Cricket
എന്തൊരു സിക്‌സർ; സ്‌റ്റേഡിയത്തിലെ കിച്ചണിലേക്ക് പന്തടിച്ചു പറത്തി ബാബർ അസം
Cricket

എന്തൊരു സിക്‌സർ; സ്‌റ്റേഡിയത്തിലെ കിച്ചണിലേക്ക് പന്തടിച്ചു പറത്തി ബാബർ അസം

Web Desk
|
2 April 2022 7:25 AM GMT

ഏകദിന ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും വലിയ റൺ ചേസിങ് ജയമാണ് പാകിസ്താൻ ഓസീസിനെതിരെ നേടിയത്

ലാഹോർ: ആസ്‌ത്രേലിയക്കെതിരെയുള്ള രണ്ടാം ഏകദിനത്തിൽ ഗദ്ദാഫി സ്‌റ്റേഡിയത്തിലെ കിച്ചണിലേക്ക് പന്തടിച്ചു പറത്തി പാക് ക്യാപ്റ്റൻ ബാബർ അസം. പാക് ഇന്നിങ്‌സിന്റെ മുപ്പതാം ഓവറിലാണ് സ്പിന്നർ ആദം സാംബയെ സ്വീപ്പ് ചെയ്ത അസം സിക്‌സർ നേടിയത്. ബൗണ്ടറി വാളിന് അപ്പുറം സ്ഥാപിച്ചിരുന്ന കിച്ചൺ ഉത്പന്നങ്ങളുടെ ഷോക്കേസിലേക്കാണ് പന്തു കയറിയത്. ഗോസ് ആൾ ദ വേ ഇൻടു... ദ കിച്ചൻ എന്നായിരുന്നു കമന്ററി.



മത്സരത്തില്‍ ഏകദിന ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും വലിയ റൺ ചേസിങ് ജയമാണ് പാകിസ്താൻ നേടിയത്. കങ്കാരുക്കൾ മുമ്പോട്ടുവച്ച 349 റൺസ് എന്ന വിജയലക്ഷ്യം ആറു പന്ത് റൺസ് ബാക്കി നിൽക്കെ പാകിസ്താൻ മറികടക്കുകയായിരുന്നു. 83 പന്തിൽ നിന്ന് 114 റൺസ് നേടിയ ബാബറും 97 പന്തിൽനിന്ന് 106 റൺസ് നേടിയ ഇമാമുൽ ഹഖുമാണ് പാക് ഇന്നിങ്‌സിന്റെ നെടുന്തൂണായത്. ഫഖർ സമാൻ 67 പന്തിൽ നിന്ന് 67 റൺസ് നേടി.

104 റൺസ് നേടിയ ബെൻ മക്‌ഡെർമോട്ടിന്റെയും 89 റൺസ് നേടിയ ട്രവിസ് ഹെഡിന്റെയും ബാറ്റിങ് കരുത്തിലാണ് ആസ്‌ത്രേലിയ എട്ടു വിക്കറ്റ് നഷ്ടത്തിൽ 348 റൺസ് അടിച്ചുകൂട്ടിയിരുന്നത്. വിജയത്തോടെ മൂന്ന് ഏകദിനങ്ങൾ അടങ്ങുന്ന പരമ്പരയിൽ ഇരുടീമുകളും 1-1ന് തുല്യത കൈവരിച്ചു. ശനിയാഴ്ചയാണ് അവസാന ഏകദിനം.

Similar Posts