Cricket
അക്ഷരം തെറ്റാതെ വിളിച്ചോളൂ... ഇന്ത്യന്‍ ക്രിക്കറ്റിലെ ഫിനിഷര്‍ ഇന്‍ ചീഫെന്ന്
Cricket

അക്ഷരം തെറ്റാതെ വിളിച്ചോളൂ... ഇന്ത്യന്‍ ക്രിക്കറ്റിലെ ഫിനിഷര്‍ ഇന്‍ ചീഫെന്ന്

ഷെഫി ഷാജഹാന്‍
|
1 April 2022 8:03 AM GMT

കൊളംബോയിലെ പ്രേമദാസ സ്റ്റേഡിയത്തിൽ ഉരുണ്ട് കൂടിയ കാര്‍മേഘങ്ങൾക്ക് മുകളിലൂടെ ബംഗ്ലാദേശിന്‍റെ കണ്ണീര്‍ വീഴ്ത്തിയ ദിനേഷ് കാര്‍ത്തിക്കിന്‍റെ ആ സിക്സര്‍ ഓര്‍മയില്ലേ... ഐ.പി.എല്ലില്‍ വീണ്ടും അയാളുടെ മാജിക് ടച്ച് ആരാധകര്‍ കാണുകയാണ്

ദിസ്‌ ഈസ്‌ അൺബിലീവബിൾ ഫ്രം ദിനേശ് കാർത്തിക്, ദാറ്റ്സ് എ സിക്സ്...

ഓർമയില്ലേ നിദാഹാസ് ട്രോഫിയുടെ ആ ഫൈനൽ ഓവർ... ബംഗ്ലാദേശിനെതിരായ ഇന്ത്യയുടെ അവസാന പന്തിലെ വിന്നിങ് സിക്സര്‍. കൊളംബോയിലെ പ്രേമദാസ്‌ സ്റ്റേഡിയത്തിൽ ഉരുണ്ട് കൂടിയ കാര്‍മേഘങ്ങൾക്ക് മുകളിലൂടെ അവസാന പന്തിൽ സിക്സർ പായിച്ച് ഇന്ത്യൻ ക്രിക്കറ്റിലെ തന്നെ ഏറ്റവും വലിയ ക്രാക്കിങ് മൊമന്‍റ് സമ്മാനിച്ച ദിനേശ് കാര്‍ത്തിക്കിന്‍റെ ആ ഷോട്ട്...

ഐ.പി.എല്ലില്‍ വീണ്ടും അയാളുടെ മാജിക് ടച്ച് ആരാധകര്‍ കാണുകയാണ്, ഏത് സമ്മർദ്ദഘട്ടത്തിലും, എത്ര കൂളായി ആണ് അയാൾ പ്രതിസന്ധികളെ മറികടക്കുന്നത്... ഒന്നുറപ്പിച്ച് പറയാം കളി തീരാൻ ഒന്നോ രണ്ടോ ഓവർ മാത്രം ബാക്കി നിൽക്കെ ക്രീസിലെത്തുന്ന ദിനേഷ് കാര്‍ത്തിക് എന്ന 36 കാരനെ അത്രയും ഭയക്കേണ്ടതുണ്ട്... ക്രീസില്‍ നിലയുറപ്പിക്കാൻ കുറച്ചു പന്തുകളെങ്കിലും ഫേസ് ചെയ്യണമെന്ന അടിസ്ഥാന ബാറ്റിംഗ് തിയറിയൊന്നും കാർത്തിക് എന്ന വിക്കറ്റ് കീപ്പർ ബാറ്ററെ സംബന്ധിച്ച് മാനദണ്ഡമേയല്ല... അതയ്യാള്‍ ഇടയ്ക്കിടെ കാട്ടാറുമുണ്ട്.

