''സഞ്ജൂ, സഞ്ജൂ...''; ആർപ്പുവിളിച്ച് കരീബിയൻ സുന്ദരികൾ-വൈറല്‍ വിഡിയോ
|വെസ്റ്റിന്‍ഡീസ് പരമ്പരയിലെ മികച്ച പ്രകടനത്തിനു പിന്നാലെ സിംബാബ്‍വേയിലും ആരാധകരുടെ മനംകവരുകയാണ് മലയാളി താരം സഞ്ജു സാംസണ്‍
ഹരാരെ: മലയാളി താരം സഞ്ജു സാംസണിന് ഇന്നലെ തൊട്ടതെല്ലാം പൊന്നായ ദിവസമായിരുന്നു. നിർഭാഗ്യങ്ങൾകൊണ്ട് നിരന്തരം ടീമിനു വെളിയിലിരിക്കേണ്ടിവന്ന താരം ഹരാരെയിലെ രാജ്യാന്തര സ്റ്റേഡിയത്തിൽ വിക്കറ്റിനു മുന്നിലും പിന്നിലും നിറഞ്ഞാടുകയായിരുന്നു സിംബാബ്‌വേയ്‌ക്കെതിരായ രണ്ടാം ഏകദിനത്തിൽ. വിക്കറ്റിനു പിന്നിലെ മികച്ച പ്രകടനത്തിനു പിന്നാലെ ബാറ്റ് കൊണ്ടും തിളങ്ങിയ സഞ്ജു കളിയിലെ താരമാകുകയും ചെയ്തു.
മത്സരത്തിലുടനീളം ഗാലറിയിൽനിന്ന് സഞ്ജുവിനു വേണ്ടി വൻ ആർപ്പുവിളിയാണ് ഉയർന്നത്. എന്നാൽ, കൗതുകമുണർത്തിയ ഒരു കാഴ്ചയും കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയ ഏറ്റെടുത്തിരുന്നു. സഞ്ജുവിനു വേണ്ടി ആർപ്പുവിളിക്കുന്ന കരീബിയൻ സുന്ദരികളുടെ ദൃശ്യമായിരുന്നു അത്. ''സഞ്ജൂ... സഞ്ജൂ..'' എന്നു വിളിച്ചായിരുന്നു കരീബിയൻ സുന്ദരികൾ താരത്തിനുവേണ്ടി ആർപ്പുവിളിച്ചത്.
കഴിഞ്ഞ മാസം വെസ്റ്റിൻഡീസിനെതിരെ നടന്ന ഏകദിന, ടി20 പരമ്പരകളിൽനിന്നുള്ള ദൃശ്യമാണ് ഇതെന്നാണ് മനസിലാകുന്നത്. 'മലയാളി ഡാ' എന്ന് മലയാളത്തിൽ എഴുതിയ സഞ്ജുവിന്റെ ചിത്രമടങ്ങിയ ഫ്‌ളക്‌സ് വീശിയായിരുന്നു കരീബിയൻ യുവതികളുടെ ആഘോഷം. സ്റ്റേഡിയത്തിലുണ്ടായിരുന്ന മലയാളികൾ നൽകിയ ബാനർ പിടിച്ച് താരത്തിനുവേണ്ടി ആരവം മുഴക്കുകയായിരുന്നു യുവതികൾ. ഏകദിന പരമ്പരയ്ക്കു പിന്നാലെ ടി20യിലും മികച്ച പ്രകടനമാണ് താരം പുറത്തെടുത്തത്.
സഞ്ജു നിറഞ്ഞാടിയ ദിനം
സിംബാബ്വേയ്ക്കെതിരായ രണ്ടാം ഏകദിനത്തിൽ വിക്കറ്റിനു പിന്നിലും മുന്നിലും തകർത്തുകളിച്ച് മത്സരത്തിലെ താരമായി മാറിയിരിക്കുകയാണ് സഞ്ജു സാംസൺ. ലോങ് ഓഫിനു മുകളിലൂടെ സിക്സർ പറത്തി ഇന്ത്യയ്ക്ക് പരമ്പരയിലെ തുടർച്ചയായ രണ്ടാം വിജയം സമ്മാനിച്ച സഞ്ജുവിന്റെ പ്രകടനത്തെ വാഴ്ത്തിപ്പാടുകയാണ് സോഷ്യൽ മീഡിയ. അന്താരാഷ്ട്ര കരിയറിലെ ആദ്യത്തെ മാൻ ഓഫ് ദ മാച്ച് പുരസ്‌കാരമാണ് മത്സരത്തിൽ മലയാളി താരം സ്വന്തമാക്കിയത്. എന്നാൽ, മത്സരത്തിലെ തകർപ്പൻ പ്രകടനത്തിനൊപ്പം ഒരു ജീവകാരുണ്യ പ്രവർത്തനത്തിന്റെ ഭാഗമാകാനും താരത്തിനായി.
