രവി ശാസ്ത്രിയുമായി ഉടക്കല്ലേ എന്നാണ് പ്രാര്‍ഥന: ധോണിയുടെ ഉപദേശക സ്ഥാനത്തെക്കുറിച്ച് ഗവാസ്കര്‍
|ധോണിയുടെ രണ്ടാം വരവ് അത്ഭുതകരമായ മാറ്റങ്ങള്‍ വരുത്തുമെന്ന് ഗാവസ്‌കര്‍ പറഞ്ഞു
ടി20 ലോകകപ്പിനായുള്ള ഇന്ത്യന്‍ ടീമില്‍ എംഎസ് ധോണിയെ ഉപദേശക സ്ഥാനത്തേക്ക് നിയമിച്ച ബിസിസിഐ നീക്കത്തെ പിന്തുണച്ച് സുനില്‍ ഗവാസ്കര്‍. ധോണിയുടെ രണ്ടാം വരവ് അത്ഭുതകരമായ മാറ്റങ്ങള്‍ വരുത്തുമെന്ന് ഗാവസ്‌കര്‍ പറഞ്ഞു.
എന്നാല്‍ ധോണിയും ടീം മാനേജ്‌മെന്റും തമ്മില്‍ അഭിപ്രായ വ്യത്യാസം ഉടലെടുത്താല്‍ ഉണ്ടാവുന്ന അവസ്ഥയെക്കുറിച്ചുള്ള ആശങ്കയും ഗാവസ്‌കര്‍ പങ്കുവെക്കുന്നു. ധോണിയുടെ നായകത്വത്തിന് കീഴിലാണ് പ്രഥമ ടി20 കിരീടം 2007ല്‍ ഇന്ത്യക്ക് ലഭിച്ചത്. 2011 ലോകകപ്പ് ഇന്ത്യ നേടിയത് അദ്ദേഹത്തിന്‍റെ കീഴിലാണ്. ധോണിയുടെ ഈ വരവും ഇന്ത്യക്ക് ഗുണം ചെയ്യും, തീര്‍ച്ച. ഗാവസ്‌കര്‍ പറഞ്ഞു.
രവി ശാസ്ത്രിയുടേയും ധോണിയുടേയും കൂട്ടുകെട്ട് നന്നായി മുന്നോട്ട് പോയാല്‍ അതില്‍ നിന്ന് ഇന്ത്യക്ക് ഏറെ ഗുണങ്ങള്‍ ലഭിക്കും. എന്നാല്‍ ടീമിന്‍റെ തന്ത്രങ്ങള്‍ മെനയുന്നതിലും ടീം സെലക്ഷനിലും അഭിപ്രായ വ്യത്യാസം ഉണ്ടായാല്‍ അത് ടീമിനെ ബാധിക്കും. എന്നാല്‍ ധോണിയെ നിയമിച്ചത് തന്നെ ഇന്ത്യക്ക് വലിയ ഊര്‍ജം നല്‍കുന്നതാണെന്നും ഗാവസ്‌കര്‍ പറഞ്ഞു.
ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സംഘത്തെ പ്രഖ്യാപിച്ചപ്പോഴാണ് എംഎസ് ധോണി മെന്‍റര്‍ എന്ന റോളില്‍ ടീമിന്റെ ഭാഗമാവും എന്ന് ബിസിസിഐ സെക്രട്ടറി ജയ് ഷാ അറിയിച്ചത്. ടി20 ലോകകപ്പില്‍ മാത്രമായിരിക്കും ധോണി ഈ സ്ഥാനത്ത് ഉണ്ടാവുക എന്നും ജയ് ഷാ വ്യക്തമാക്കി.