'Why tension if DK has to be there? ‌Have no fear when DK is here...' കഴിഞ്ഞ ദിവസത്തെ മത്സരത്തിന് ശേഷം ദിനേഷ് കാര്‍ത്തിക്കിനെക്കുറിച്ച് ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്സിന്‍റെ ഫേസ്ബുക് പേജില്‍ വന്ന വരികളാണിത്.

ഡെത്ത് ഓവറുകളിൽ അവസരം കിട്ടിയാൽ അയാൾ അഴിഞ്ഞാടും. സ്വിച്ചിടുന്ന ലാഘവത്തിലാണ് അയാളുടെ ബാറ്റ് വെടിക്കെട്ടിന് തീ കൊളുത്തുന്നത്. സെറ്റിൽഡ് ആയ ബാറ്റര്‍മാരെ ഇപ്പുറത്തെ എന്‍ഡില്‍ കാഴ്ചക്കാരാക്കി നിര്‍ത്തിക്കൊണ്ടായിരിക്കും കാര്‍ത്തിക്കിന്‍റെ ‌സെലിബ്രേഷന്‍ മോഡ്.

ഒന്നുറപ്പാണ് തൊട്ടതെല്ലാം പൊന്നാക്കാന്‍ നിയോഗിക്കപ്പെട്ട ധോണിയെന്ന അതികായന്‍റെ നിഴലില്‍ ഒതുങ്ങിപ്പോകേണ്ടിയിരുന്ന കരിയറായിരുന്നില്ല കാര്‍ത്തിക്കിന്‍ററേത്. 130 കോടി ജനങ്ങളുടെ പ്രതീക്ഷകളെ നെഞ്ചേറ്റി ബംഗ്ലാദേശിനെതിരായ നിഹാദാസ് ട്രോഫി ഫൈനലിലെ അവസാന ബോള്‍ സിക്സര്‍ മാത്രം മതിയാകും ദിനേഷ് കാര്‍ത്തിക് എന്ന ഫയര്‍ ബ്രാന്‍ഡിനെ അടയാളപ്പെടുത്താന്‍, തന്‍റെ 15 വര്‍ഷത്തെ ക്രിക്കറ്റ് കരിയറിനെ വെറും എട്ട് പന്തുകള്‍ കൊണ്ട് അയാള്‍ വരച്ചിട്ടു. ഇന്നും നഖം കടിച്ചുകൊണ്ടല്ലാതെ ഇന്ത്യന്‍ ആരാധകര്‍ക്ക് ഓര്‍ത്തെടുക്കാന്‍ കഴിയാത്ത ആ ചരിത്ര നിമിഷം ഇങ്ങനെ...

നിദാഹാസ് ട്രോഫി; ഇന്ത്യ-ബംഗ്ലാദേശ് ഫൈനല്‍

2018ലെ നിദാഹാസ് ട്രോഫി ത്രിരാഷ്ട്ര പരമ്പരയിലെ ഫൈനല്‍, ശ്രീലങ്കയിലെ കൊളംബോ പ്രേമദാസ സ്റ്റേഡിയത്തിലായിരുന്നു മത്സരം. ബംഗ്ലദേശ് ഉയര്‍ത്തിയ 167 റണ്‍സിന്‍റെ വിജയലക്ഷ്യം പിന്തുടര്‍ന്ന് ഇന്ത്യക്ക് സ്കോറിങ് നിരക്കില്‍ പിഴക്കുന്നു, റണ്‍റേറ്റ് ഉയര്‍ത്തേണ്ട സമയങ്ങളില്‍ വിക്കറ്റുകള്‍‌ കൂടി നഷ്ടമായതോടെ ടീം പ്രതിസന്ധിയില്‍. സമയം രാത്രി പത്തരയോടടുക്കുന്നു. ഇന്ത്യൻ ഡ്രസ്സിങ്ങ് റൂമിൽ ആശങ്കയുടെ കാർമേഘങ്ങൾ ഉരുണ്ടു കൂടി. രണ്ട് ഓവർ മാത്രം ബാക്കി, ജയിക്കാന്‍ പന്ത്രണ്ട് പന്തില്‍ 34 റണ്‍സ്...

