ബി.സി.സി.ഐയെ ഭരിക്കാൻ പുതിയ 'ബി.ജെ.പി പുത്രൻ'? ജയ് ഷായ്ക്കു പകരക്കാരനായി എത്തുമോ രോഹന് ജെയ്റ്റ്ലി?
|ജയ് ഷാ ഐ.സി.സി ചെയർമാൻ സ്ഥാനത്തേക്കു മത്സരിക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണ് പുതിയ 'പുത്രനിയമന'ത്തെ കുറിച്ചുള്ള റിപ്പോർട്ടുകൾ വരുന്നത്
ന്യൂഡൽഹി: ഇന്ത്യൻ ക്രിക്കറ്റ് ബോർഡിന്റെ തലപ്പത്തേക്ക് വീണ്ടും ബി.ജെ.പിയുടെ 'ബന്ധുനിയമന'മെന്ന് റിപ്പോര്‍ട്ട്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ മകന് ജയ് ഷായ്ക്കു പകരക്കാരനായാണു പുതിയയാള്‍ എത്തുന്നത്. കേന്ദ്ര ധനമന്ത്രിയും തലമുതിർന്ന ബി.ജെ.പി നേതാവുമായിരുന്ന അന്തരിച്ച അരുൺ ജെയ്റ്റ്ലിയുടെ മകൻ രോഹൻ ജെയ്റ്റ്ലി പുതിയ ബി.സി.സി.ഐ സെക്രട്ടറിയായി സ്ഥാനത്തെത്തുമെന്നാണു വിവരം. ഹിന്ദി മാധ്യമമായ 'ദൈനിക് ഭാസ്കർ' ആണ് ബോർഡ് വൃത്തങ്ങളെ ഉദ്ധരിച്ചു വിവരം പുറത്തുവിട്ടിരിക്കുന്നത്.
ജയ് ഷാ രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ(ഐ.സി.സി) ചെയർമാനായേക്കുമെന്ന റിപ്പോർട്ടുകൾക്കിടെയാണു പകരക്കാരൻ ആരാകുമെന്ന ചർച്ചകൾ പുരോഗമിക്കുന്നത്. നിലവിലെ ഐ.സി.സി ചെയർമാൻ ന്യൂസിലൻഡുകാരനായ ഗ്രെഗ് ബാർക്ലേയുടെ കാലാവധി 2024 നവംബർ 30ന് അവസാനിക്കാനിരിക്കുകയാണ്. ഐ.സി.സി തലപ്പത്ത് രണ്ടാമൂഴമാണിത് ബാർക്ലേയ്ക്ക്. ഇനിയും പദവിയിൽ തുടരാൻ താൽപര്യമില്ലെന്നു കഴിഞ്ഞ ദിവസം അദ്ദേഹം വ്യക്തമാക്കിയിരുന്നു.
ഇതിനു പിന്നാലെയാണ് ജയ് ഷാ ഐ.സി.സി നേതൃത്വം ഏറ്റെടുത്തേക്കുമെന്ന് റിപ്പോർട്ടുകൾ പുറത്തുവന്നത്. ഇതേക്കുറിച്ച് ഇതുവരെയും ഔദ്യോഗിക സ്ഥിരീകരണമൊന്നും വന്നിട്ടില്ല. എന്നാൽ, പുതിയ സെക്രട്ടറിക്കായുള്ള ചർച്ചകൾ പുരോഗമിക്കുന്നത് ഇത്തരമൊരു നീക്കത്തിന്റെ തെളിവായാണു വിലയിരുത്തപ്പെടുന്നത്. എന്തായാലും, ജയ് ഷാ മത്സരിക്കുമോ എന്ന കാര്യം നാളെത്തോടെ തീരുമാനമാകും. ആഗസ്റ്റ് 27 ആണ് ഐ.സി.സി ചെയർമാൻ തെരഞ്ഞെടുപ്പിൽ നാമനിർദേശപത്രിക സമർപ്പിക്കാനുള്ള അവസാന തിയതി.
