Cricket
ഷൂവിൽ ബിയർ ഒഴിച്ചുകുടിച്ച് ഫിഞ്ചും സംഘവും; ഇതെവിടുത്തെ ആഘോഷമെന്ന് സോഷ്യൽ മീഡിയ
Cricket

ഷൂവിൽ ബിയർ ഒഴിച്ചുകുടിച്ച് ഫിഞ്ചും സംഘവും; ഇതെവിടുത്തെ ആഘോഷമെന്ന് സോഷ്യൽ മീഡിയ

Web Desk
|
15 Nov 2021 12:40 PM GMT

മത്സരശേഷം ഡ്രസിങ് റൂമിലായിരുന്നു നായകൻ ആരോൺ ഫിഞ്ച് വിചിത്രകരമായ ആഘോഷത്തിന് നേതൃത്വം കൊടുത്തത്

ലോകക്രിക്കറ്റിലെ അതികായന്മാരാണ് ആസ്‌ട്രേലിയ. കുട്ടിക്രിക്കറ്റിലെ ലോകകിരീടം എന്നൊരു കുറവു മാത്രമായിരുന്നു അവർക്ക് ബാക്കിയുണ്ടായിരുന്നത്. ആ കുറവും ഇന്നലെ ദുബൈ രാജ്യാന്തര സ്‌റ്റേഡിയത്തിൽ തീർത്തിരിക്കുകയാണ് കങ്കാരുപ്പട. എന്നാൽ, മത്സരശേഷമുള്ള ടീമംഗങ്ങളുടെ ആഹ്ലാദപ്രകടനം കണ്ട് അതിശയപ്പെടുകയാണിപ്പോള്‍ ആരാധകർ.

സ്വന്തം ഷൂവിൽ ബിയർ ഒഴിച്ചുകുടിച്ചാണ് ഓസീസ് താരങ്ങൾ കന്നിക്കിരീടം ആഘോഷമാക്കിയത്. മത്സരശേഷം ഡ്രസിങ് റൂമിലായിരുന്നു നായകൻ ആരോൺ ഫിഞ്ച് കൗതുകകരമായ ആഘോഷത്തിന് നേതൃത്വം കൊടുത്തത്. സെമിയിൽ പാകിസ്താനെതിരെ വിജയനായകനായ വിക്കറ്റ് കീപ്പർ ബാറ്റ്‌സ്മാൻ മാത്യു വെയ്ഡാണ് 'ഷൂ ബിയർ' കലാപരിപാടിക്ക് തുടക്കമിട്ടത്. ഇതുകണ്ട ഓൾറൗണ്ടർ മാർക്കസ് സ്‌റ്റോയ്‌നിസും മടിച്ചുനിന്നില്ല.

വെയ്ഡിൽനിന്ന് ഷൂ വാങ്ങി അതിൽ ബിയർ ഒഴിച്ച് മോന്തിക്കുടിച്ചു സ്റ്റോയ്നിസ്. ഇതെല്ലാം കണ്ടുനിന്ന ഫിഞ്ചും ഒപ്പംകൂടി. തുടർന്നും പാട്ടും നൃത്തവുമായി ഡ്രെസിങ് റൂമിൽ തകർത്താടുകയായിരുന്നു ഓസീസ് സംഘം. സ്‌റ്റേഡിയത്തിൽനിന്ന് ഹോട്ടലിലേക്ക് മടങ്ങുംവഴി ബാൻഡ് വാദ്യങ്ങളുമായി സ്വീകരിച്ച കലാകാരന്മാർക്കൊപ്പവും എല്ലാവരും കൂടി ചുവടുവച്ചു.

ഓസീസ് താരങ്ങളുടെ വിചിത്ര ആഘോഷം കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യൽ മീഡിയ. പലരും ആദ്യമായാണ് ഇത്തരമൊരു ആഹ്ലാദപ്രകടനം കാണുന്നത്. ഇതെവിടുത്തെ കലാപരിപാടിയാണെന്നാണ് പലരും മൂക്കത്ത് വിരൽവച്ച് ചോദിക്കുന്നത്.

ആസ്‌ട്രേലിയൻ ഫോർമുല വൺ ഡ്രൈവർ ഡാനിയൽ റിക്കിയാർഡോ ആണ് 'ഷൂ ബിയർ' ആഘോഷത്തിന് തുടക്കമിടുന്നത്. 2016ൽ ജർമൻ ഗ്രാൻഡ് പ്രീ വേദിയിലായിരുന്നു താരത്തിന്റെ വേറിട്ട ആഘോഷം. ഇതു പിന്നീട് അന്താരാഷ്ട്രതലത്തിൽ തന്നെ പ്രചാരം നേടി. ഷൂവിൽ ബിയറും ഷാംപെയിനും ഒഴിച്ചുകുടിക്കുന്ന ഈ കലാപരിപാടി ലൂയിസ് ഹാമിൽട്ടൻ അടക്കമുള്ളവർ അനുകരിച്ചിട്ടുണ്ട്.

ഇന്നലെ നടന്ന കലാശപ്പോരാട്ടത്തിൽ എട്ടുവിക്കറ്റിനാണ് ആസ്‌ട്രേലിയ ന്യൂസിലൻഡിനെ തകർത്തത്. ടോസ് നഷ്ടമായി ബാറ്റിങ്ങിനിറങ്ങിയ കിവി സംഘം നായകൻ കെയിൻ വില്യംസന്റെ മികച്ച ബാറ്റിങ് പ്രകടനത്തിന്റെ(48 പന്തിൽ 85) കരുത്തിൽ 172 റൺസാണ് അടിച്ചെടുത്തത്. എന്നാൽ, മറുപടി ബാറ്റിങ്ങിൽ വെറും രണ്ട് വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഏഴ് പന്തു ബാക്കിനിൽക്കെ തന്നെ കങ്കാരുപ്പട ലക്ഷ്യംകണ്ടു. തകർത്തടിച്ച മിച്ചൽ മാർഷലും(50 പന്തിൽ 77) ഓപണർ ഡെവിഡ് വാർണറു(38 പന്തിൽ 53)മാണ് ഓസീസ് സംഘത്തിന് കന്നി ടി20 ലോകകിരീടം നേടിക്കൊടുത്തത്.

Summary: Australian Cricketers drink beer from shoe after winning T20 World Cup

Similar Posts