'അയൽക്കാരെ സ്‌നേഹിക്കുന്നത് മോശം കാര്യമാണോ, കോഹ്‌ലിയോട് ഇഷ്ടം' - പാക് ആരാധികയുടെ വീഡിയോ വൈറൽ
|നിരവധി പേര്‍ വീഡിയോ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചു
രാഷ്ട്രീയവും അധികാരവും അനാവശ്യമായി കൈകടത്തി മോശമാക്കിയതാണ് ഇന്ത്യയും പാകിസ്താനും തമ്മിലുള്ള കായിക മത്സരങ്ങൾ. ഇരുരാഷ്ട്രങ്ങൾക്കും മേൽവിലാസമുള്ള ക്രിക്കറ്റിൽ ആ വൈരം പലപ്പോഴും പതഞ്ഞു നിൽക്കും. പതിറ്റാണ്ടുകളായുള്ള ഈ വിദ്വേഷക്കനലുകൾക്ക് മേൽ പലപ്പോഴും ആശ്വാസമായി ചില ദൃശ്യങ്ങൾ ഹൃദയങ്ങൾ കീഴടക്കും. ഏഷ്യാ കപ്പിനിടെ അത്തരമൊരു വീഡിയോ ആണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
മുൻ ഇന്ത്യൻ നായകൻ വിരാട് കോലിയുടെ കളി കാണാനാണ് എത്തിയതെന്നും അദ്ദേഹം സെഞ്ച്വറി അടിക്കുന്നതു കാണാൻ ആഗ്രഹിച്ചിരുന്നുവെന്നും പെൺകുട്ടി വീഡിയോയിൽ പറയുന്നു. നിരവധി പേരാണ് വീഡിയോ ട്വിറ്റർ അടക്കമുള്ള സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
'വിരാട് കോഹ്‌ലിയാണ് എന്റെ ഇഷ്ടകളിക്കാരൻ. അദ്ദേഹത്തെ കാണാനാണ് ഇവിടെ എത്തിയത്. കോഹ്‌ലിയിൽ നിന്ന് ഒരു സെഞ്ച്വറി പ്രതീക്ഷിച്ചിരുന്നു. എന്നാല്‍ ഹൃദയം തകര്‍ന്നു പോയി. പാകിസ്താനെയും ഇന്ത്യയെയും പിന്തുണയ്ക്കുന്നു. അയൽക്കാരെ സ്‌നേഹിക്കുന്നത് മോശം കാര്യമല്ല.' - അവർ വീഡിയോയിൽ പറഞ്ഞു. വിരാടിനെയോ ബാബർ അസമിനെയോ, ഇവരിൽ ആരെ തെരഞ്ഞെടുക്കുമെന്ന ചോദ്യത്തിന് വിരാട് എന്നായിരുന്നു ആരാധികയുടെ ഉത്തരം.
മത്സരത്തിൽ തിളങ്ങാൻ വിരാട് കോഹ്‌ലിക്കായിരുന്നില്ല. നാലു റൺസ് മാത്രമെടുത്തു നിൽക്കവെ പാക് പേസർ ഷഹീൻ ഷാ അഫ്രീദിയാണ് താരത്തെ പുറത്താക്കിയത്. മത്സരം മഴ മൂലം ഉപേക്ഷിച്ചു. ടോസ് നേടി ആദ്യം ബാറ്റു ചെയ്ത ഇന്ത്യ 48.5 ഓവറിൽ 266 റൺസെടുത്ത് എല്ലാവരും പുറത്തായി. മഴ മൂലം പാകിസ്താന് മറുപടി ബാറ്റിങ്ങിന് ഇറങ്ങാനായില്ല. ഇതോടെ മത്സരം ഉപേക്ഷിക്കാൻ തീരുമാനിക്കുകയായിരുന്നു. ആദ്യ മത്സരത്തിൽ നേപ്പാളിനെ തോൽപ്പിച്ച പാകിസ്താൻ ഇതോടെ സൂപ്പർ ഫോർ റൗണ്ടിലേക്ക് പ്രവേശിച്ചു. നാളെ നേപ്പാളിനെ തോൽപ്പിച്ചാൽ ഇന്ത്യയും അടുത്ത റൗണ്ടിലെത്തും.