പ്രതീക്ഷകളെല്ലാം അസ്തമിച്ച് നഖം കടിച്ചുകൊണ്ടിരിക്കുന്ന ഇന്ത്യന്‍ ആരാധകരുടെ മുഖം സൈഡ്സ്ക്രീനില്‍ തെളിയുന്നു... മുസ്തഫിസുർ റഹ്മാൻ എറിഞ്ഞ പതിനെട്ടാം ഓവർ ഇന്ത്യന്‍ ബാറ്റിങ് നിരയില്‍ അത്രയേറെ നാശം വിതച്ചിരുന്നു. തുടക്കക്കാരനായ വിജയ് ശങ്കറിനെ സമ്മര്‍ദത്തിലാക്കി അയാൾ ആദ്യ നാലു പന്തും ഡോട്ട് ബോളാക്കി. അഞ്ചാം പന്തില്‍ ലെഗ് ബൈയിലൂടെ ഒരു റണ്‍സ്. അവസാന പന്ത് നേരിട്ട മനീഷ് പാണ്ഡേ ഉയര്‍ത്തി അടിച്ച പന്ത് സബ്ബിര്‍ റഹ്മാന്‍റെ കൈയ്യില്‍ വിശ്രമിച്ചു.

രണ്ട് ഓവറിനപ്പുറം ടീം ഇന്ത്യ ശ്രീലങ്കയില്‍ നിന്ന് തലതാഴ്ത്തി മടങ്ങുന്ന കാഴ്ചക്കാകുമോ സാക്ഷിയാകേണ്ടി വരിക...? കരഞ്ഞുകലങ്ങിയ കണ്ണുമായി ആരാധകര്‍ മുഖം കുനിച്ചു. എന്നാല്‍ ഡെത്ത് ഓവറുകളില്‍ ഏത് കോട്ടകൊത്തളങ്ങളും അടിച്ചുതകര്‍ക്കാന്‍ കഴിവുള്ള ഒരു ആയുധം ഇന്ത്യന്‍ നിരയില്‍ ഉണ്ടായിരുന്നു. ഏഴാമാനായി ക്രീസിലെത്താനുള്ള നിയോഗം ആ താരത്തിനായിരുന്നു. ഇന്ത്യന്‍ ക്രിക്കറ്റിനെ കാത്തുരക്ഷിക്കാനുള്ള മാലാഖയുടെ ദൌത്യവുമായി ദിനേഷ് കാര്‍ത്തിക് എന്ന ബാറ്റര്‍ ക്രീസില്‍ അവതരിച്ചു. പിന്നീട് നടന്നത് ചരിത്രം.


അഞ്ചാം പന്തിൽ സ്ട്രൈക്ക് മാറിയതിന് ഒരു പക്ഷേ ഇന്ത്യൻ ടീം വിജയ് ശങ്കറിനേക്കാളേറെ മുസ്തഫിസുറിനോടായിരുക്കുംനന്ദി പറഞ്ഞിട്ടുണ്ടാവുക. 12 പന്തിൽ ജയിക്കാൻ 34 എന്ന , തോൽവി ഉറപ്പായ ഘട്ടത്തിൽ അടുത്ത രണ്ടോവർ നേരിടാൻ ദിനേഷ് കാർത്തിക്കിന് അവസരം കൊടുത്തതിന്.

