ഹാൾ ഓഫ് ഫെയ്മിൽ വഖാർ യൂനിസ് ഇന്ത്യൻ താരം; തെറ്റ് ചൂണ്ടിക്കാട്ടി ആരാധകരുടെ ട്രോൾ മഴ
|സമൂഹ മാധ്യമങ്ങളിൽ ഈ വിഷയം ആരാധകർ ചൂണ്ടിക്കാട്ടിയതോടെയാണ് പിഴവ് ഐ.സി.സിയുടെ ശ്രദ്ധയിൽപ്പെടുന്നത്.
ഐ.സി.സി പ്രസിദ്ധീകരിച്ച ക്രിക്കറ്റിലെ ഹാള്‍ ഓഫ് ഫെയിമിൽ പാകിസ്ഥാന്റെ ഇതിഹാസ പേസ് ബൗളറെ ഇന്ത്യൻ താരമാക്കി രേഖപ്പെടുത്തിയ ഐ.സി.സിയെ ട്രോളി ആരാധകർ. വമ്പൻ അമളി പിണഞ്ഞെന്ന് മനസിലാക്കിയ അധികൃതർ ഉടൻ തന്നെ തെറ്റ് തിരുത്തി. എന്നാൽ ക്രിക്കറ്റിലെ ഏറ്റവും വലിയ ഭരണസമിതിയായ ഐ.സി.സിക്ക് സംഭവിച്ച ഇത്രയും വലിയ അബദ്ധം സമൂഹ മാധ്യമങ്ങളിൽ വലിയ വിമർശനങ്ങൾക്കും ട്രോളുകൾക്കുമാണ് വഴിവെച്ചത്.
2013ലാണ് വഖാർ യൂനിസിനെ ഹാൾ ഓഫ് ഫെയിം പട്ടികയിൽ ഐ.സി.സി ഉൾപ്പെടുത്തിയത്. 2020ൽ ഈ പട്ടികയിലേക്ക് കുറച്ച് താരങ്ങളെ കൂടി രാജ്യന്തര ക്രിക്കറ്റ് കൗൺസിൽ ചേർത്തിരുന്നു. ഇവരെ കൂടി ചേർത്ത് തയ്യാറാക്കിയ പുതുക്കിയ പട്ടിക ഇറക്കുന്നതിനിടെയാണ് ഐ.സി.സിയുടെ ഭാഗത്തു നിന്നും വലിയ വീഴ്ചയുണ്ടായത്. സമൂഹ മാധ്യമങ്ങളിൽ ഈ വിഷയം ആരാധകർ ചൂണ്ടിക്കാട്ടിയതോടെയാണ് പിഴവ് ഐ.സി.സിയുടെ ശ്രദ്ധയിൽപ്പെടുന്നത്. ഉടനെ തന്നെ ഐ.സി.സി തങ്ങളുടെ തെറ്റ് തിരുത്തിയെങ്കിലും അപ്പോഴേക്കും സംഭവം സമൂഹ മാധ്യമങ്ങളിൽ വൻ ചർച്ച ആയികഴിഞ്ഞിരുന്നു.
വിവിധ രാജ്യങ്ങളിൽ നിന്നായി 26 കളിക്കാരാണ് ഐ.സി.സിയുടെ ഹാൾ ഓഫ് ഫെയ്മിൽ ഉൾപ്പെട്ടിരിക്കുന്നത്. ആസ്‌ട്രേലിയയുടെ ഇതിഹാസ താരമായ സർ ഡോണാണ്‍ഡ് ബ്രാഡ്മാന്‍, ഇന്ത്യയുടെ എക്കാലത്തെയും മികച്ച താരങ്ങളായ സച്ചിൻ ടെണ്ടുൽക്കർ, അനില്‍ കുംബ്ലെ, രാഹുൽ ദ്രാവിഡ്, ശ്രീലങ്കയുടെ സ്പിന്‍ മാന്ത്രികന്‍ മുത്തയ്യ മുരളീധരൻ തുടങ്ങിയ പ്രമുഖരെല്ലാം പട്ടികയിൽ ഇടംപിടിച്ചിട്ടുണ്ട്.