ആധികാരികം ഓസീസ്; ലങ്കയ്ക്കെതിരെ അഞ്ചു വിക്കറ്റ് ജയം
|നാലു വിക്കറ്റുമായി ആദം സാംപയാണ് ലങ്കയെ ചെറിയ സ്കോറിലൊതുക്കാൻ മുന്നിൽനിന്നത്. മറുപടി ബാറ്റിങ്ങിൽ ഓപണർ മിച്ചൽ മാർഷും(52) ജോഷ് ഇംഗ്ലിസും(58) ഓസീസ് വിജയം അനായാസമാക്കുകയും ചെയ്തു
ലഖ്നൗ: ശ്രീലങ്കയ്ക്കെതിരെ ആധികാരിക ജയവുമായി സെമി പ്രതീക്ഷകൾ സജീവമാക്കി ആസ്ത്രേലിയ. ആദ്യം ബാറ്റ് ചെയ്ത ലങ്കയെ 209 റൺസിൽ ചുരുട്ടിക്കെട്ടിയ ശേഷം 14.4 ഓവർ ബാക്കിനിൽക്കെ അഞ്ചു വിക്കറ്റിനാണ് ഓസീസ് വിജയം. നാലു വിക്കറ്റുമായി ആദം സാംപയാണ് ശ്രീലങ്കയെ ചെറിയ സ്കോറിലൊതുക്കാൻ മുന്നിൽനിന്നത്. മറുപടി ബാറ്റിങ്ങിൽ ഓപണർ മിച്ചൽ മാർഷും(52) ജോഷ് ഇംഗ്ലിസും(58) ഓസീസ് വിജയം അനായാസമാക്കുകയും ചെയ്തു.
209 എന്ന ചെറിയ ലക്ഷ്യം കങ്കാരുക്കൾക്കൊരു വെല്ലുവിളിയായിരുന്നില്ല. ലോകകപ്പിൽ ആദ്യമായി മിച്ചൽ മാർഷൽ സംഹാരരൂപം പ്രാപിക്കുക കൂടി ചെയ്തതോടെ ചേസിങ് എത്ര വേഗത്തിൽ തീരുമെന്നായിരുന്നു ആരാധാകർ നോക്കിയത്. മതീഷ പതിരാനയ്ക്കു പകരമെത്തിയ തിൽഷൻ മധുഷങ്കയുടെ മികച്ച പ്രകടനവും മധ്യ ഓവറുകളിൽ ദുനിത് വെല്ലാലഗെയുടെ സ്പിൻ പരീക്ഷണവും ഇല്ലായിരുന്നെങ്കിൽ ഇതിലും എത്രയോ മുൻപ് ഓസീസ് ലക്ഷ്യം പൂർത്തിയാക്കുമായിരുന്നു.
നാലാം ഓവറിൽ ഡേവിഡ് വാർണറെയും(11) സ്റ്റീവ് സ്മിത്തിനെയും(പൂജ്യം) വിക്കറ്റിനു മുന്നിൽ കുരുക്കിയത് ആസ്ത്രേലിയയെ ശരിക്കും ഞെട്ടിച്ചു. എന്നാൽ, പിന്നീട് മാർനസ് ലബുഷൈനെ കാഴ്ചക്കാരനാക്കി മാർഷ് ആദ്യം ആക്രമിച്ചുകളിച്ചു. അർധസെഞ്ച്വറിക്കു പിന്നാലെ മാർഷ്(52) വീണെങ്കിലും ലബുഷൈനും അഞ്ചാമനായെത്തിയ ജോഷ് ഇംഗ്ലിസും ലങ്കയെ മത്സരത്തിലേക്കു തിരിച്ചുവരാൻ അനുവദിച്ചില്ല.
ഒരു വശത്ത് ലബുഷൈൻ നങ്കൂരമിട്ടു കളിച്ചപ്പോൾ മറുവശത്ത് സ്വതസിദ്ധമായ ശൈലിയിൽ ആക്രമിച്ചു കളിച്ചു. ഇടയ്ക്ക് ലബുഷൈനെ(40) കൂടി വീഴ്ത്തി മധുഷങ്ക മൂന്നാം വിക്കറ്റും സ്വന്തമാക്കി. പിന്നാലെ ഇംഗ്ലിസ് അർധസെഞ്ച്വറി പിന്നിട്ടു. ആറാമനായെത്തിയ ഗ്ലെൻ മാക്സ്വെൽ വെടിക്കെട്ട് ബാറ്റിങ്ങുമായി വിജയം അതിവേഗത്തിലാക്കാനുള്ള ശ്രമത്തിലായിരുന്നു. ഇടയ്ക്ക് വെല്ലാലഗെ ഇംഗ്ലിസിനെ(58) പുറത്താക്കിയെങ്കിലും മാക്സ്വെല്ലും(21 പന്തിൽ 31) മാർക്കസ് സ്റ്റോയ്നിസും(10 പന്തിൽ 20) ദൗത്യം പൂർത്തിയാക്കി.
ദാസുൻ ഷനകയുടെ അഭാവത്തിൽ കുശാൽ മെൻഡിസാണ് ഇന്ന് ലങ്കൻ സംഘത്തെ നയിച്ചത്. ക്യാപ്റ്റനായുള്ള ആദ്യ ലോകകപ്പ് മത്സരത്തിൽ തന്നെ ടോസ് ഭാഗ്യം തുണച്ചപ്പോൾ ബാറ്റ് ചെയ്യാൻ തീരുമാനിക്കുകയായിരന്നു മെൻഡിസ്. തീരുമാനം ശരിവയ്ക്കുന്ന തരത്തിലായിരുന്നു ടീമിന്റെ തുടക്കവും. പാത്തും നിസ്സങ്കയും(61) കുശാൽ പെരേരയും(78) ചേർന്ന് ഓപണിങ് കൂട്ടുകെട്ടിൽ ടീമിനെ മികച്ച സ്കോറിലേക്കു നയിച്ചെങ്കിലും ഇടയ്ക്കു വന്ന മഴ ശരിക്കും വില്ലനായി. മഴയ്ക്കുശേഷം ഓസീസ് നായകൻ പാറ്റ് കമ്മിൻസ് രണ്ട് ഓപണർമാരെയും തിരിച്ചയച്ചു. പിന്നീട് നായകൻ ബാറ്റൺ സാംപയ്ക്ക് കൈമാറുകയായിരുന്നു. ഓരോന്നോരോന്നായി ലങ്കൻ വിക്കറ്റുകൾ തുരുതുരാ വീണുകൊണ്ടിരുന്നു. ചാരിത് അസലങ്കയ്ക്കു മാത്രമാണ് പിന്നീട് രണ്ടക്കം കാണാനായതെന്നതു തന്നെ ശ്രീലങ്കൻ ഇന്നിങ്സിന്റെ ദുരന്തത്തിന്റെ വ്യാപ്തി വിളിച്ചുപറയുന്നതാണ്.
നാലു വിക്കറ്റ് നേട്ടത്തിനപ്പുറം സാംപ ഫോമിലേക്കു തിരിച്ചെത്തിയതാകും ആസ്ത്രേലിയ ഇന്ന് ആശ്വസിക്കുന്നത്. പാറ്റ് കമ്മിൻസിനു പുറമെ മിച്ചൽ സ്റ്റാർക്കിനും രണ്ടു വിക്കറ്റ് ലഭിച്ചു. മാക്സ്വെൽ ഒരു വിക്കറ്റും നേടി.
Summary: Australia vs Sri Lanka, Cricket World Cup 2023