Cricket
ഏഴാം സ്ഥാനത്തുനിന്ന് ചാംപ്യന്‍ ടീമിലേക്ക്; ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ പേരാണ് ചെന്നൈ!
Cricket

ഏഴാം സ്ഥാനത്തുനിന്ന് ചാംപ്യന്‍ ടീമിലേക്ക്; ഉയിര്‍ത്തെഴുന്നേല്‍പ്പിന്‍റെ പേരാണ് ചെന്നൈ!

Shaheer
|
15 Oct 2021 7:54 PM GMT

തുടര്‍തോല്‍വികളേറ്റുവാങ്ങി പ്ലേഓഫ് കാണാനാകാതെ പുറത്തായ ടീം, അതേ മണ്ണില്‍ തൊട്ടടുത്ത വര്‍ഷം തന്നെ കിരീടം നേടിയ കഥ, അതൊരു വല്ലാത്ത കഥയാണ്...!

കഴിഞ്ഞ കേരളപ്പിറവിദിനത്തില്‍ അബൂദബി രാജ്യാന്തര സ്റ്റേഡിയത്തില്‍ ഐപിഎല്ലിന്റെ പതിമൂന്നാം സീസണിലെ അവസാന മത്സരം കഴിഞ്ഞ് ചെന്നൈ സൂപ്പർ കിങ്‌സ് നായകന്‍ മഹേന്ദ്ര സിങ് ധോണി പറഞ്ഞ ഒരുവാക്കുണ്ട്. We will come back stronger.. That is what we are known for... അതെ, അക്ഷരംപ്രതി, അല്ല ക്രിക്കറ്റ് പ്രതി മഹേന്ദ്ര സിങ് ധോണിയും സംഘവും അത് തെളിയിച്ചു; കിരീടംകൊണ്ടുതന്നെ!

ഇങ്ങനെയുമുണ്ടോ ഒരു ഉയിര്‍ത്തെഴുന്നേല്‍പ്പ്! കോവിഡ് പ്രതിസന്ധിക്കിടെ യുഎഇയില്‍ നടന്ന ഐപിഎല്ലിന്റെ പതിമൂന്നാം സീസണ്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന് ഓര്‍ക്കാന്‍ കാര്യമായൊന്നും ബാക്കിയാക്കിയിരുന്നില്ല. ടീം ചരിത്രത്തിലെ ഏറ്റവും നാണംകെട്ട പ്രകടനം. തുടര്‍തോല്‍വികളേറ്റുവാങ്ങി പ്ലേഓഫ് കാണാനാകാതെ പുറത്താകുന്ന ആദ്യ ടീമായി. പോയിന്റ് പട്ടികയില്‍ ഏഴാം സ്ഥാനക്കാരും. എല്ലാത്തിനും മീതെ ടീമിന്റെ പവര്‍ബാങ്കായ മഹേന്ദ്ര സിങ് ധോണി അപ്പാടെ ഫോം നഷ്ടപ്പെട്ട് തപ്പിത്തടഞ്ഞ സീസണ്‍.

എന്നാല്‍, എംഎസ് ധോണിയെയും ഐപിഎല്‍ ചരിത്രവും അറിയുന്നവര്‍ക്ക് അയാള്‍ അന്നു പറഞ്ഞ വാക്കുകളില്‍ കൃത്യമായ മുന്നറിയിപ്പുണ്ടായിരുന്നു. ഇത്തവണ ഡല്‍ഹിയുടെ യുവതുര്‍ക്കികള്‍ക്കെതിരെ ഏഴു വിക്കറ്റ് ജയവുമായായിരുന്നു ചെന്നൈ പടയോട്ടം ആരംഭിച്ചത്. പിന്നീട് തിരിഞ്ഞുനോക്കേണ്ടിവന്നില്ല. തുടരെ ആറ് ജയങ്ങള്‍. ആര്‍ക്കും പിടിനല്‍കാതെ കുതിച്ചുപാഞ്ഞ ചെന്നൈ അശ്വമേധം തടഞ്ഞുനിര്‍ത്താനായത് കഴിഞ്ഞ തവണത്തെ ചാംപ്യന്മാരായ മുംബൈക്ക് മാത്രം. കോവിഡ് പ്രതിസന്ധി രൂക്ഷമായതോടെ നിര്‍ത്തിവച്ച മത്സരം ദുബൈയില്‍ പുനരാരംഭിച്ചത് ചെന്നൈ-മുംബൈ സൂപ്പര്‍ പോരാട്ടത്തിലൂടെ. അവസാന മത്സരത്തിലെ തോല്‍വിക്ക് മുംബൈയോട് കണക്കുതീര്‍ത്ത് ദുബൈയിലും ചെന്നൈ കുതിപ്പ് തുടര്‍ന്നു.


ഏറ്റവുമൊടുവില്‍, ആരാധകരെല്ലാം കാത്തിരുന്ന ആ നിമിഷവും സംഭവിച്ചു. നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെ തന്നെ തിരിച്ചുവരവ്! ഡല്‍ഹിക്കെതിരെ നടന്ന ക്വാളിഫയര്‍ പോരാട്ടത്തില്‍ കളി കൈവിട്ടിടത്തുനിന്ന് അയാള്‍ അവതരിച്ചു; പഴയ ഫിനിഷറുടെ അതേ റോളില്‍. ആറു പന്തില്‍ ഒരു സിക്‌സറും മൂന്നു ബൗണ്ടറിയും സഹിതം 18 റണ്‍സടിച്ച് ടീമിനെ ഫൈനലിലേക്ക് നയിച്ചു. ഒടുവില്‍, ഒരു വര്‍ഷംമുന്‍പ് പറഞ്ഞ വാക്ക് അയാള്‍ കിരീടംകൊണ്ട് പൂര്‍ത്തിയാക്കി.

ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും സ്ഥിരതയുള്ള ടീമാണ് ചെന്നൈ. നാലുതവണ ചാംപ്യന്മാര്‍. ഫൈനലില്‍ കടന്നത് അഞ്ചു സീസണില്‍. നാലും മൂന്നും സ്ഥാനങ്ങളായി ക്വാളിഫയറില്‍ രണ്ടു തവണയും. ക്വാളിഫയര്‍ കടക്കാനാകാതിരുന്നത് കഴിഞ്ഞ സീസണ്‍ മാത്രം.

Related Tags :
Similar Posts