ക്രീസിലെത്തിയ കാര്‍ത്തിക് വന്നയുടന്‍ തല താഴ്ത്തി കുറച്ചുനേരം ക്രീസില്‍ ഇരുന്നു. അയാൾ ആ സമയത്ത് എന്തായിരിക്കും ചിന്തിച്ചിട്ടുണ്ടാകുക? സമ്മര്‍ദ്ദത്തിന്‍റെ ഞരമ്പുകള്‍ വലിഞ്ഞുമുറുകിയിരുന്നിട്ടുണ്ടാകുമോ? പതിനാലു വർഷം അയാള്‍ കാത്തിരുന്ന അവസരമായിരുന്നു ഇതെന്ന തിരിച്ചറിവ് കാര്‍ത്തിക്കിന്‍റെ കണ്ണുകളില്‍ ഉണ്ടായിരുന്നോ? ഇനിയുള്ള 12 പന്തുകൾ തന്നെ ഒരു ജനതയുടെ മുഴുവന്‍ വീരനായകൻ ആക്കി മാറ്റിയേക്കുമെന്ന ബോധ്യം അയാളെ സമ്മര്‍ദ്ദത്തിലേക്ക് തള്ളിയിട്ടിട്ടുണ്ടാകുമോ?

ധോണിയെന്ന വിക്കറ്റ് കീപ്പര്‍ നായകന് പിന്നിൽ എന്നും രണ്ടാമൂഴം കാത്തു നില്‍ക്കേണ്ടി വന്ന ആ പതിനാലു വർഷങ്ങളുടെ ഓർമകൾ ഒരുപക്ഷേ കാര്‍ത്തിക്കിന്‍റെ സിരകളില്‍ മിന്നി മറഞ്ഞിട്ടുണ്ടാകും. അന്ന് അസംഭവ്യമെന്ന് കരുതുന്ന ഒരു മിഷന്‍ നടത്തിയെടുക്കാനുള്ള തയ്യാറെടുപ്പിലായിരുന്നു കാര്‍ത്തിക്.

19 ആം ഓവറിൽ സൗമ്യ സർക്കാറിനെയോ മെഹദി ഹസനെയോ പന്ത് ഏല്‍പ്പിക്കാന്‍ ഷക്കീഹുല്‍ ഹസന് തോന്നിയിരുന്നെങ്കില്‍ ഒരു പക്ഷേ കഥ മറ്റൊന്നാകുമായിരുന്നു. പരിചയ സമ്പന്നനായ റൂബെൽ ഹൊസൈന് വേണ്ടി അവസാന ഓവര്‍ മാറ്റിവെച്ചിരുന്നെങ്കില്‍ എങ്ങനെയെങ്കിലും അയാള്‍ ആ സ്കോര്‍ പ്രതിരോധിച്ചേനെ. ബംഗ്ലാദേശ് അവസാന ഓവറിൽ വിജയം ഉറപ്പിച്ചേനെ. എന്നാൽ ക്യാപ്റ്റൻ ഷക്കീബ് 19 ആം ഓവറാണ് റൂബെലിനെ ഏൽപ്പിച്ചത്. ആ ഓവറില്‍ കാര്‍ത്തിക് തന്‍റെ വിശ്വരൂപം പുറത്തെടുത്തു.

ആദ്യ പന്ത് തന്നെ ലോങ് ഓണിന് മുകളിലൂടെ സിക്സര്‍, രണ്ടാം പന്തിലും ലോങ് ഓണിലേക്ക് ഷോട്ട്, പന്ത് പിന്നെയും ബൌണ്ടറി കടന്നു അവിടുന്നങ്ങോട്ട് കളിയുടെ കടിഞ്ഞാന്‍ കാര്‍ത്തിക് ഏറ്റെടുത്തു... മൂന്നാം പന്തിലും നിലംതൊടാതെ പന്ത് അതിര്‍ത്തി വര കടന്നു. നേരിട്ട ആദ്യ മൂന്ന് പന്തില്‍ നിന്ന് അയാള്‍ 16 റണ്‍സാണ് സ്കോര്‍ ചെയ്തത്. നാലാം പന്ത് ഡോട് ബോള്‍. അഞ്ചാമത്തെ പന്തില്‍ രണ്ട് റണ്‍സ്. അവസാന ബോളില്‍ ലോങ് ലെഗിലേക്ക് പന്തിനെ സ്കൂപ് ചെയ്ത് ബൌണ്ടറിയിലേക്കിട്ട് ഫിനിഷ്.

