ധോണി താൻ കണ്ട ഏറ്റവും ബുദ്ധിമാനായ ക്രിക്കറ്റർ: ഗ്രെഗ് ചാപ്പൽ
|സൗരവ് ഗാംഗുലിക്കും ജോൺ റൈറ്റിനും കീഴിൽ കരിയർ ആരംഭിച്ച ധോണി രാഹുൽ ദ്രാവിഡ്-ഗ്രെഗ് ചാപ്പൽ കാലത്താണ് വളർച്ച പ്രാപിച്ചത്.
ന്യൂഡൽഹി: മുൻ ഇന്ത്യൻ നായകൻ മഹേന്ദ്ര സിങ് ധോണിയെ വാനോളം വാഴ്ത്തി ഓസീസ് ക്രിക്കറ്റ് ഇതിഹാസം ഗ്രെഗ് ചാപ്പൽ. കളത്തിൽ താൻ കണ്ട ഏറ്റവും ബുദ്ധിയുള്ള ക്രിക്കറ്ററാണ് ധോണിയെന്ന് ചാപ്പൽ പറഞ്ഞു. ഇഎസ്പിഎൻ ക്രിക് ഇൻഫോയിൽ എഴുതിയ ലേഖനത്തിലാണ് ചാപ്പലിന്റെ പ്രശംസ.
'ക്രിക്കറ്റ് കോച്ചിങ് സൗകര്യങ്ങളുള്ള നഗരങ്ങൾ ഇന്ത്യയിൽ കുറവാണ്. യുവാക്കൾ ഒഴിഞ്ഞ സ്ഥലങ്ങളിൽ കളിക്കുന്നു. അവർക്ക് കോച്ചിങ്ങൊന്നും ലഭിക്കുന്നില്ല. ഇവിടെ നിന്നാണ് താരങ്ങൾ ഉയർന്നു വരുന്നത്. ഇന്ത്യയിൽ ഞാൻ കൂടെ ജോലി ചെയ്ത എംഎസ് ധോണി ഇതിന്റെ മികച്ച ഉദാഹരണമാണ്' - ചാപ്പൽ എഴുതി.
തീരുമാനമെടുക്കാനുള്ള തന്ത്രപ്രധാനമായ കഴിവാണ് ധോണിയെ സഹകളിക്കാരിൽ നിന്ന് വ്യത്യസ്തനാക്കുന്നത്. താൻ കണ്ട, ഏറ്റവും മികച്ച ബുദ്ധികൂർമയുള്ള കളിക്കാരിൽ ഒരാളാണ് ധോണി- അദ്ദേഹം കൂട്ടിച്ചേർത്തു.
സൗരവ് ഗാംഗുലിക്കും ജോൺ റൈറ്റിനും കീഴിൽ കരിയർ ആരംഭിച്ച ധോണി രാഹുൽ ദ്രാവിഡ്-ഗ്രെഗ് ചാപ്പൽ കാലത്താണ് വളർച്ച പ്രാപിച്ചത്.