ടി 20 ലോകകപ്പ് ഇന്ത്യയിൽ നടക്കുമോ? പ്രത്യേക പൊതുയോഗം വിളിച്ച് ബി.സി.സി.ഐ
|കരുതല്‍ വേദിയായി പ്രഖ്യാപിച്ച യു.എ.ഇയിലേക്ക് ലോകകപ്പ് മാറ്റിയേക്കുമെന്ന് അഭ്യൂഹങ്ങൾ പുറത്ത് വരുന്ന സാഹചര്യത്തിൽ കൂടിയാണ് ബി.സി.സി.ഐയുടെ ഈ മീറ്റിംഗ്
കോവിഡ് പശ്ചാത്തലത്തിൽ വരുന്ന ക്രിക്കറ്റ് സീസണെ സംബന്ധിച്ച് ചർച്ച നടത്താൻ പൊതുയോഗം വിളിച്ച് ബി.സി.സി.ഐ. മേയ് 29ന് വിര്‍ച്വലായാണ് സ്പെഷ്യല്‍ ജനറല്‍ ബോഡി യോഗം കൂടുവാന്‍ തീരുമാനിച്ചിരിക്കുന്നത്. ജയ് ഷാ സംസ്ഥാന അസോസ്സിയേഷനുകള്‍ക്ക് ഇത് സംബന്ധിച്ച നിർദേശം കൈമാറി.
ഒക്ടോബര്‍ – നവംബര്‍ മാസത്തില്‍ നടക്കുന്ന ടി20 ലോകകപ്പ് സംബന്ധിച്ച ചര്‍ച്ചകളും ഈ മീറ്റിംഗില്‍ നടക്കുമെന്നാണ് പുറത്തുവരുന്ന വിവരം. കരുതല്‍ വേദിയായി പ്രഖ്യാപിച്ച യു.എ.ഇയിലേക്ക് ലോകകപ്പ് മാറ്റിയേക്കുമെന്ന് അഭ്യൂഹങ്ങൾ പുറത്ത് വരുന്ന സാഹചര്യത്തിൽ കൂടിയാണ് ബി.സി.സി.ഐയുടെ ഈ മീറ്റിംഗ് എന്നതും ക്രിക്കറ്റ് ലോകത്തെ ശ്രദ്ധയാകർഷിക്കുന്നുണ്ട്.
ജൂണ്‍ ഒന്നിന് ഐ.സി.സിയുടെ മീറ്റിങ്ങുണ്ട്. അതിന് മുന്നോടിയായാണ് ഈ മാസം 29ന് ബി.സി.സി.ഐ യോഗം ചേര്‍ന്ന് കോവിഡ് സാഹചര്യം പരിശോധിക്കുകയും, ടി20 ലോകകപ്പ് ഇന്ത്യയില്‍ നടത്താന്‍ എന്തൊക്കെ ചെയ്യാനാവുമെന്നതിനെക്കുറിച്ച് ചര്‍ച്ച ചെയ്യുകയും ചെയ്യുക.
ഒക്ടോബറിലും നവംബറിലുമായി ലോകകപ്പ് നടത്താനാണ് പദ്ധതിയുള്ളത്'- ബി.സി.സി.ഐ വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്‍സൈഡ്‌സ്പോര്‍ട്ട് റിപ്പോര്‍ട്ട് ചെയ്യുന്നു.