ടെന്നീസ് ബൗൾ മാത്രം എറിഞ്ഞിരുന്ന മധ്‍വാള്‍ 'സൂപ്പര്‍സ്റ്റാര്‍' ആയതിങ്ങനെ; വെളിപ്പെടുത്തി വസീം ജാഫർ
|2019ൽ ആദ്യമായി ആകാശ് മധ്‌വാളിനെ കണ്ട അനുഭവമാണ് മുൻ ഇന്ത്യൻ താരം വസീം ജാഫർ വെളിപ്പെടുത്തിയത്
മുംബൈ: 2023 ഐ.പി.എല്ലിന്റെ പുത്തൻ സെൻസേഷനായി മാറിയിരിക്കുകയാണ് മുംബൈ ഇന്ത്യൻസ് പേസർ ആകാശ് മധ്‌വാൾ. സീസണിന്റെ തുടക്കത്തിൽ തപ്പിത്തടഞ്ഞ മുംബൈ ബൗളിങ് നിരയ്‌ക്കൊപ്പം പാതിവഴിയിലാണ് മധ്‌വാൾ ചേരുന്നത്. ജസ്പ്രീത് ബുംറയുടെയും ജോഫ്ര ആർച്ചറുടെയും അഭാവത്തിൽ കിടിലൻ പേസും അപാര ഡെത്ത് ബൗളിങ് പ്രകടനവുമായി മുംബൈയുടെ പ്ലേഓഫ് കുതിപ്പിൽ നിർണായക പങ്കുവഹിച്ചു താരം.
മുംബൈയുടെ കണ്ടുപിടിത്തമായാണ് മധ്‌വാളിനെ ഇപ്പോൾ ക്രിക്കറ്റ് നിരീക്ഷകർ പലരും വിശേഷിപ്പിക്കുന്നത്. 2019ൽ ബാംഗ്ലൂരിന്റെ നെറ്റ് ബൗളറായിരുന്ന താരത്തെ കഴിഞ്ഞ മെഗാ ലേലത്തിൽ മുംബൈ വിളിച്ചെടുക്കുകയായിരുന്നു. എന്നാൽ, ഇതിനുംമുൻപ് മധ്‌വാളിന്റെ ബൗളിങ് മികവിനെ തിരിച്ചറിയുകയും മതിയായ അവസരങ്ങൾ നൽകുകയും ചെയ്തിട്ടുണ്ടെന്ന് വെളിപ്പെടുത്തിയിരിക്കുകയാണിപ്പോൾ മുൻ ഇന്ത്യൻ താരം വസീം ജാഫർ.
2019ൽ ഉത്തരാഖണ്ഡ് ടീമിന്റെ ഹെഡ് കോച്ചായ സമയത്താണ് സെലക്ഷൻ ട്രയൽസിനെത്തിയ താരത്തെ ആദ്യമായി ശ്രദ്ധിക്കുന്നതെന്ന് വസീം ജാഫർ പറഞ്ഞു. അന്ന് താരത്തിന്റെ പ്രതിഭ തിരിച്ചറിഞ്ഞ് ടീമിലെടുത്തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
'ഞാൻ ഉത്തരാഖണ്ഡ് ഹെഡ് കോച്ചായിരുന്നപ്പോഴാണ് ഈ ചെറുപ്പക്കാരൻ ട്രയൽസിനു വരുന്നത്. അന്ന് 24-25 വയസായിരുന്നു പ്രായം. ടെന്നീസ് ബൗൾ ക്രിക്കറ്റ് മാത്രമേ അതുവരെ കളിച്ചിട്ടുണ്ടായിരുന്നുള്ളൂ. താരത്തിന്റെ പേസിൽ ആകൃഷ്ടരായാണ് ഞങ്ങൾ നേരെ താരത്തെ ടീമിലേക്ക് കയറ്റുന്നത്. വർഷം 2019 ആയിരുന്നു അത്. ആ ചെറുപ്പക്കാരനാണ് ആകാശ് മധ്‌വാൾ. ഈ നിലയിലെത്തിയതിൽ അഭിമാനമുണ്ട്.'-വസീം ജാഫർ ട്വീറ്റ് ചെയ്തു.
മേയ് മൂന്നിന് പഞ്ചാബിനെതിരെയാണ് ആകാശ് മധ്‌വാൾ മുംബൈ കുപ്പായത്തിൽ ഐ.പി.എൽ അരങ്ങേറ്റം കുറിക്കുന്നത്. ഇതുവരെ ഏഴു മത്സരങ്ങളിൽ മുംബൈയ്ക്കായി കളിച്ചു. എല്ലാ മത്സരത്തിലും ഡെത്ത് ഓവറിലടക്കം നിർണായക നിമിഷങ്ങളിൽ നായകൻ രോഹിത് ശർമ ആശ്രയിച്ചത് മധ്‌വാളിനെയായിരുന്നു. ഏഴു മത്സരങ്ങളിൽനിന്ന് 13 വിക്കറ്റും സ്വന്തമാക്കി താരം. ഏറ്റവുമൊടുവിൽ എലിമിനേറ്റർ പോരാട്ടത്തിൽ ലഖ്‌നൗ സൂപ്പർ ജയന്റ്‌സിനെ തകർത്തുകളഞ്ഞത് മധ്‌വാളിന്റെ കിടിലൻ ബൗളിങ്ങായിരുന്നു. 3.3 ഓവറിൽ വെറും അഞ്ച് റൺസ് മാത്രം വിട്ടുനൽകി അഞ്ച് ലഖ്‌നൗ വിക്കറ്റാണ് താരം കൊയ്തത്.
Summary: 'When I was Uttarakhand Head Coach this boy came for trials. He was 24-25 and had only played tennis ball cricket', says former Indian cricketer Wasim Jaffer about Akash Madhwal