ബംഗ്ലാദേശ് ജയിച്ചെന്നുറപ്പിച്ച മത്സരമായിരുന്നു അത്, പക്ഷേ ആറ് പന്തുകള്‍ കൊണ്ട് അയാള്‍ ഇന്ത്യന്‍ ആരാധകരോട് പറഞ്ഞു... ഇനിയും പ്രതീക്ഷ അസ്തമിച്ചിട്ടില്ല, ബാക്കിയുള്ളത് ഒരോവര്‍, ജയത്തിലേക്ക് 12 റണ്‍സ്.

അവസാന ഓവറില്‍ സ്ട്രൈക്കില്‍ വിജയ് ശങ്കര്‍. തുടക്കക്കാരന്‍റെ എല്ലാ പരിഭ്രമവും അയാളുടെ മുഖത്തുണ്ട്, ഇതുപോലെയൊരു ക്രൂഷ്യല്‍ സിറ്റുവേഷനെ ഫേസ് ചെയ്യാനുള്ള പക്വതയും ക്രാഫ്റ്റും വിജയ് ശങ്കറിനുണ്ടായിരുന്നില്ലെന്ന് അദ്ദേഹത്തിന്‍റെ ശരീര ഭാഷയില്‍ നിന്ന് വ്യക്തമായിരുന്നു. സൌമ്യ സര്‍ക്കാരിന്‍റെ ആദ്യ പന്ത് വൈഡ്. അടുത്ത പന്ത് കണക്ട് ചെയ്യിക്കാന്‍ പോലുമാകാതെ വിജയ് പാടുപെടുന്നു. സമ്മര്‍ദ്ദത്തിന്‍റെ കനത്ത പാളി ഇന്ത്യന്‍ ആരാധകരുടെ മേല്‍ ഇരുട്ട് വീഴ്ത്തിത്തുടങ്ങി. അടുത്ത പന്തില്‍ എക്സ്ട്രാ കവറിലൂടെ ശങ്കര്‍ സിംഗിള്‍ എടുത്ത് കാര്‍ത്തികിന് സ്ട്രൈക്ക് റൊട്ടേറ്റ് ചെയ്യുന്നു. ഇന്ത്യന്‍ നിര വീണ്ടും പ്രതീക്ഷയില്‍.

എന്നാല്‍ സൌമ്യയുടെ അടുത്ത പന്ത് ഔട്സൈഡ് ഓഫിലേക്കുള്ള യോര്‍ക്കറായിരുന്നു. ആ പന്തില്‍ സിംഗിള്‍ എടുക്കാനെ കാര്‍ത്തിക്കിന് കഴിഞ്ഞുള്ളൂ... റിക്വേര്‍ഡ് റണ്‍റേറ്റ് വീണ്ടും ചോദ്യചിഹ്നമാകുന്ന കാഴ്ച. മൂന്ന് പന്തില്‍ 9 റണ്‍സ് വേണം ഇനി ജയിക്കാന്‍. ബൌണ്ടറി സ്കോര്‍ ചെയ്യാതെ വഴിയില്ല. ക്രീസിലാകട്ടെ നിലയുറപ്പിക്കാന്‍ പാടുപെടുന്ന വിജയ് ശങ്കറും.. ഔട്സൈഡ് ഓഫിലേക്ക് വീണുകിട്ടിയ പന്തിനെ തേര്‍ഡ്മാനിലെ ഗ്യാപ്പിലൂടെ ബൌണ്ടറി കടത്തി വിജയ് ശങ്കര്‍ ഇന്ത്യക്ക് വീണ്ടും ജീവശ്വാസം നല്‍കി. ഇന്ത്യന്‍ ക്യാമ്പില്‍ വീണ്ടും ചിരി പടര്‍ന്നു. പക്ഷേ അടുത്ത പന്തില്‍ എല്ലാം അവസാനിച്ചു... ലോങ് ഓണിലേക്ക് ഉയര്‍ത്തിയടിച്ച വിജയ് ശങ്കറിന്‍റെ ഷോട്ട് ലക്ഷ്യത്തിലെത്തിയില്ല. സബ്ബിര്‍ റഹ്മാന്‍റെ കൈയ്യില്‍ നിന്ന് ഡ്രോപ് ആയ ക്യാച്ച് മെഹ്ദി ഹസന്‍റെ കൈയ്യില്‍ ഭദ്രമായിരുന്നു. ഇന്ത്യന്‍ ക്യാമ്പില്‍ പരാജയത്തിന്‍റെ ഭീതി മണത്തു. കളിയാരാധകരുടെ കണ്ണില്‍ ഇരുട്ടുകയറുന്ന നിമിഷങ്ങള്‍.

