Cricket
അംപയർക്കെതിരെ അശ്ലീല പരാമർശം; ഓസീസ് നായകൻ ഫിഞ്ചിന് താക്കീത്
Cricket

അംപയർക്കെതിരെ അശ്ലീല പരാമർശം; ഓസീസ് നായകൻ ഫിഞ്ചിന് താക്കീത്

Web Desk
|
11 Oct 2022 4:16 AM GMT

പെർത്തിൽ നടന്ന ആദ്യ ടി20യിൽ ഒൻപതാം ഓവറിലാണ് ആരോൺ ഫിഞ്ച് നിയന്ത്രണംവിട്ട് അംപയർമാരോട് കയർത്തത്

സിഡ്‌നി: അംപയർക്കുനേരെ അശ്ലീല പരാമർശം നടത്തിയ സംഭവത്തിൽ ആസ്‌ട്രേലിയൻ നായകൻ ആരോൺ ഫിഞ്ചിന് ഐ.സി.സിയുടെ താക്കീത്. ഞായറാഴ്ച ഇംഗ്ലണ്ടിനെതിരെ നടന്ന ടി20 മത്സരത്തിനിടെയായിരുന്നു ഫിഞ്ച് പരസ്യമായി അശ്ലീല പരാമർശം നടത്തിയത്.

പെർത്തിൽ നടന്ന ആദ്യ ടി20യിൽ ഒൻപതാം ഓവറിലാണ് ഓസീസ് നായകനു നിയന്ത്രണം നഷ്ടപ്പെട്ടത്. ഇംഗ്ലീഷ് നായകൻ ജോസ് ബട്‌ലറും അലെക്‌സ് ഹെയിൽസുമായിരുന്നു ഈ സമയത്ത് ക്രീസിലുണ്ടായിരുന്നത്. കാമറോൺ ഗ്രീൻ എറിഞ്ഞ നാലാമത്തെ പന്തിൽ ബട്‌ലർ അപ്പർ കട്ടിന് ശ്രമിച്ചെങ്കിലും പന്ത് വിക്കറ്റ് കീപ്പർ മാത്യു വെയ്ഡിന്റെ കൈയിലൊതുങ്ങി. ബാറ്റിൽ ടച്ചുണ്ടെന്ന് ചൂണ്ടിക്കാട്ടി വെയ്ഡ് അപ്പീൽ ചെയ്‌തെങ്കിലും അംപയർ ഔട്ട് നൽകിയില്ല.

റിവ്യൂ എടുക്കാനായി ഫിഞ്ച് എന്താണ് സംഭവിച്ചതെന്ന് അംപയർമാരോട് സംശയം ചോദിച്ചെങ്കിലും മറുപടി ലഭിച്ചില്ല. ഇതോടെയാണ് ഫിഞ്ച് നിയന്ത്രണം വിട്ട് അംപയർമാരോട് കയർത്തത്. റിവ്യൂ സമയമായ 15 സെക്കൻഡിനു മുൻപെങ്കിലും അറിയാനാകുമോ എന്നായിരുന്നു ദേഷ്യപ്പെട്ട് ഫിഞ്ചിന്റെ ചോദ്യം. ഇതിനിടെയായിരുന്നു അശ്ലീലപരാമർശം.

പരാമർശം സ്റ്റംപ് മൈക്ക് പിടിച്ചെടുത്തു. ഇത് പുറത്തെത്തിയതോടെ വലിയ വിവാദവുമായി. തുടർന്നാണ് ഐ.സി.സി പെരുമാറ്റച്ചട്ടം ലംഘിച്ചെന്ന് ചൂണ്ടിക്കാട്ടി അംപയർമാർ താരത്തെ താക്കീത് ചെയ്തത്. 24 മാസത്തിനിടെ ആദ്യത്തെ ചട്ടലംഘനമായതുകൊണ്ട് പിഴയിൽനിന്ന് രക്ഷപ്പെട്ടു. താക്കീത് ഫിഞ്ച് അംഗീകരിച്ചതിനാൽ മറ്റു നിയമനടപടികളുണ്ടാകില്ല.

മത്സരത്തിൽ ഇംഗ്ലണ്ട് എട്ടു റൺസിന് ജയിച്ചിരുന്നു. ആദ്യം ബാറ്റ് ചെയ്ത ഇംഗ്ലീഷ് പട നായകൻ ജോസ് ബട്‌ലറി(68)ന്റെയും ഓപണർ അലെക്‌സ് ഹെയിൽസി(84)ന്റെയും അർധസെഞ്ച്വറി കരുത്തിൽ 208 എന്ന കൂറ്റൻ വിജയലക്ഷ്യമാണ് ആതിഥേയർക്കുമുന്നിൽ ഉയർത്തിയത്. എന്നാൽ, മറുപടി ബാറ്റിങ്ങിൽ ഡെവിഡ് വാർണർ(73) നടത്തിയ വെടിക്കെട്ട് ബാറ്റിങ്ങിൽ വിജയലക്ഷ്യത്തിന് എട്ടു റൺസകലെ കങ്കാരുക്കൾ വീഴുകയായിരുന്നു. ഓസീസ് ബൗളർമാരിൽ നഥാൻ എല്ലിസും ഇംഗ്ലീഷ് സംഘത്തിൽ മാർക്ക് വുഡും മൂന്നു വിക്കറ്റ് വീതം സ്വന്തമാക്കി.

Summary: Australian captain Aaron Finch reprimanded for on-field 'audible obscenity' during the first T20I against England in Perth

Similar Posts