Cricket
ആദ്യം വിറപ്പിച്ചു പിന്നെ കീഴടങ്ങി; ചെന്നൈക്കെതിരെ മുംബൈക്ക് അഞ്ച് വിക്കറ്റ് ജയം
Cricket

ആദ്യം വിറപ്പിച്ചു പിന്നെ കീഴടങ്ങി; ചെന്നൈക്കെതിരെ മുംബൈക്ക് അഞ്ച് വിക്കറ്റ് ജയം

Web Desk
|
12 May 2022 3:54 PM GMT

33 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റുകള്‍ നഷ്ടമായ മുംബൈ തോല്‍വി മുന്നില്‍ക്കണ്ടപ്പോഴാണ് രക്ഷകനായി തിലക് വര്‍മ അവതരിച്ചത്.

മുംബൈ: ചെറിയ സ്കോറില്‍ പുറത്തായിട്ടും മുംബൈക്കെതിരെ മികച്ച പോരാട്ടം കാഴ്ചവെച്ച ശേഷം ചെന്നൈ സൂപ്പര്‍ കിങ്സിന് തോല്‍വി. അഞ്ച് വിക്കറ്റിനാണ് മുംബൈ ഇന്ത്യന്‍സ് സീസണിലെ മൂന്നാമത്തെ ജയം സ്വന്തമാക്കിയത്. 98 റണ്‍സിന്‍റെ നിസാര വിജയലക്ഷ്യം പിന്തുടര്‍ന്നിറങ്ങിയ മുംബൈക്ക് പക്ഷേ ഒട്ടും സുഖകരമായിരുന്നില്ല ഈ മത്സരം. ചെന്നൈക്ക് സംഭവിച്ച അതേ തകര്‍ച്ച മുംബൈയെയും കാത്തിരുന്നു.

33 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റുകള്‍ നഷ്ടമായ മുംബൈ തോല്‍വി മുന്നില്‍ക്കണ്ടപ്പോഴാണ് രക്ഷകനായി തിലക് വര്‍മ അവതരിച്ചത്. തിലക് വര്‍മയും ഹൃഥിക് ഷൊക്കീനും ചേര്‍ന്ന് ആറാം വിക്കറ്റില്‍ നടത്തിയ പോരാട്ടം ആണ് മുംബൈക്ക് തുണയായത്. ഷൊക്കീന്‍ 18 റണ്‍സെടുത്ത് പുറത്തായപ്പോള്‍ തിലക് വര്‍മ 34 റണ്‍സോടെ പുറത്താകാതെ നിന്നു. ഷൊക്കീന്‍ പുറത്തായ ശേഷം പിന്നീടെത്തിയ ടിം ഡേവിഡ് ഏഴ് പന്തില്‍ 16 റണ്‍സോടെ മത്സരം ഫിനിഷ് ചെയ്തു. ചെന്നൈക്കായി മുകേഷ് ചൗധരി മൂന്ന് വിക്കറ്റെടുത്തു.

നേരത്തെ ബാറ്റെടുത്തവരെല്ലാം കവാത്ത് മറന്നപ്പോൾ മുംബൈക്കെതിരെ ചെന്നൈ സൂപ്പർകിങ്‌സ് 97 റൺസിന് പുറത്തായി. പവർപ്ലേയിൽ ഡാനിയൽ സാംസിന്റെ പേസ് ആക്രമണത്തിൽ തകർന്നടിഞ്ഞ ചെന്നൈക്ക് പിന്നീട് ഒരുഘട്ടത്തിലും ഉയിർത്തെഴുന്നേൽപ്പുണ്ടായില്ല. നായകൻ എം.എസ് ധോണിയാണ് കൂട്ടത്തകർച്ചയിൽനിന്ന് ടീമിനെ രക്ഷിച്ചത്. 33 പന്തിൽ നാല് ബൗണ്ടറിയും രണ്ട് സിക്‌സും പറത്തി 36 റൺസുമായി, പുറത്താകാതെ നിന്നതും നായകൻ തന്നെ. ചെന്നൈയുടെ രണ്ടാമത്തെ ചെറിയ ഐ.പി.എല്‍ ടീം ടോട്ടലാണിത്.

