മുസ്ലിം വിദ്വേഷം പ്രചരിപ്പിച്ച് ഇന്‍സ്റ്റഗ്രാം സ്റ്റോറി, വന്‍ വിമര്‍ശനം; പോസ്റ്റ് പിന്‍വലിച്ച് മാപ്പുപറഞ്ഞ് യാഷ് ദയാൽ
|റിങ്കു സിങ്ങില്‍നിന്ന് ഒരു ഓവറില്‍ അഞ്ചു സിക്സര്‍ ഏറ്റുവാങ്ങിയ ശേഷം യാഷ് ദയാൽ മാനസികമായി തളരുകയും ശരീരഭാരം ഏഴു കിലോയോളം കുറയുകയും ചെയ്തിരുന്നതായി റിപ്പോർട്ടുണ്ടായിരുന്നു
ലഖ്നൗ: വര്‍ഗീയ പോസ്റ്റുമായി ഗുജറാത്ത് ടൈറ്റൻസ് താരം യാഷ് ദയാൽ പുതിയ വിവാദത്തിൽ. മതവിദ്വേഷം പ്രചരിപ്പിക്കുന്ന തരത്തിലുള്ള ഇൻസ്റ്റഗ്രാം സ്റ്റോറി പങ്കുവച്ചതിനു പിന്നാലെ താരത്തിനെതിരെ വൻ വിമർശനം ഉയർന്നിരിക്കുകയാണ്. ഏറെ കോളിളക്കം സൃഷ്ടിച്ചതോടെ സ്റ്റോറി പിൻവലിച്ച് മാപ്പുപറഞ്ഞിട്ടുണ്ട് യാഷ്.
ലവ് ജിഹാദ് ആരോപണങ്ങളെ പിന്തുണയ്ക്കുന്ന തരത്തിലായിരുന്നു താരത്തിന്റെ ആദ്യത്തെ ഇൻസ്റ്റഗ്രാം സ്റ്റോറി. മുസ്ലിം വിദ്വേഷം പ്രചരിപ്പിക്കുന്ന കാർട്ടൂൺ സ്റ്റോറിയാക്കുകയായിരുന്നു യാഷ് ദയാല്‍. എന്നാൽ, സ്റ്റോറി സോഷ്യൽ മീഡിയയിൽ വ്യാപകമായി വൈറലായി. വൻ വിമർശനവും ഉയർന്നതോടെ സ്റ്റോറി പിൻവലിച്ചു. തുടർന്നായിരുന്നു മാപ്പുപറഞ്ഞ് മറ്റൊരു സ്റ്റോറി ഇട്ടത്.
'പ്രിയപ്പെട്ടവരേ, ആ സ്റ്റോറിക്ക് മാപ്പുനൽകണം. അബദ്ധത്തിൽ പോസ്റ്റ് ചെയ്തതായിരുന്നു. ദയവായി വിദ്വേഷം പ്രചരിപ്പിക്കരുത്. നന്ദി. എല്ലാ സമൂഹത്തോടും സമുദായത്തോടും എനിക്ക് ബഹുമാനമുണ്ട്.'-വിശദീകരണ പോസ്റ്റിൽ യാഷ് ദയാൽ പറഞ്ഞു.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താരം റിങ്കു സിങ് ഒരു ഓവറിൽ പറത്തിയ അഞ്ച് സിക്സറുകളിലൂടെ യാഷ് ദയാൽ വാർത്തകളിൽ നിറഞ്ഞിരുന്നു. കഴിഞ്ഞയാഴ്ച സമാപിച്ച ഐ.പി.എല്ലിലെ ഏറ്റവും ശ്രദ്ധേയമായ മത്സരങ്ങളിലൊന്നായിരുന്നു ഇത്. ഗുജറാത്തിനെതിരെ അവസാന ഓവറിൽ ജയിക്കാൻ 29 റൺസ് വേണ്ട സമയത്തായിരുന്നു യാഷ് ദയാലിന്റെ ഓവറിൽ അഞ്ച് സിക്സർ പറത്തി റിങ്കു ടീമിനെ വിജയത്തിലേക്ക് നയിച്ചത്.
മത്സരത്തിനുശേഷം യാഷ് ദയാല്‍ മാനസികമായി തളരുകയും അസുഖബാധിതനാകുകയും ചെയ്തതായി ഗുജറാത്ത് ക്യാപ്റ്റന്‍ ഹര്‍ദിക് പാണ്ഡ്യ വെളിപ്പെടുത്തിയിരുന്നു. ഏഴെട്ട് കിലോയോളം ശരീരഭാരവും കുറഞ്ഞു. ആ മത്സരം യാഷിനെ ശാരീരികമായും മാനസികമായും തളര്‍ത്തിയെന്നും ഹര്‍ദിക് പറഞ്ഞു.
Summary: Gujarat Titans pacer Yash Dayal posts hateful Instagram story, later deletes and apologizes after controversy