന് പറയാനായില്ലെങ്കിലും ചില കണക്കുകളിൽ പ്രതീക്ഷക്ക് വകയുണ്ട്. അതിലൊന്നാണ് ഇന്നത്തെ മത്സരം.
ഇന്ന് നടക്കുന്ന പാകിസ്താൻ-അഫ്ഗാനിസ്ഥാൻ മത്സരം ഇന്ത്യക്ക് നിർണായകമാണ്. ഇന്ന് അഫ്ഗാനിസ്ഥാൻ പാകിസ്താനെ തോൽപിച്ചാൽ പ്രതീക്ഷ ഇന്ത്യക്കായി. പക്ഷേ, അതുമാത്രം പോര. എന്നാൽ പാകിസ്താനാണ് ജയിക്കുന്നതെങ്കിൽ ഇന്ത്യക്ക് ഒന്നും നോക്കാതെ മടങ്ങാം. അവസാന മത്സരം അഫ്ഗാനിസ്ഥാനുമായി കളിക്കാമെന്ന് മാത്രം. അതോടെ ശ്രീലങ്കയും പാകിസ്താനും രണ്ട് ജയവുമായി ഫൈനലിൽ എത്തും. അവസാന സ്ഥാനക്കാരായി അഫ്ഗാനിസ്ഥാനും ഇന്ത്യയും പുറത്തേക്കും.
അതേസമയം ഇന്ത്യയെ സംബന്ധിച്ചിടത്തോളം ഇന്നത്തെ കളിയിൽ അഫ്ഗാനിസ്ഥാൻ ജയിച്ചാൽ മാത്രം പോര. അടുത്ത കളി ഇന്ത്യക്ക് അഫ്ഗാനിസ്ഥാനെതിരെയാണ്. അതിൽ ഉയർന്ന റൺ റേറ്റോടെ ജയിക്കണം. മാത്രമല്ല, ശ്രീലങ്ക പാകിസ്താൻ മത്സരത്തിൽ ശ്രീലങ്ക ജയിക്കുകയും വേണം. അങ്ങനെ വന്നാൽ ഉയർന്ന റൺറേറ്റിന്റെ അടിസ്ഥാനത്തിൽ ഇന്ത്യക്ക് ഫൈനൽ ടിക്കറ്റ് ഉറപ്പിക്കാം. ശ്രീലങ്കയാവും ഫൈനലിലെ എതിരാളികൾ.