Cricket
താരങ്ങൾക്കുള്ള മെനുവിൽ ഹലാല്‍: ബിസിസിഐക്കെതിരെയും സംഘ്പരിവാർ കാംപയിന്‍
Cricket

താരങ്ങൾക്കുള്ള മെനുവിൽ 'ഹലാല്‍': ബിസിസിഐക്കെതിരെയും സംഘ്പരിവാർ കാംപയിന്‍

Web Desk
|
23 Nov 2021 10:49 AM GMT

ദേശീയ ക്രിക്കറ്റ് താരങ്ങള്‍ക്കുള്ള പുതിയ മെനുവിൽ പന്നി, ബീഫ് വിഭവങ്ങൾക്ക് വിലക്കുള്ളതായും വാർത്ത പുറത്തുവിട്ട 'സ്‌പോർട്‌സ് തകി'ന്റെ റിപ്പോർട്ടിൽ പറയുന്നു

കേരളത്തിൽ സംഘ്പരിവാർ നേതാക്കൾ തുടക്കമിട്ട 'ഹലാൽ' ഭക്ഷണ വിവാദത്തിനു ചുവടുപിടിച്ച് ഇന്ത്യന്‍ ക്രിക്കറ്റ് ബോര്‍ഡിനെതിരെയും കാംപയിന്‍. ദേശീയ താരങ്ങൾക്കുള്ള ബിസിസിഐയുടെ പുതിയ മെനു ഉയര്‍ത്തിയാണ് ബോര്‍ഡിനെതിരെ സൈബർ ആക്രമണവുമായി സംഘ്പരിവാർ അനുകൂലികൾ രംഗത്തെത്തിയിരിക്കുന്നത്.

കായിക പോർട്ടലായ 'സ്‌പോർട്‌സ് തകി'ന്റെ സ്രോതസ് വെളിപ്പെടുത്താത്ത റിപ്പോർട്ടിനെച്ചൊല്ലിയാണ് സമൂഹമാധ്യമങ്ങളിൽ പുതിയ വിവാദം കൊഴുക്കുന്നത്. പോർട്ടലിലെ റിപ്പോർട്ട് പ്രകാരം ബിസിസിഐ താരങ്ങൾക്കായി തയാറാക്കിയ പുതിയ മെനുവിൽ പന്നി, ബീഫ് വിഭവങ്ങൾക്ക് വിലക്കുണ്ട്. ഇതോടൊപ്പമാണ് നോൺവെജ് കഴിക്കാൻ ആഗ്രഹിക്കുന്നവർക്ക് ഹലാൽ വിഭവങ്ങൾ മാത്രമേ കഴിക്കാവൂവെന്നുള്ള നിർദേശമുള്ളതായി പറയുന്നത്.

അടുത്ത വർഷം നടക്കാനിരിക്കുന്ന ടി20 ലോകകപ്പിനു മുന്നോടിയായി താരങ്ങളുടെ ആരോഗ്യം കൂടുതൽ ശ്രദ്ധിക്കുന്നതിന്റെ ഭാഗമായാണ് നടപടിയെന്നാണ് പറയുന്നത്. നിലവിൽ നിരന്തര മത്സരങ്ങൾ കാരണം മാസങ്ങളായി ബയോബബിളിൽ കഴിയുന്നവരാണ് മിക്ക താരങ്ങളും. ഇത് കളിക്കാരുടെ മാനസികാരോഗ്യത്തെ സാരമായി ബാധിച്ചിട്ടുണ്ടെന്ന വിലയിരുത്തൽ ബിസിസിഐക്കുണ്ട്. ഇത്തവണ ലോകകപ്പിൽ ടീമിന്റെ മോശം പ്രകടനത്തിലും ഇതു നിഴലിച്ചിട്ടുണ്ടെന്ന് മാനേജ്‌മെന്റ് വൃത്തങ്ങൾ പ്രതികരിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് ഭക്ഷണക്രമംകൂടി കർശനമായി നിയന്ത്രിക്കാൻ ബിസിസിഐ തീരുമാനിച്ചതെന്ന് സ്‌പോർട്‌സ് തക് റിപ്പോർട്ടിൽ പറയുന്നു. എന്നാൽ, വാർത്തയുടെ സ്രോതസ് റിപ്പോർട്ടിൽ വെളിപ്പെടുത്തിയിട്ടില്ല. സമാനമായ നിര്‍ദേശങ്ങള്‍ അടങ്ങിയ ബിസിസിഐയുടെ മെനു തങ്ങള്‍ക്ക് ലഭിച്ചതായി എന്‍ഡിടിവിയും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.