സീസണിൽ അവസാന സാധ്യത നിലനിർത്താൻ വിയർപ്പൊഴുക്കുന്ന ചെന്നൈ സൂപ്പർകിങ്‌സിനെ സംബന്ധിച്ച് മോശം ദിനമായിരുന്നു ഇന്ന്. ആദ്യ ഓവറിൽ തന്നെ രണ്ട് വിക്കറ്റുകൾ നഷ്ടപ്പെട്ട ചെന്നൈക്ക് പിന്നീട് മത്സരത്തിൽ തിരിച്ചുവരാനേ സാധിച്ചില്ല. 29 റൺസെടുക്കുമ്പോഴേക്കും അഞ്ച് വിക്കറ്റുകൾ വീണിരുന്നു ചെന്നൈ നിരയിൽ. ക്യാപ്റ്റൻ ധോണി മാത്രമാണ് മാത്രമാണ് അൽപമെങ്കിലും പോരാടാനുള്ള മനസ് കാട്ടിയത്. ഒരറ്റത്ത് വിക്കറ്റുകൾ തുടരെ വീഴുമ്പോഴും ധോണി മറുഭാഗത്ത് പിടിച്ചുനിന്നു. മുംബൈക്കായി ഡാനിയൽ സാംസ് മൂന്ന് വിക്കറ്റും കുമാർ കാർത്തികേയയും റൈലി മെറിഡിത്തും രണ്ട് വിക്കറ്റ് വീതവും വീഴ്ത്തി.

നേരത്ത പവർകട്ടിൻറെ രൂപത്തിലാണ് ചെന്നൈയെ ആദ്യം നിർഭാഗ്യം പിടികൂടിയത്. മുബൈക്കെതിരെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങിനിറങ്ങിയ ചെന്നൈക്ക് സ്‌കോർ കാർഡിൽ ഒരു റൺസ് ചേർക്കുമ്പോഴേക്കും ഓപ്പണർ കോൺവെയെ നഷ്ടമായി. ഒരു റൺസ് കൂടി ചേർക്കുന്നതിനിടെ മുഈൻ അലിയെയും. ആദ്യ വിക്കറ്റായി പുറത്തായ ഡെവോൺ കോൺവെയെയാണ് നിർഭാഗ്യം ചതിച്ചത്.

ഡാനിയൽ സാംസിൻറെ ആദ്യ ഓവറിലെ രണ്ടാം പന്തിൽ കോൺവേ വിക്കറ്റിന് മുന്നിൽ കുരുങ്ങുകയായിരുന്നു. എന്നാൽ റീപ്ലേകളിൽ നിന്ന് പന്ത് ലെഗ് സ്റ്റമ്പിന് പുറത്തേക്ക് പോകുന്നെന്ന് വ്യക്തമായിരുന്നു. പക്ഷേ ഡി.ആർ.എസ് എടുക്കാൻ കോൺവേ അമ്പയറിനോട് ആവശ്യപ്പെട്ടങ്കിലും അവർ കൈമലർത്തി. മത്സരം നടക്കുന്ന വാങ്കഡെയിൽ പവർകട്ട് മൂലം വൈദ്യുതി തടസ്സപ്പെട്ടിരുന്നു. അതുകൊണ്ട് തന്നെ ചെന്നൈയുടെ ബാറ്റിങ് തുടങ്ങിയ സമയത്ത് ഡി.ആർ.എസ് സംവിധാനം ഉപയോഗിക്കാൻ കഴിഞ്ഞില്ല. അതുകൊണ്ട് തന്നെ അമ്പയറുടെ തെറ്റായ തീരുമാനം ചാലഞ്ച് ചെയ്യാൻ റിവ്യൂ അപ്പീൽ ചെയ്ത കോൺവേക്ക് നിരാശയോടെ മടങ്ങേണ്ടി വന്നു.

നാലാമത്തെ പന്തിൽ മോയിൻ അലിയും ഡക്കായി മടങ്ങി. തൊട്ടടുത്ത ഓവറിൽ റോബിൻ ഉത്തപ്പ ആറുപന്തിൽ ഒരു റൺ മാത്രമെടുത്ത് മടങ്ങി. തുടർന്ന് അമ്പാട്ടി റായ്ഡുവുമായി ചേർന്ന് ധോണി രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും അതിനും ആയുസുണ്ടായില്ല. മെറിഡിത്തിൻരെ പന്തിൽ ഇഷാൻ കിഷന് ക്യാച്ച് നൽകി റായ്ഡുവും വീണു. തുടർന്നെത്തിയ ചെന്നൈയുടെ അവസാന പ്രതീക്ഷയായിരുന്ന ശിവം ദുബെ, ഡൈ്വൻ ബ്രാവോ എന്നിവർക്കൊന്നും നായകന് കൂട്ടുനൽകാനായില്ല.


Similar Posts