ജയ് ഷാ ഐ.സി.സിയിലേക്കു മാറിയാൽ ബി.സി.സി.ഐയിൽ പകരക്കാരനെ കണ്ടെത്തേണ്ടതുണ്ട്. ഇതിലേക്കാണ് അരുൺ ജെയ്റ്റ്ലിയുടെ മകന്റെ പേര് ഉയർന്നുകേൾക്കുന്നത്. രോഹൻ ജെയ്റ്റ്ലിയുടെ കാര്യത്തിൽ ഏറെക്കുറെ ധാരണയായതായി 'ഹിന്ദുസ്ഥാൻ ടൈംസ്' റിപ്പോർട്ട് ചെയ്യുന്നു. നിലവിൽ ഡൽഹി ആൻഡ് ഡിസ്ട്രിക്ട് ക്രിക്കറ്റ് അസോസിയേഷൻ(ഡി.ഡി.സി.എ) അധ്യക്ഷനാണ് രോഹൻ ജെയ്റ്റ്ലി. ഡൽഹി ക്രിക്കറ്റ് അസോസിയേഷനെ നയിച്ചുള്ള പാരമ്പര്യം അരുൺ ജെയ്റ്റ്ലിക്കുമുണ്ട്. ഇതിനുള്ള ആദരമായി കൂടിയാണ് ഡൽഹിയിലെ ചരിത്രപ്രസിദ്ധമായ ഫിറോസ് ഷാ കോട്ല സ്റ്റേഡിയത്തിന്റെ പേരുമാറ്റി ജെയ്റ്റിലുടെ പേരുനൽകിയത്.
അതേസമയം, സെക്രട്ടറി സ്ഥാനത്തേക്ക് വേറെയും പേരുകൾ ഉയരുന്നുണ്ട്. കോൺഗ്രസ് രാജ്യസഭാ അംഗവും മുൻ ഐ.പി.എൽ ചെയർമാനുമായ രാജീവ് ശുക്ല, മഹാരാഷ്ട്ര നിയമസഭാ അംഗവും ബി.ജെ.പി നേതാവുമായ ആശിഷ് ഷെലാർ, മുൻ ഐ.പി.എൽ ചെയർമാൻ അരുൺ ധുമാൽ എന്നിവരാണ് ഇതിൽ പ്രമുഖർ. ബംഗാൾ ക്രിക്കറ്റ് അസോസിയേഷൻ മുൻ പ്രസിഡന്റ് അഭിഷേക് ഡാൽമിയ പുതിയ സെക്രട്ടറിയാകുമെന്നും ചില ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. വർഷങ്ങളോളം ഇന്ത്യൻ ക്രിക്കറ്റിനെ അടക്കിവാണിരുന്ന മുൻ ബി.സി.സി.ഐ അധ്യക്ഷൻ ജഗ്മോഹൻ ഡാൽമിയയുടെ മകൻ കൂടിയാണ് അഭിഷേക്. പഞ്ചാബ് ക്രിക്കറ്റ് ബോർഡിലെ ദിൽഷേർ ഖന്ന, ഗോവയിലെ വിപുൽ ഫാഡ്കെ, ചത്തിസ്ഗഢിലെ പ്രഭ്തേജ് ഭാട്ടിയ എന്നിങ്ങനെ വേറെയും പോകുന്നു പേരുകൾ.
ഏതായാലും, ജയ് ഷായുടെ മാറ്റത്തിനനുസരിച്ചാകും ബി.സി.സി.ഐയിലെ കാര്യങ്ങൾ തീരുമാനിക്കുക. തെരഞ്ഞെടുപ്പിൽ വിജയം നേടാനായാൽ ഐ.സി.സി അധ്യക്ഷനാകുന്ന ഏറ്റവും പ്രായംകുറഞ്ഞയാളാകും 35കാരനായ ജയ് ഷാ. ഈ പദവിയിലെത്തുന്ന അഞ്ചാമത്തെ ഇന്ത്യക്കാരനുമാകും. ഇതിനുമുൻപ് ജഗ്മോഹൻ ഡാൽമിയയും എൻ.സി.പി തലവൻ ശരത് പവാറും ഇന്ത്യ സിമന്റ്സ് മാനേജിങ് ഡയരക്ടറും മുൻ ബി.സി.സി.ഐ അധ്യക്ഷനുമായ എൻ. ശ്രീനിവാസൻ, മുതിർന്ന അഭിഭാഷകനും മുൻ ബി.സി.സി.ഐ അധ്യക്ഷനുമായ ശശാങ്ക് മനോഹർ എന്നിവരാണ് ഇതിനുമുൻപ് ഐ.സി.സി തലപ്പത്തിരുന്ന ഇന്ത്യക്കാർ.
Summary: Late BJP leader Arun Jaitley's son Rohan Jaitley set to become new BCCI secretary if Jay Shah is elected as ICC chairman: Report