ശ്രീലങ്കയിലും കോവിഡ് കേസുകൾ ഉയരുന്നു; ഇന്ത്യയുടെ ലങ്കൻ പര്യടനം ആശങ്കയിൽ
|മൂന്ന് വീതം ഏകദിനങ്ങളുംടി20 മത്സരങ്ങളുമടങ്ങുന്ന പരമ്പരക്കായാണ് ഇന്ത്യ ശ്രീലങ്കയിലെത്തുന്നത്.
ശ്രീലങ്കയിലും കോവിഡ് കേസുകൾ ഉയരുന്ന പശ്ചാത്തലത്തിൽ ഇന്ത്യയുടെ ലങ്കൻ പര്യടനം ആശങ്കയിൽ. മൂന്ന് വീതം ഏകദിനങ്ങളും ടി20 മത്സരങ്ങളുമടങ്ങുന്ന പരമ്പരക്കായാണ് ഇന്ത്യ ശ്രീലങ്കയിലെത്തുന്നത്.
ക്യാപ്റ്റന്‍ വിരാട് കോഹ്ലിയുള്‍പ്പെടെയുള്ള മുന്‍നിര താരങ്ങളെല്ലാം ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിനായി ഇംഗ്ലണ്ടിലേക്കു പറക്കുന്നതിനാല്‍ ഇന്ത്യയുടെ രണ്ടാം നിര ടീമിനെയാണ് ലങ്കയിലേക്ക് അയക്കാൻ ബി.സി.സി.ഐ തീരുമാനിച്ചിരുന്നത്.
ശ്രീലങ്കയില്‍ കോവിഡ് കേസുകള്‍ നിയന്ത്രണത്തിലാണെന്ന് അധികൃതർ അവകാശപ്പെടുന്നുണ്ടെങ്കിലും ഏതാനും ദിവസമായി ലങ്കയിൽ കേസുകള്‍ വര്‍ദ്ധിക്കുന്ന സാഹചര്യം ആണ് ഉണ്ടായിരിക്കുന്നത്. മഹാമാരി പര്യടനത്തിനു വില്ലനായി മാറുമോയെന്ന ആശങ്കയിലാണ് ക്രിക്കറ്റ് പ്രേമികള്‍.
കോവിഡ് കേസുകള്‍ വര്‍ദ്ധിച്ചത് ആശങ്കയുണ്ടാക്കുന്നുണ്ടെന്ന് ശ്രീലങ്കൻ ക്രിക്കറ്റ് ബോര്‍ഡ് പറഞ്ഞു. കോവിഡ് കേസുകള്‍ ഉയരുന്നത് തീര്‍ച്ചയായും അസ്വസ്ഥതയുണ്ടാക്കുന്ന കാര്യമാണ്. പരമ്പര ഉപേക്ഷിക്കേണ്ടി വരുമോ എന്ന് ഭയമുണ്ട്. പക്ഷെ ഇതേ കോവിഡ് സാഹചര്യങ്ങളിൽ തന്നെ ഇംഗ്ലണ്ടുള്‍പ്പെടെയുള്ള ടീമുകള്‍ക്കെതിരെ ഇവിടെ പരമ്പരകള്‍ സംഘടിപ്പിക്കാന്‍ ഞങ്ങള്‍ക്കായിരുന്നു. ഇന്ത്യക്കെതിരെയും പരമ്പര കളിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ഞങ്ങള്‍. ശ്രീലങ്കൻ ക്രിക്കറ്റ് സി.ഇഒ. ആഷ്‍ലി ഡി സില്‍വ പറഞ്ഞു.