Cricket
2023 ICC World Test Championship final, IND vs AUS WTC final, Steve Smith, Travis Head, INDvsAUS, 2023ICCWorldTestChampionshipfinal, WorldTestChampionship2023, WTCfinal2023
Cricket

ഹെഡും സ്മിത്തും വീണു; ഇന്ത്യയ്ക്ക് ആശ്വാസം

Web Desk
|
8 Jun 2023 12:13 PM GMT

മുഹമ്മദ് സിറാജാണ്, ആക്രമണവും പ്രതിരോധവുമായി ഇന്ത്യൻ ബൗളർമാരുടെ മനോവീര്യം കെടുത്തിയ ഹെഡ്-സ്മിത്ത് കൂട്ടുകെട്ട് പിരിച്ചത്

ലണ്ടൻ: ലോക ടെസ്റ്റ് ചാംപ്യൻഷിപ്പിന്റെ രണ്ടാംദിനം ഇന്ത്യയ്ക്ക് ആശ്വാസം. ഓവലിൽ ഇരട്ട സെഞ്ച്വറിയിലേക്ക് കുതിച്ച ട്രാവിസ് ഹെഡിനെയും പാറപോലെ ഉറച്ചുനിന്ന സ്റ്റീവൻ സ്മിത്തിനെയും വീഴ്ത്തി ഇന്ത്യൻ പേസർമാർ മത്സരം ഇന്ത്യയുടെ വരുതിയിലേക്ക് എത്തിച്ചിരിക്കുകയാണ്. അതേസമയം, ആസ്‌ട്രേലിയൻ ഇന്നിങ്‌സ് 400 റൺസ് കടന്നു മുന്നോട്ടു കുതിക്കുകയാണ്. ലഞ്ചിനു പിരിയുമ്പോൾ ഏഴു വിക്കറ്റ് നഷ്ടത്തിൽ 422 റൺസ് എന്ന നിലയിലാണ് ഓസീസ് സംഘം.

ആദ്യദിനം ഇന്ത്യൻ ബൗളർമാരെ വശംകെടുത്തിയ ഹെഡിനെയും സ്മിത്തിനെയും പുറത്താക്കാനായതോടെയാണ് ഇന്ത്യൻ ക്യാംപിന് ശ്വാസം നേരെ വീണത്. ഇന്നലെ 146 റൺസെടുത്ത് നിന്ന ഹെഡിന് ഇന്നു രാവിലെ 17 റൺസാണ് സ്‌കോർബോർഡിൽ കൂട്ടിച്ചേർക്കാനായത്. 26 റൺസ് കൂട്ടിച്ചേർത്ത് സ്മിത്തും മടങ്ങി. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ ചരിത്രത്തിലെ ആദ്യ രണ്ട് സെഞ്ച്വറികൾ സ്വന്തം പേരിലാക്കിയാണ് ഹെഡും സ്മിത്തും കൂടാരം കയറിയത്.

മൂന്നിന് 76 എന്ന നിലയിൽ തകർച്ച മുന്നിൽകണ്ട കങ്കാരുക്കളെ സ്മിത്തും ഹെഡും ചേർന്നാണ് ആദ്യ ദിവസം കരകയറ്റിയത്. ഒരറ്റത്ത് സ്മിത്ത് പ്രതിരോധക്കോട്ട കെട്ടി കളിച്ചപ്പോൾ അപ്പുറത്ത് ഏകദിന ശൈലിയിൽ ബാറ്റു വീശുകയായിരുന്നു ഹെഡ്. ഇന്ത്യൻ ബൗളർമാരുടെ മനോവീര്യം കെടുത്തിയ ഇന്നിങ്‌സായിരുന്നു ഇരുവരുടേതും. ഹെഡിന്റെ തകർപ്പൻ സെഞ്ച്വറിയുടെയും സ്മിത്തിന്റെ അർധസെഞ്ച്വറിയുടെയും കരുത്തിൽ ഇന്നലെ കളിനിർത്തുമ്പോൾ മൂന്നിന് 372 എന്ന ശക്തമായ നിലയിലായിരുന്നു ആസ്‌ട്രേലിയ.

അഭേദ്യമായി നിന്ന കൂട്ടുകെട്ട് എത്രയും പെട്ടെന്ന് പിരിക്കുക എന്ന ലക്ഷ്യത്തോടെയായിരുന്നു ഇന്ത്യ ഇന്ന് ഇറങ്ങിയത്. ഒടുവിൽ മുഹമ്മദ് സിറാജ് ആ ദൗത്യം നിർവഹിച്ചു. ഹെഡിനെ വിക്കറ്റ് കീപ്പർ കെ.എസ് ഭരതിന്റെ കൈയിലെത്തിച്ചായിരുന്നു സിറാജിന്റെ വക ആദ്യ ബ്രേക്ത്രൂ. 174 പന്ത് നേരിട്ട് 163 റൺസ് അടിച്ചെടുത്തായിരുന്നു ഹെഡിന്റെ മടക്കം. ഒരു സിക്‌സും 25 ഫോറും ഇന്നിങ്‌സിനു അകമ്പടിയേകി.

തൊട്ടുപിന്നാലെ വന്ന കാമറോൺ ഗ്രീൻ ബൗണ്ടറിയടിച്ചാണ് ഇന്നിങ്‌സിനു തുടക്കമിട്ടതെങ്കിലും അധികം ആയുസുണ്ടായിരുന്നില്ല. ഗ്രീനിനെ ആക്രമിക്കാൻ വിടാതെ മുഹമ്മദ് ഷമി ശുഭ്മൻ ഗില്ലിന്റെ കൈയിലെത്തിച്ചു. അപ്പുറത്ത് വിക്കറ്റ് വീണപ്പോഴും ഉറച്ചുനിന്ന സ്മിത്തിന്റെ പ്രതിരോധം തകർത്ത് ഷർദുൽ താക്കൂർ മത്സരം ഇന്ത്യയുടെ വരുതിയിലെത്തിച്ചു. മനോഹരമായൊരു ഔട്ട്‌സ്വിങ്ങറിൽ ബൗൾഡായി മടങ്ങുമ്പോൾ 268 പന്തിൽ 121 റൺസായിരുന്നു സ്മിത്തിന്റെ സമ്പാദ്യം. 19 ഫോറുകൾ സഹിതമായിരുന്നു മനോഹരമായ ഇന്നിങ്‌സ്. 22 റൺസുമായി വിക്കറ്റ് കീപ്പർ അലെക്‌സ് ഗ്രീനും രണ്ട് റൺസുമായി ക്യാപ്റ്റൻ പാറ്റ് കമ്മിൻസുമാണ് ക്രീസിലുള്ളത്.

Summary: IND vs AUS 2023 ICC World Test Championship final updates

Similar Posts