മുൻ ഇന്ത്യൻ താരങ്ങൾക്കെതിരെ പുതിയ വെളിപ്പെടുത്തലുമായി പഴയ കോച്ച്..!
|"ഇന്ത്യയെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ടീം ആക്കാനുള്ള കഴിവ് ദ്രാവിഡിന് ഉണ്ടായിരുന്നു, പക്ഷെ ടീമംഗങ്ങളില്‍ നിന്നും മതിയായ പിന്തുണ അദ്ദേഹത്തിന് ലഭിച്ചില്ല"
ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ പടലപ്പിണക്കങ്ങളും വിവാദങ്ങളുമെല്ലാം മുഴച്ചുനിന്ന വർഷങ്ങളായിരുന്നു 2005 മുതൽ 2007 വരെയുള്ള കാലഘട്ടം. ദീർഘകാലം ഇന്ത്യൻ ക്യാപ്റ്റാനായിരുന്ന ഗാംഗുലിയെ ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് പുറത്താക്കിയതും പിന്നീട് വന്ന 2007 ലോകകപ്പിൽ ഇന്ത്യ ഗ്രൂപ്പ് ഘട്ടത്തിൽ തന്നെ പുറത്താകുകയും ചെയ്തതോടെ ഇന്ത്യൻ ക്രിക്കറ്റിനെ തന്നെ പിടിച്ചുകുലുക്കിയ രംഗങ്ങൾക്കാണ് ആരാധകർ സാക്ഷിയാകേണ്ടി വന്നത്. അന്നത്തെ ഇന്ത്യൻ കോച്ച് ഗ്രെഗ് ചാപ്പൽ തന്നെ ആയിരുന്നു പ്രധാന ചർച്ചാ വിഷയം.
ഇന്ത്യയെ ലോകകപ്പ് ഫൈനൽ വരെയെത്തിക്കുകയും മികച്ച ടീമായി വാർത്തെടുക്കുന്നതിൽ നിർണായക പങ്കു വഹിക്കുകയും ചെയ്ത ന്യൂസിലൻഡ്കാരനായ ജോൺ റൈറ്റ് പരിശീലക സ്ഥാനം ഒഴിയുന്നതിന് പിന്നാലെയാണ് ഓസ്‌ട്രേലിയയിൽ നിന്നുള്ള ഗ്രെഗ് ചാപ്പൽ ഇന്ത്യൻ കോച്ചായി എത്തുന്നത്. അതിന് ശേഷമാണ് പ്രശ്നങ്ങളുടെ തുടക്കം.
അന്നത്തെ വിവാദനായകനായ ഗ്രെഗ് ചാപ്പൽ ഒരു ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി വീണ്ടും വാർത്തകളിൽ ഇടം പിടിക്കുകയാണ്. ഗാംഗുലിക്ക് ശേഷം ഇന്ത്യൻ നായകനായ രാഹുൽ ദ്രാവിഡിനെയും അന്നത്തെ ഇന്ത്യൻ കളിക്കാരുടെ മനോഭാവവും സംബന്ധിച്ചുള്ള വെളിപ്പെടുത്തലാണ് ചാപ്പൽ ഇപ്പോൾ നടത്തിയിരിക്കുന്നത്.
ഇന്ത്യയെ ലോകത്തിലെ തന്നെ ഏറ്റവും മികച്ച ടീം ആക്കാനുള്ള കഴിവ് ദ്രാവിഡിന് ഉണ്ടായിരുന്നുവെന്നും പക്ഷെ ടീമംഗങ്ങളില്‍ നിന്നും മതിയായ പിന്തുണ അദ്ദേഹത്തിന് ലഭിച്ചില്ലെന്നും ചാപ്പല്‍ തുറന്നുപറഞ്ഞു.
ലോകത്തിലെ ഏറ്റവും മികച്ച ടീമായി ഇന്ത്യയെ വാർത്തെടുക്കണമെന്ന് ദ്രാവിഡ് അതിയായി ആഗ്രഹിച്ചിരുന്നു. നിർഭാഗ്യവശാൽ, അന്ന് അദ്ദേഹത്തിനൊപ്പം ടീമിലുണ്ടായിരുന്ന മറ്റാരും ഇതുപോലെ ചിന്തിക്കുകയോ പിന്തുണ നൽകാൻ തയ്യാറാകുകയോ ചെയ്തില്ല. ടീമില്‍ സ്ഥാനം നിലനിര്‍ത്തി എങ്ങനെയെങ്കിലും മുന്നോട്ടു പോവണമെന്നു മാത്രമായിരുന്നു അവരെല്ലാം ആഗ്രഹിച്ചിരുന്നത്. കരിയറിന്റെ അവസാന കാലത്തേക്കെത്തിയിരുന്ന ചില സീനിയര്‍ താരങ്ങള്‍ വിരമിക്കുന്നതു വരെ തുടരാന്‍ മാത്രമായിരുന്നു ശ്രമിച്ചതെന്നും ചാപ്പല്‍ തുറന്നടിച്ചു.
ഇന്ത്യന്‍ ടീമില്‍ നിന്നും ഗാംഗുലി പുറത്താക്കപ്പെട്ടപ്പോള്‍ അത് മറ്റു താരങ്ങള്‍ക്കുള്ള മുന്നറിയിപ്പ് കൂടിയായിരുന്നുവെന്നും ഇത് ചിലരെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നതായും ചാപ്പല്‍ വെളിപ്പെടുത്തി. സൗരവിനെ ടീമില്‍ നിന്നും മാറ്റിനിര്‍ത്തിയപ്പോള്‍ തങ്ങളും ടീമില്‍ നിന്നും പുറത്തു പോയേക്കുമെന്നും അവര്‍ക്കു ബോധ്യമായി. പിന്നീടായിരുന്നു ഒരുപാട് തടസ്സങ്ങളുണ്ടായത്, ശേഷം ഗാംഗുലി ടീമിലേക്കു മടങ്ങിയെത്തിയ സംഭവവും ചാപ്പല്‍ വിശദമാക്കി.
ഏറെ വിവാദങ്ങള്‍ നിറഞ്ഞതായിരുന്നു ഇന്ത്യന്‍ ടീമിനൊപ്പമുള്ള ചാപ്പലിന്റെ പരിശീലക കരിയര്‍. ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയുമായി ഉണ്ടായിരുന്ന ചാപ്പലിന്റെ തര്‍ക്കവും തുടര്‍ന്ന് ഗാംഗുലി നായകസ്ഥാനത്തു നിന്നു പുറത്താക്കപ്പെട്ടതുമെല്ലാം ആ സമയത്ത് വൻ ചർച്ചകൾക്കാണ് വഴിതെളിച്ചത്. പില്‍ക്കാലത്ത് ചാപ്പലിനെതിരേ അന്നു ടീമിലുണ്ടായിരുന്ന പല താരങ്ങളും വെളിപ്പെടുത്തലുകളുമായി മുന്നോട്ടു വരികയും ചെയ്തിരുന്നു.