രഹാനെ-താക്കൂർ പോരാട്ടം നീണ്ടില്ല, ഇന്ത്യ ഓൾഔട്ട്; ആസ്‌ട്രേലിയയ്ക്ക് 173 റൺസ് ലീഡ്
|ആറിന് 152 എന്ന നിലയിൽ ഇന്ത്യ തകർച്ച നേരിട്ട ഇന്ത്യയെ അജിങ്ക്യ രഹാനെയും ഷര്‍ദുല്‍ താക്കൂറും ചേര്‍ന്നാണ് കരകയറ്റിയത്
ലണ്ടൻ: അജിങ്ക്യ രഹാനെയും ഷർദുൽ താക്കൂറും നടത്തിയ അസാമാന്യമായ ചെറുത്തുനിൽപ്പ് പോരാട്ടം ജീവൻനൽകിയ ഇന്ത്യൻ ഇന്നിങ്‌സ് പാതിവഴിയിൽ ഇടറിവീണു. ആസ്‌ട്രേലിയ ഉയർത്തിയ കൂറ്റൻ സ്‌കോർ പിന്തുടർന്നിറങ്ങിയ ഇന്ത്യ ആദ്യ ഇന്നിങ്‌സിൽ 296 റൺസിന് കൂടാരം കയറി. ഫോളോഓൺ ഭീഷണി ഒഴിവാക്കാനായ ആശ്വാസം മാത്രമാണ് ഇന്ന് ഇന്ത്യയ്ക്ക് ലഭിച്ചത്. 173 റൺസിന്റെ മികച്ച ലീഡുമായി ആസ്‌ട്രേലിയ രണ്ടാം ഇന്നിങ്‌സ് ബാറ്റിങ് ആരംഭിച്ചു.
ആസ്ട്രേലിയ ഉയർത്തിയ 469 എന്ന വലിയ സ്‌കോർ മറികടക്കാൻ വലിയ കടമ്പ ബാക്കിനിൽക്കെയാണ് അവശേഷിക്കുന്ന രണ്ട് സ്‌പെഷലിസ്റ്റ് ബാറ്റർമാരുമായി ഇന്ന് ഇന്ത്യ ബാറ്റിങ്ങിനിറങ്ങിയത്. അജിങ്ക്യ രഹാനെയിലും ശ്രീകാർ ഭരതിലുമായിരുന്നു ടീം ഇന്ത്യയുടെ എല്ലാ പ്രതീക്ഷയും. എന്നാൽ, ആദ്യ ഓവറിൽ തന്നെ ഇന്ത്യയ്ക്ക് ആദ്യ പ്രഹരം. സ്‌കോട്ട് ബൊലാൻഡിന്റെ വകയായിരുന്നു ആസ്ട്രേലിയയ്ക്ക് ആദ്യ വിക്കറ്റ്. മൂന്നാം ദിവസത്തെ രണ്ടാം പന്തിൽ തന്നെ ശ്രീകാർ ഭരതിനെ ക്ലീൻബൗൾഡാക്കി ബൊലാൻഡ്. വെറും അഞ്ച് റൺസെടുത്തായിരുന്നു ഭരതിന്റെ മടക്കം.
ആറിന് 152 എന്ന നിലയിൽ ഇന്ത്യ തകർച്ച മുന്നിൽകാണുമ്പോഴായിരുന്നു ഷർദുൽ താക്കൂർ അജിങ്ക്യ രഹാനെയ്‌ക്കൊപ്പം രക്ഷാപ്രവർത്തനദൗത്യം ഏറ്റെടുത്തത്. പിന്നീടങ്ങോട്ട് ഇന്ത്യൻ ആരാധകർക്ക് പ്രതീക്ഷ പകരുന്ന കാഴ്ചയായിരുന്നു ഓവലിൽ. ഏഴാം വിക്കറ്റിൽ ഒന്നിച്ച ഇരുവരും ചേർന്ന് ഇന്ത്യയെ 269 എന്ന ഫോളോഓൺ കടമ്പ കടത്തി. ഇതിനുശേഷമാണ് സഖ്യം വേർപിരിഞ്ഞത്. 109 റൺസിന്റെ കൂട്ടുകെട്ടാണ് ഇരുവരും ചേർന്ന് കൂട്ടിച്ചേർത്തത്. അർഹിച്ച സെഞ്ച്വറിക്ക് തൊട്ടരികെ രഹാനെയുടെ പോരാട്ടം അവസാനിച്ചപ്പോൾ അർധസെഞ്ച്വറിക്കു പിന്നാലെ താക്കൂരും മടങ്ങി. രഹാനെ 129 പന്ത് നേരിട്ട് 89 റൺസാണ് അടിച്ചെടുത്തത്. ഒരു സിക്‌സറും 11 ഫോറും ഇന്നിങ്‌സിനു മിഴിവേകി. 109 പന്തിൽ ആറ് ഫോർ സഹിതമാണ് താക്കൂർ 51 റൺസ് നേടിയത്.
ആദ്യ ഇന്നിങ്‌സിൽ ട്രാവിസ് ഹെഡിന്റെയും സ്റ്റീവ് സ്മിത്തിന്റെയും സെഞ്ച്വറിയുടെ കരുത്തിൽ 469 എന്ന മികച്ച സ്‌കോറാണ് ആസ്‌ട്രേലിയ ഉയർത്തിയത്. ആദ്യ ഇന്നിങ്സിനിറങ്ങിയ ഇന്ത്യ കൗണ്ടർ അറ്റാക്കിങ് ശൈലി സ്വീകരിച്ച് തകർത്തുകളിച്ചു തുടങ്ങിയെങ്കിലും ഒരൊറ്റ വിക്കറ്റ് വീഴാനുള്ള സമയമേ വേണ്ടിവന്നിരുന്നുള്ളൂ, ഓസീസിന്. ഇന്ത്യൻ നായകൻ രോഹിത് ശർമയെ(15) പുറത്താക്കി ഓസീസ് നായകൻ പാറ്റ് കമ്മിൻസ് തകർച്ചയ്ക്കു തുടക്കമിട്ടു. പിന്നീട് മുൻനിര ബാറ്റർമാർ ഒന്നിനു പിറകെ ഒന്നായി കൂടാരം കയറുന്ന കാഴ്ചയാണ് കണ്ടത്. സൂപ്പർ താരങ്ങളായ ശുഭ്മൻ ഗിൽ(15), ചേതേശ്വർ പുജാര(14), വിരാട് കോഹ്ലി(14) എന്നിവരെല്ലാം ഒന്നും ചെയ്യാനാകാതെ മടങ്ങിയപ്പോൾ വെടിക്കെട്ട് കൗണ്ടർ അറ്റാക്കുമായി രവീന്ദ്ര ജഡേജയാണ് ഇന്ത്യയ്ക്ക് പുതുജീവൻ നൽകിയത്. ജഡേജ അർധസെഞ്ച്വറിക്ക് തൊട്ടരികെ(48) വീണതോടെ ആ പ്രതീക്ഷയും അസ്തമിക്കുകയായിരുന്നു.
Summary: IND vs AUS WTC Final 2023 Highlights