ഇന്ത്യൻ ടീമിന് ലോകകപ്പ് നേടാനാകില്ല...; മുന്നറിയിപ്പുമായി ഗൗതം ഗംഭീർ
|ലോകകപ്പിന് മുമ്പ് ഇന്ത്യയ്ക്ക് ആകെ ആറു ടി20 മത്സരങ്ങളാണുള്ളത്
മുംബൈ: സെപ്തംബർ 20ന് ആസ്‌ത്രേലിയയ്‌ക്കെതിരെ ആരംഭിക്കുന്ന ക്രിക്കറ്റ് പരമ്പരയ്ക്ക് മുമ്പെ ടീം ഇന്ത്യക്ക് മുന്നറിയിപ്പുമായി മുൻ ഓപണർ ഗൗതം ഗംഭീർ. സ്വന്തം മണ്ണിൽ കങ്കാരുക്കളെ തോൽപ്പിക്കാനായില്ലെങ്കിൽ ഇന്ത്യക്ക് ടി20 ലോകകപ്പ് കിരീടം നേടാനാകില്ലെന്ന് ഗംഭീർ പറഞ്ഞു. മൊഹാലിയിലെ ഐഎസ് ബിന്ദ്ര സ്റ്റേഡിയത്തിൽ നടക്കുന്ന ആദ്യ ടി20യ്ക്ക് മുമ്പായി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
'ഞാനിതു നേരത്തെ പറഞ്ഞിട്ടുണ്ട്. വീണ്ടും പറയുന്നു. ആസ്‌ത്രേലിയയെ തോൽപ്പിച്ചില്ലെങ്കിൽ ഇന്ത്യയ്ക്ക് ലോകകപ്പ് നേടാനാകില്ല. 2007ലെ ടി20 ലോകകപ്പ് നോക്കൂ. നമ്മൾ അവരെ സെമി ഫൈനലിൽ തോൽപ്പിച്ചു. 2011 ഏകദിന ലോകകപ്പിൽ നമ്മൾ അവരെ ക്വാർട്ടറിൽ കെട്ടുകെട്ടിച്ചു. ആസ്‌ത്രേലിയ കടുപ്പമേറിയ ടീമാണ്. അവരെ തോൽപ്പിക്കാനായാൽ മറ്റേതു ടീമിനെയും കീഴടക്കാം' - സ്റ്റാർ സ്‌പോർട്‌സ് സംഘടിപ്പിച്ച പരിപാടിയിൽ അദ്ദേഹം പറഞ്ഞു.
ലോകകപ്പിന് മുമ്പ് ഇന്ത്യയ്ക്ക് ആകെ ആറു ടി20 മത്സരങ്ങളാണുള്ളത്. മൂന്നെണ്ണം ആസ്‌ത്രേലിയിയ്‌ക്കെതിരെയും മൂന്നെണ്ണം ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയും. രണ്ടു പരമ്പരയും സ്വന്തം നാട്ടിലായതു കൊണ്ടു തന്നെ ഏഷ്യാ കപ്പിലേറ്റ പിഴവുകൾ തീർക്കാനുള്ള അവസരമാണിത്. ഏഷ്യാ കപ്പിൽ സൂപ്പർ ഫോറിലാണ് ഇന്ത്യ പുറത്തായത്.
ഇന്ത്യന്‍ ടി20 ടീം: രോഹിത് ശർമ്മ (ക്യാപ്റ്റൻ), കെ.എൽ രാഹുൽ (വൈസ് ക്യാപ്റ്റൻ), വിരാട് കോഹ്‌ലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത് (വിക്കറ്റ് കീപ്പർ), ദിനേഷ് കാർത്തിക് (വിക്കറ്റ് കീപ്പർ), ഹർദിക് പാണ്ഡ്യ, ആർ അശ്വിൻ, യുസ്‌വേന്ദ്ര ചഹൽ, അക്‌സർ പട്ടേൽ, ഭുവനേശ്വർ കുമാർ, ഉമേഷ് യാദവ്, മുഹമ്മദ് ഷമി, ഹർഷ് പട്ടേൽ, ദീപക് ചഹാർ, ജസ്പ്രീത് ബുംറ.