മുംബൈയെ പേടിയാണ്; അവർ ഫൈനലിലെത്തരുത്-ഡ്വെയ്ൻ ബ്രാവോ
|ദീര്‍ഘകാലം ചെന്നൈയുടെ വിശ്വസ്ത താരമായിരുന്ന ബ്രാവോ നിലവില്‍ ടീമിന്റെ ബൗളിങ് കോച്ചാണ്
ചെന്നൈ: ഐ.പി.എല്ലിന്റെ പുതിയ രാജാക്കന്മാരാരെന്ന് അറിയാൻ ഇനി മൂന്നു ദിവസത്തെ കാത്തിരിപ്പ്. ഞായറാഴ്ച അഹ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ നടക്കുന്ന മത്സരത്തിന് ചെന്നൈ സൂപ്പർ കിങ്സ് നേരത്തെ സ്ഥാനമുറപ്പിച്ചുകഴിഞ്ഞു. നാളെ മുംബൈ ഇന്ത്യൻസിനും ഗുജറാത്ത് ടൈറ്റൻസിനും എതിരെ നടക്കുന്ന മത്സരത്തോടെ ചെന്നൈയുടെ എതിരാളികളുടെ കാര്യത്തിലും തീരുമാനമാകും.
ആദ്യ ക്വാളിഫയർ ജയിച്ച് ഫൈനൽ ബെർത്ത് ഉറപ്പിച്ചതോടെ വിശ്രമത്തിനും മുന്നൊരുക്കത്തിനുമായി ചെന്നൈയ്ക്ക് നാല് ദിവസമാണ് ഒഴിഞ്ഞുകിട്ടിയിരിക്കുന്നത്. മുംബൈയോ ഗുജറാത്തോ ആരായാലും കലാശപ്പോരാട്ടത്തിൽ എതിരാളികൾക്കെതിരെയുള്ള തന്ത്രങ്ങളൊരുക്കാനുള്ള മതിയായ സമയം ടീമിനു ലഭിച്ചിരിക്കുന്നു. അതേസമയം, ടീമിന്റെ ചരിത്രത്തിലെ സൂപ്പർ താരങ്ങളിലൊരാളും ഇപ്പോൾ ചെന്നൈ ബൗളിങ് കോച്ച് കൂടിയായ ഡ്വെയ്ൻ ബ്രാവോ ഫൈനലിൽ ആരെ എതിരാളികളായി കിട്ടാനാണ് ആഗ്രഹമെന്ന് കഴിഞ്ഞ ദിവസം വെളിപ്പെടുത്തിക്കഴിഞ്ഞു.
മുംബൈയെ പേടിയാണെന്നായിരുന്നു ബ്രാവോ പറഞ്ഞത്. അവരാകരുത് ഫൈനലിലെ എതിരാളികളെന്നും അദ്ദേഹം തുറന്നു സമ്മതിച്ചു. ഗുജറാത്തിനെതിരെ നടന്ന ആദ്യ ക്വാളിഫയർ പോരാട്ടത്തിനുശേഷം മാത്യു ഹെയ്ഡന്റെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ബ്രാവോ.
'ഗുജറാത്തും മുംബൈയും ലഖ്നൗവുമെല്ലാം അപകടകാരികളും ക്വാളിറ്റിയുള്ള ടീമുകളുമാണ്. സത്യസന്ധമായി പറഞ്ഞാൽ, മുംബൈ ഫൈനലിലെത്തരുതെന്നാണ് വ്യക്തിപരമായ തോന്നൽ. എന്റെ സുഹൃത്ത് പൊള്ളാർഡിന് അക്കാര്യം അറിയാം. എല്ലാവർക്കും എല്ലാ ആശംസയും നേരുന്നു. ആരാണ് ഫൈനലിൽ ഞങ്ങളുടെ എതിരാളികളാകുക എന്ന് അറിയാൻ കാത്തിരിക്കുന്നു.'-ബ്രാവോ കൂട്ടിച്ചേർത്തു.
Summary: I am scared of Mumbai Indians, I don't want them in IPL 2023 final: says CSK bowling coach Dwayne Bravo