Cricket
അപ്രതീക്ഷിതം! ഏകദിനം മതിയാക്കി ബെൻ സ്റ്റോക്‌സ്
Cricket

അപ്രതീക്ഷിതം! ഏകദിനം മതിയാക്കി ബെൻ സ്റ്റോക്‌സ്

Web Desk
|
18 July 2022 1:09 PM GMT

മൂന്നു ഫോർമാറ്റുകളിലും കളി തുടരുന്നത് താങ്ങാനാകില്ലെന്നാണ് വിരമിക്കൽ പ്രഖ്യാപനത്തിൽ സൂചിപ്പിച്ചിരിക്കുന്നത്

ലണ്ടൻ: ഇംഗ്ലണ്ടിന്റെ ഇതിഹാസ ഓൾറൗണ്ട് ക്രിക്കറ്റർ ബെൻ സ്റ്റോക്‌സ് അന്താരാഷ്ട്ര ഏകദിന ക്രിക്കറ്റിൽനിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. സോഷ്യൽ മീഡിയയിലൂടെയാണ് താരം പ്രഖ്യാപനം നടത്തിയത്. ചൊവ്വാഴ്ച ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ നടക്കുന്ന മത്സരത്തോടെയായിരിക്കും ഔദ്യോഗികമായി കളി മതിയാക്കുക. അതേസമയം, ടെസ്റ്റിലും ടി20യിലും ഇംഗ്ലീഷ് ജഴ്‌സിയിൽ തുടരും.

മൂന്നു ഫോർമാറ്റുകളിലും കളി തുടരുന്നത് താങ്ങാനാകില്ലെന്നാണ് വിരമിക്കൽ പ്രഖ്യാപനത്തിൽ സൂചിപ്പിച്ചിരിക്കുന്നത്. കടുത്ത ഷെഡ്യൂളുകള്‍ ശരീരത്തിനു താങ്ങാനാകുന്നില്ല. ഇനി ടെസ്റ്റിലും ടി20യിലും ശ്രദ്ധ കേന്ദ്രീകരിക്കുമെന്നും സ്റ്റോക്സ് അറിയിച്ചു.

''ഏറെ പ്രയാസമുള്ള തീരുമാനമാണ്. ഇംഗ്ലണ്ടിനു വേണ്ടി സഹതാരങ്ങൾക്കൊപ്പം കളിച്ച ഓരോ നിമിഷവും ഞാൻ സ്‌നേഹിക്കുന്നു. അവിസ്മരണീയമായ യാത്രയായിരുന്നു അത്. കടുത്ത ഷെഡ്യൂൾ ശരീരത്തിന് താങ്ങാനാവുന്നില്ലെന്നു മാത്രമല്ല, ജോസിനും(ജോസ് ബട്‌ലർ) സംഘത്തിനും എല്ലാം അർപ്പിക്കാൻ ശേഷിയുള്ള മറ്റു താരങ്ങളുടെ വഴിമുടക്കുകയാണ് ഞാനെന്നും തോന്നുന്നു. മറ്റൊരു ക്രിക്കറ്റ് താരം വളർന്നുവന്ന് കഴിഞ്ഞ 11 വർഷം ഞാനുണ്ടാക്കിയ പോലെ അവിസ്മരണീയമായ ഓർമകൾ സമ്മാനിക്കാനുള്ള സമയമാണിത്.'' വിരമിക്കല്‍ കുറിപ്പില്‍ സ്റ്റോക്സ്.

മാസങ്ങൾക്കുമുൻപാണ് ജോ റൂട്ടിന് പകരക്കാരനായി സ്റ്റോക്‌സ് ഇംഗ്ലീഷ് ടെസ്റ്റ് ടീമിന്റെ ക്യാപ്റ്റൻസി ഏറ്റെടുക്കുന്നത്. 31കാരനായ താരം 104 ഏകദിനങ്ങളിൽ ഇംഗ്ലീഷ് കുപ്പായമിട്ടിട്ടുണ്ട്. 2019 ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെതിരെ ലോർഡ്‌സിൽ നടന്ന കലാശപ്പോരിൽ നടത്തിയ അവിസ്മരണീയ പോരാട്ടത്തിലൂടെ ഇംഗ്ലണ്ടിന് കപ്പ് നേടിക്കൊടുത്ത് ക്രിക്കറ്റ് ആരാധകർക്കൊന്നം ഒരു കാലത്തും മറക്കാനാകില്ല.

2011ൽ അയർലൻഡിനെതിരെ ആയിരുന്നു സ്റ്റോക്സിന്റെ ഏകദിന അരങ്ങേറ്റം. മൂന്ന് സെഞ്ച്വറികൾ ഉൾപ്പെടെ 2,919 റൺസും 74 വിക്കറ്റുകളുമാണ് രാജ്യാന്തര ഏകദിനത്തില്‍ സ്റ്റോക്സിന്റെ സമ്പാദ്യം.

Summary: Ben Stokes to retire from ODIs after match against South Africa

Similar Posts