രണ്ടാം ഏകദിനം അർബുദരോഗം ബാധിച്ച കുട്ടികളുടെ ചികിത്സയ്ക്കായി നേരത്തെ സിംബാബ്വേ ക്രിക്കറ്റ് ബോർഡ് സമർപ്പിച്ചിരുന്നു. അർബുദം ബാധിച്ച ആറു വയസുകാരന് മത്സരത്തിലെ പന്ത് സമ്മാനിക്കാൻ സിംബാബ്വേ ബോർഡ് ക്ഷണിച്ചത് സഞ്ജുവിനെയായിരുന്നു. ഹൃദയസ്പർശിയായൊരു അനുഭവമാണിതെന്ന് ആറു വയസുകാരന് പന്തിൽ ഒപ്പിട്ടുനൽകിയ ശേഷം സഞ്ജു പ്രതികരിച്ചു. സിംബാബ്വേ ബാലന് ദേശീയ ടീമിന്റെ ജഴ്സിയും 500 ഡോളരും ക്രിക്കറ്റ് ബോർഡ് സമ്മാനിച്ചിട്ടുണ്ട്.
ഒൻപതാം ഓവറിൽ മുഹമ്മദ് സിറാജിന്റെ പന്തിൽ വലതു ഭാഗത്തേക്ക് ചാടിയുള്ളൊരു അസാധ്യ ഡൈവിങ്ങിലൂടെയാണ് സഞ്ജു ഇന്ത്യയ്ക്ക് ആദ്യ ബ്രേക്ക്ത്രൂ സമ്മാനിച്ചത്. സിറാജിന്റെ പന്തിൽ എഡ്ജായി സിംബാബ്വേ ഓപണർ തകുഡ്‌സ്വനാഷെ കൈതാനോയെ മാസ്മരികമായൊരു ഡൈവിലൂടെ സഞ്ജു സാംസൺ പിടികൂടുകയായിരുന്നു. പിന്നാലെ തുടർച്ചയായി രണ്ട് സിംബാബ്വേ ബാറ്റർമാരെ കൂടി സഞ്ജു കീപ്പിങ് മികവിൽ കൂടാരം കയറ്റി. ഓപണർ ഇന്നസെന്റ് കൈയയെ ഷർദുൽ താക്കൂറും മൂന്നാമനായി ഇറങ്ങിയ വെസ്ലി മാധവീറിനെ പ്രസിദ് കൃഷ്ണയും സഞ്ജുവിന്റെ കൈയിലെത്തിച്ചു.
സിംബാബ്വേ ഉയർത്തിയ 161 റൺസ് എന്ന ചെറിയ ലക്ഷ്യം ഇന്ത്യ 24.2 ഓവറും അഞ്ച് വിക്കറ്റും ബാക്കിനിൽക്കെ അനായാസം മറികടക്കുമ്പോൾ സിക്സറിലൂടെ ഇന്ത്യയുടെ വിജയറൺ കുറിച്ചതും സഞ്ജു തന്നെ. തുടക്കത്തിൽ തന്നെ നായകൻ കെ.എൽ രാഹുലിനെയും പിന്നാലെ ഇഷൻ കിഷനെയും പറഞ്ഞയച്ച് തുടക്കത്തിൽ ഞെട്ടിപ്പിച്ചു സിംബാബ്വേ ബൗളർമാർ. നിലയുറപ്പിച്ചുകളിച്ച ശിഖർ ധവാനും ശുഭ്മൻ ഗില്ലും പവലിയനിൽ തിരിച്ചെത്തിയതോടെ സിംബാബ്വേ മത്സരത്തിൽ തിരിച്ചുവരികയാണെന്നാണ് കരുതിയത്.
എന്നാൽ, തുടർന്നങ്ങോട്ടായിരുന്നു സഞ്ജുവിന്റെ താണ്ഡവം. കരുതലോടെ തുടങ്ങി നിലയുറപ്പിച്ച ശേഷം സിംബാബ്വേ ബൗളർമാരെ തലങ്ങും വിലങ്ങും പായിച്ചു താരം. 39 പന്തിൽ മൂന്ന് ഫോറിന്റെയും നാല് സിക്‌സിന്റെയും അകമ്പടിയോടെ 43 റൺസ് അടിച്ചെടുത്ത് ടീമിനെ വിജയതീരത്തെത്തിച്ചു. ഗാലറിയിൽനിന്നുള്ള 'സഞ്ജു, സഞ്ജു' ആർപ്പുവിളികൾക്കിടയിലായിരുന്നു മനോഹരമായൊരു പടുകൂറ്റൻ സിക്സറിലൂടെ സഞ്ജുവിന്റെ ഫിനിഷിങ് ടച്ച്.
Summary: Caribbean girls cheering for Sanju Samson; viral video