'അവനാണ് ശരി, ബ്രില്യന്റ്'; സഞ്ജുവിന് പിന്തുണയുമായി ഹർഷ ഭോഗ്‌ലെ
|ഇന്ത്യന്‍ ടീമില്‍ നിന്ന് തന്നെ തഴഞ്ഞ സെലക്ടർമാർക്കുള്ള മറുപടി കൂടിയായി സഞ്ജുവിന്റെ ബാറ്റിങ്
മുംബൈ: ഗുജറാത്ത് ടൈറ്റൻസിനെതിരെയുള്ള നിർണായക മത്സരത്തിൽ സഞ്ജു സാംസൺ അർധ സെഞ്ച്വറി നഷ്ടപ്പെടുത്തിയെന്ന വിമർശനങ്ങളോട് പ്രതികരിച്ച് വിഖ്യാത കമന്റേറ്റർ ഹർഷ ഭോഗ്‌ലെ. സഞ്ജു ചെയ്തതാണ് ശരിയെന്നും താരത്തിന്റേത് മികച്ച ഇന്നിങ്‌സായിരുന്നുവെന്നും ഭോഗ്‌ലെ പറഞ്ഞു.
'സഞ്ജു സാംസണിൽ നിന്നുള്ള ബ്രില്യന്റ് ഇന്നിങ്‌സ്. അർധ സെഞ്ച്വറി പോലുള്ള സാധാരണ നാഴികക്കല്ലുകൾ ടി20യിൽ കണക്കുവയ്ക്കപ്പെടാറില്ല. കളിയിൽ എത്ര സ്വാധീനം ഉണ്ടാക്കുന്നു എന്നതാണ് പ്രധാനം' - എന്നാണ് അദ്ദേഹം ട്വിറ്ററിൽ കുറിച്ചത്.
മത്സരത്തില്‍ 26 പന്തിൽനിന്ന് 47 റൺസാണ് രാജസ്ഥാന്റെ മലയാളി നായകൻ അടിച്ചുകൂട്ടിയത്. ഓപണർ യശസ്വി ജയ്‌സ്വാൾ തുടക്കത്തിൽ തന്നെ പുറത്തായ ശേഷമാണ് സഞ്ജു ക്രീസിലെത്തിയത്. ജോസ് ബട്‌ലർ പന്തുകളെ നേരിടാൻ ബുദ്ധിമുട്ടിയ വേളയിൽ നായകൻ തകർത്തു കളിച്ചു. മൂന്നു സിക്‌സറുകളും അഞ്ചു ബൗണ്ടറിയും അടങ്ങുന്നതായിരുന്നു താരത്തിന്റെ ഇന്നിങ്‌സ്.
ദക്ഷിണാഫ്രിക്കയ്‌ക്കെതിരെയുള്ള ടി20 ടൂർണമെന്റിൽ നിന്ന് തന്നെ തഴഞ്ഞ സെലക്ടർമാർക്കുള്ള മറുപടി കൂടിയായി സഞ്ജുവിന്റെ ബാറ്റിങ്. ബിസിസിഐ മേധാവികളായ സൗരവ് ഗാംഗുലി, ജയ് ഷാ തുടങ്ങിയവർക്ക് മുമ്പിലായിരുന്നു താരത്തിന്റെ വെടിക്കെട്ട്.
സഞ്ജുവിന്റെ ഇന്നിങ്‌സ് നീണ്ടു പോയിരുന്നെങ്കിൽ നന്നായേനെ എന്ന് മുൻ ഇന്ത്യൻ കോച്ച് രവിശാസ്ത്രിയും പ്രതികരിച്ചു.
'ഷോർട്ട് പിച്ച് പന്തുകളിൽ പുൾ ഷോട്ടുകൾ കളിക്കാനും ഗാലറിയിൽ പന്തെത്തിക്കാനും സഞ്ജു തയ്യാറാണ്. സ്പിന്നർമാർക്കെതിരെ കാത്തുനിന്ന് കളിച്ചു. ക്രീസ് വിട്ടിറങ്ങി ആക്രമിക്കുമെന്ന് തോന്നിച്ചെങ്കിലും അദേഹം കരുതൽ കാട്ടി. മനോഹരമായ ഷോട്ടുകൾ കളിക്കുന്നത് കാണാനായി. മികച്ച ഇന്നിങ്സാണ് സഞ്ജു കാഴ്ചവച്ചത്. എന്നാൽ ഇന്നിങ്‌സ് നീണ്ടിരുന്നെങ്കിൽ എന്നാഗ്രഹിച്ചുപോകുന്നു. ഇതാണ് എപ്പോഴും സഞ്ജുവിൻറെ പ്രശ്നം. എങ്കിലും ജോസ് ബട്ലർ വിഷമിക്കുമ്പോൾ സഞ്ജു ടീമിനെ കൈപിടിച്ചുയർത്തി' - രവിശാസ്ത്രി പറഞ്ഞു.
ഗുജറാത്ത് ഫൈനലിൽ
അതിനിടെ, അവസാന ഓവർ വരെ ആവേശം നിറഞ്ഞുനിന്ന ആദ്യ പ്ലേ ഓഫ് മത്സരത്തിൽ ഗുജറാത്ത് ഏഴ് വിക്കറ്റിൻറെ ത്രസിപ്പിക്കുന്ന വിജയമാണ് നേടിയത്. നാലാം വിക്കറ്റിൽ ഡേവിഡ് മില്ലറുടെയും ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയുടെയും 85 റൺസിൻറെ പാർട്ണർ ഷിപ്പിൻറെ മികവിലാണ് ഗുജറാത്ത് ഐ.പി.എൽ ആദ്യ പ്ലേ ഓഫ് ബർത്ത് ഉറപ്പിച്ചത്. അവസാന ഓവറിലെ ആദ്യ മൂന്ന് പന്തുകളും സിക്‌സറിന് പറത്തിയാണ് ഡേവിഡ് മില്ലർ ഗുജറാത്തിന് ഉജ്വല വിജയം സമ്മാനിച്ചത്.
ആദ്യ ക്വാളിഫൈയറിൽ തോറ്റതോടെ രാജസ്ഥാന് നാളത്തെ എലിമിനേറ്ററിൽ ജയിക്കുന്നവരുമായി വീണ്ടും ക്വാളിഫൈയർ മത്സരം കളിക്കണം ഇനി ഫൈനലിൽ എത്താൻ.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ രാജസ്ഥാൻ, നായകൻ സഞ്ജു സാംസൻറെയും ജോസ് ബട്‌ലറിൻറെയും ചുമലിലേറിയാണ് മികച്ച സ്‌കോറിലെത്തിയത്. അർധശതകത്തിനു തൊട്ടരികെ വീണ നായകന്റെയും സെൻസിബിൾ ഇന്നിങ്സിലൂടെ തുടങ്ങി ഒടുക്കം ആളിക്കത്തിയ സൂപ്പർ താരം ജോസ് ബട്ലറി(89)ന്റെയും കരുത്തിൽ 188 എന്ന മികച്ച സ്‌കോറാണ് രാജസ്ഥാൻ നേടിയത്.