Cricket
നാനൂറിന്റെ നിറവിൽ ലിയോൺ; ആഷസിൽ ഓസീസ് വിജയഗാഥ
Cricket

നാനൂറിന്റെ നിറവിൽ ലിയോൺ; ആഷസിൽ ഓസീസ് വിജയഗാഥ

Web Desk
|
11 Dec 2021 5:01 AM GMT

രണ്ടാം ഇന്നിങ്‌സിൽ ജയിക്കാൻ വേണ്ടിയിരുന്ന 20 റൺസ് ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഓസീസ് അടിച്ചെടുക്കുകയായിരുന്നു.

ബ്രിസ്‌ബെയ്ൻ: ആഷസ് ടെസ്റ്റ് പരമ്പരയിലെ ആദ്യ പോരാട്ടത്തിൽ ഇംഗ്ലണ്ടിനെ ഒമ്പതു വിക്കറ്റിന് കീഴ്‌പ്പെടുത്തി ഓസീസ്. രണ്ടാം ഇന്നിങ്‌സിൽ ജയിക്കാൻ വേണ്ടിയിരുന്ന 20 റൺസ് ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഓസീസ് അടിച്ചെടുക്കുകയായിരുന്നു. സ്‌കോർ: ഇംഗ്ലണ്ട് 147, 297. ആസ്‌ത്രേലിയ 425, 20/1.

രണ്ടാം ഇന്നിങ്‌സിൽ ഓസീസിനായി നാലു വിക്കറ്റു വീഴ്ത്തിയ നഥാൻ ലിയോൺ രാജ്യത്തിനായി 400 വിക്കറ്റു വീഴ്ത്തുന്ന മൂന്നാമത്തെ ബൗളറായി. 34 ഓവറിൽ 91 റൺസ് വഴങ്ങിയാണ് ലിയോൺ നാലു വിക്കറ്റ് വീഴ്ത്തിയത്. ആദ്യ ഇന്നിങ്‌സിൽ 152 റൺസ് നേടിയ ട്രാവിസ് ഹെഡാണ് മാൻ ഓഫ് ദ മാച്ച്.

ഒന്നാം ഇന്നിങ്സിൽ ഹെഡിന്റൈ സെഞ്ച്വറിയുടെ ബലത്തിൽ ഓസീസ് 425 റൺസാണ് അടിച്ചുകൂട്ടിയത്. ഓപണർ ഡേവിഡ് വാർണർ 94 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ടിന് 147 റൺസെടുക്കാൻ മാത്രമേ ആയുള്ള. അഞ്ചു വിക്കറ്റ് നേടിയ പാറ്റ് കമ്മിൻസാണ് ഇംഗ്ലീഷ് ബാറ്റിങ് നിരയുടെ നട്ടെല്ലൊടിച്ചത്. ഒരു ഇംഗ്ലീഷ് ബാറ്റ്‌സ്മാന്മാർക്കും അർധ സെഞ്ച്വറി കണ്ടെത്താനായില്ല. 39 റൺസെടുത്ത ജോസ് ബട്‌ലറായിരുന്നു ടോപ് സ്‌കോറർ. രണ്ടാം ഇന്നിങ്‌സിൽ 297 റൺസ് മാത്രമാണ് ഇംഗ്ലണ്ടിന് നേടാനായത്. 89 റൺസെടുത്ത ക്യാപ്റ്റൻ ജോ റൂട്ടായിരുന്നു ടോപ് സ്‌കോറർ. ഡേവിഡ് മലാൻ 82 റൺസെടുത്തു. ബാക്കിയുള്ള ബാറ്റ്‌സ്മാന്മാർക്കൊന്നും കാര്യമായ സംഭാവന നൽകാനായില്ല.

20 റൺസിന്റെ വിജയ ലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ ആസ്‌ത്രേലിയക്ക് കാര്യമായി ഒന്നും ചെയ്യാനില്ലായിരുന്നു. ഒമ്പത് റൺസെടുത്ത അലക്‌സ് കാരിയാണ് പുറത്തായ ഏക ബാറ്റ്‌സ്മാൻ. മാർക്കസ് ഹാരിസ (9), ലബുഷഗ്നെ (0) എന്നിവർ പുറത്താകാതെ നിന്നു. അതിനിടെ കളിക്കിടെ പരിക്കേറ്റ ഡേവിഡ് വാര്‍ണറുടെ സേവനം രണ്ടാം ടെസ്റ്റില്‍ ഓസീസിന് ലഭിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ടുണ്ട്.

Related Tags :
Similar Posts