പക്ഷേ... സോറി സൌമ്യ... ഈ ദിവസം ദിനേഷ് കാര്‍ത്തിക്കിന്‍റെ പേരിലെഴുതാനായിരുന്നു ക്രിക്കറ്റ് ദൈവങ്ങളുടെ തീരുമാനം...അസാധ്യമെന്ന് കരുതിയത് അയാള്‍ നേടിയെടുത്തു. അവസാന ഓവറിലെ അവസാന പന്തില്‍ ജയിക്കാന്‍ അഞ്ച് റണ്‍സ് വിജയലക്ഷ്യം. ഒരിക്കലും ഒരു സിക്സര്‍ വീഴാന്‍ പാടില്ലെന്ന് നിശ്ചയിച്ചുറപ്പിച്ച് സൌമ്യ സര്‍‍ക്കാര്‍ എറിഞ്ഞ ആ പന്ത് പക്ഷേ കാർത്തിക്കിന്റെ ബാറ്റിൽ നിന്നും പാഞ്ഞത് ഇരമ്പിയാർക്കുന്ന ഇന്ത്യൻ ആരാധകർക്കിടയിലേക്കായിരുന്നു.

പന്ത്രണ്ട് പന്തില്‍ 34 റണ്‍സ് വേണം, ട്രോഫിയുമായി തിരികെ വരിക... ഏഴാമനായി പാഡ് കെട്ടി ഡഗ്ഔട്ടില്‍ നിന്ന് ഗ്രൌണ്ടിലേക്കിറങ്ങുമ്പോള്‍ കോച്ച് രവി ശാസ്ത്രി പറഞ്ഞ വാക്കുകള്‍ അയാള്‍ അക്ഷരം പ്രതി അനുസരിച്ചു. വിജയം ആഘോഷിക്കാന്‍ തയ്യാറെടുത്തിരുന്ന ബംഗ്ലാദേശിന്‍റെ ആരാധകരുടെ നെഞ്ചിലേക്ക് ഇടിത്തീ പോലെ ആ പേര് മുഴങ്ങി. ദിനേഷ് കാര്‍ത്തിക്, ഇന്ത്യന്‍ ക്രിക്കറ്റിന്‍റെ ഫിനിഷര്‍ ഇന്‍ ചീഫ്.

തന്‍റെ 14 വര്‍ഷത്തെ ക്രിക്കറ്റ് കരിയറിനെ വെറും എട്ട് പന്തുകള്‍ കൊണ്ട് അയാള്‍ വരച്ചിട്ടു... 130 കോടി ജനങ്ങളുടെ പ്രതീക്ഷകളെ ആനന്ദത്തിന്‍റെ കൊടുമുടി കയറ്റി. ഈ ഒരു നിമിഷത്തിനായിരുന്നിരിക്കാം പലപ്പോഴും രണ്ടാമൂഴക്കാരനായി മാറ്റിനിര്‍ത്തിയിരുന്ന കാര്‍ത്തിക് കാത്തിരുന്നത്.

Similar Posts