സ്‌പോർട്‌സ് തക് വാർത്തയുടെ വിശദാംശങ്ങൾ ചേർത്താണ് ട്വിറ്ററിലക്കം സംഘ്പരിവാർ പ്രൊഫൈലുകളിൽ ബിസിസിഐക്കെതിരെ കടുത്ത ആക്രമണം നടക്കുന്നത്. ആരോഗ്യവും ഹലാലും തമ്മിൽ എന്തു ബന്ധമാണുള്ളതെന്നാണ് ഹിന്ദു ജനജാഗ്രതി സമിതി ഔദ്യോഗിക ട്വിറ്റർ ഹാൻഡിലിൽ പങ്കുവച്ച ട്വീറ്റിൽ ചോദിക്കുന്നത്. മുസ്‍ലിംകളല്ലാത്തവരെ ഹലാൽ വിഭവങ്ങൾ മാത്രം കഴിക്കാൻ നിർബന്ധിക്കുന്നത് ഭൂരിപക്ഷത്തിന്റെ മതസ്വാതന്ത്ര്യത്തോടുള്ള അവഹേളനമാണെന്ന് ട്വീറ്റിൽ പറയുന്നു.

'മതേതരവാദികളാ'ണെന്ന് സ്വയം വിളിക്കുന്ന ഇന്ത്യൻ ക്രിക്കറ്റ് ടീമിലെ ഭൂരിഭാഗം താരങ്ങളും ഹിന്ദുക്കളാണ്. എന്നിട്ട് എന്തുകൊണ്ടാണ് എല്ലാവർക്കുംമേൽ ഹലാൽ അടിച്ചേൽപിക്കുന്നതെന്നാണ് ചണ്ഡീഗഢിലെ ബിജെപി വക്താവും അഭിഭാഷകനുമായ ഗൗരവ് ഗോയൽ ചോദിക്കുന്നത്. തീരുമാനത്തെ എതിർക്കാൻ ടീമംഗങ്ങൾ ധൈര്യം കാണിക്കുമോയെന്നും ബിസിസിഐ, പ്രധാനമന്ത്രി, ബിസിസിഐ അധ്യക്ഷൻ ജയ്ഷാ തുടങ്ങിയവരെ ടാഗ് ചെയ്ത് ഗോയൽ ചോദിക്കുന്നു.

99 ശതമാനം ഇന്ത്യൻ ക്രിക്കറ്റ് ടീമംഗങ്ങളും ഹിന്ദുക്കളാണ്. പിന്നെന്തിനാണ് ഹലാൽ മെനു? ബിസിസിഐ ഇസ്‌ലാമിക ഹലാൽ സമ്പദ്ഘടനയെ പിന്തുണയ്ക്കുകയാണോ എന്ന് ഹിന്ദു ജനജാഗ്രതി സമിതി കർണാടക വക്താവ് മോഹൻ ഗൗഡ ട്വീറ്റിൽ ആവശ്യപ്പെടുന്നു. ദേശീയ താരങ്ങളുടെ കരാർ ഗ്രേഡ് അടക്കം വിവരിച്ചാണ് ഗോവ സനാതൻ സ്റ്റഡി സെന്റർ കൺവീനർ സന്ദീപ് ഷിൻഡെ പുതിയ വാർത്തയ്‌ക്കെതിരെ രംഗത്തെത്തിയത്. ആകെ 28 താരങ്ങളിൽ രണ്ടുപേർ മാത്രമാണ് മുസ്‍ലിംകളായുള്ളത്. അവർക്കുവേണ്ടി ബാക്കിയുള്ള കളിക്കാരെല്ലാം ഹലാൽ ഭക്ഷണം കഴിക്കേണ്ട സ്ഥിതിയാണെന്നും ഷിൻഡെ കുറ്റപ്പെടുത്തുന്നു.

BCCIPromotesHalal എന്ന ഹാഷ്ടാഗിൽ ട്വിറ്ററിൽ ബിസിസിഐക്കെതിരെ വലിയ തോതിലുള്ള കാംപയിനാണ് സംഘ്പരിവാർ അനുകൂല ഹാൻഡിലുകളിൽ നടക്കുന്നത്. ബിസിസിഐ ഹലാൽ ലോബിക്ക് കീഴടങ്ങുന്നു, ഇന്ത്യ ഇസ്‍ലാമിക രാജ്യമാകുകയാണോ?... അങ്ങനെ പോകുന്നു പ്രചാരണങ്ങൾ. ഹിന്ദുസ്താനിലാണ് പാകിസ്താനിലല്ല ബോർഡുള്ളതെന്ന് ബിസിസിഐക്ക് ഓർമ വേണമെന്നും ഭീഷണിയുണ്ട്.

അതേസമയം, വിവാദങ്ങളെക്കുറിച്ച് ബിസിസിഐ ഇതുവരെ പ്രതികരിച്ചിട്ടില്ല. താരങ്ങളുടെ പുതിയ ഭക്ഷണ മെനുവിനെക്കുറിച്ചും ഔദ്യോഗികമായ ഉത്തരവുകളൊന്നും ഇതുവരെ പുറത്തുവന്നിട്ടില്ല.

Summary: Sangh Parivar followers have come out with a cyber attack following the news that the BCCI has released a new menu for the national players, allowing only halal meat dishes.

Similar Posts