റൺകോട്ട കെട്ടി ഇന്ത്യ; കിവീസിന് 540 വിജയലക്ഷ്യം
|മറുപടി ബാറ്റിങ്ങിൽ ചായയ്ക്കു പിരിയുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 13 എന്ന നിലയിലാണ് ന്യൂസിലൻഡ്
മുംബൈ ടെസ്റ്റിൽ സംഭവബഹുലമായ രണ്ടാംദിവസത്തിനുശേഷം മൂന്നാംദിനം ന്യൂസിലൻഡിനുമുൻപിൽ 540 റൺസിന്റെ കൂറ്റൻ വിജയലക്ഷ്യം ഉയർത്തി ഇന്ത്യ. അർധസെഞ്ച്വറി നേടിയ മായങ്ക് അഗർവാളിന്റെയും മൂന്നു റൺസ് മാത്രം അകലെ അർധസെഞ്ച്വറി നഷ്ടപ്പെട്ട ചേതേശ്വർ പൂജാരയുടെയും ശുഭ്മൻ ഗില്ലിന്റെയും മികച്ച പ്രകടനത്തിനു പുറമെ വാലറ്റത്തിൽ ടി20 സ്റ്റൈലിൽ തകർത്തടിച്ച അക്‌സർ പട്ടേലും ചേർന്നാണ് ഇന്ത്യൻ ലീഡ് 500 കടത്തിയത്. ഇടവേളയ്ക്കുശേഷം നായകൻ വിരാട് കോഹ്ലി ഫോം വീണ്ടെടുത്തെങ്കിലും വലിയ ഇന്നിങ്‌സാക്കി മാറ്റാനായില്ല. മറുപടി ബാറ്റിങ്ങിൽ ചായയ്ക്കു പിരിയുമ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 13 എന്ന നിലയില്‍ പരാജയം മുന്നില്‍ കാണുകയാണ് ന്യൂസിലൻഡ്.
വമ്പൻ വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ കിവികൾക്കുമുന്നിൽ പരാജയം, അല്ലെങ്കിൽ സമനില എന്ന രണ്ട് റിസൽറ്റുകൾ മാത്രമാണുള്ളത്. ഇന്ന് സ്റ്റംപെടുക്കുംവരെ സൂക്ഷിച്ചുകളിച്ച് കാര്യമായ പരിക്കില്ലാതെ കളി അവസാനിപ്പിക്കുകയായിരുന്നു ഓപണർമാരായ ടോം ലാഥമിന്റെയും വിൽ യങ്ങിൻരെയും മുന്നിലുണ്ടായിരുന്ന ദൗത്യം. എന്നാൽ, നാലാം ഓവറിൽ തന്നെ രവിചന്ദ്ര അശ്വിൻ കിവികൾക്ക് തിരിച്ചടി നൽകി. അശ്വിന്റെ പന്തിൽ ലാഥം വിക്കറ്റിനുമുന്നിൽ കുരുങ്ങി പുറത്താകുമ്പോൾ കിവി സ്‌കോർ വെറും 13.
ഇന്നലെ സ്റ്റമ്പ് എടുക്കുമ്പോൾ വിക്കറ്റ് നഷ്ടമാകാതെ 69 റൺസെന്ന നിലയിലായിരുന്ന ഇന്ത്യ ഇന്നത്തെ ആദ്യ സെഷനിൽ തന്നെ മികച്ച രീതിയിലാണ് ബാറ്റ് വീശിയത്. ഫോം കണ്ടെത്താനാകാതെ ഉഴറിയിരുന്ന ചേതശ്വർ പുജാര കൂടി ഫോം കണ്ടെത്തിയപ്പോൾ ഇന്ത്യയുടെ ഓപ്പണിങ് പാർട്ണർഷിപ്പ് കസറി. ഇരുവരുടേയും മികവിൽ ആദ്യ വിക്കറ്റിൽ ഇന്ത്യ നൂറു കടന്നു. ഒടുവിൽ സ്‌കോർ 107ൽ എത്തിയപ്പോൾ ആദ്യ ഇന്നിങ്‌സിലെ മായാജാലക്കാരൻ അജാസ് പട്ടേൽ കിവീസിന് ബ്രേക് ത്രൂ നൽകി. അജാസിന്റെ പന്ത് പൊക്കിയടിച്ച അഗർവാളിനെ ബൗണ്ടറിക്കരികിൽ യങ് പിടികൂടി. 108 പന്തിൽ 62 റൺസുമായാണ് അഗർവാൾ മടങ്ങിയത്. മികച്ച ഫോമിൽ കളിച്ചുകൊണ്ടിരുന്ന പുജാരയെയും പിടികൂടി ഇന്ത്യയ്ക്ക് വീണ്ടും അജാസ് ഷോക്ക്. 47 റൺസെടുത്ത പുജാരയെ റോസ് ടെയ്‌ലറുടെ കൈകളിലെത്തിച്ചാണ് അജാസ് വീണ്ടും കിവീസിൻറെ രക്ഷകനായത്.
തുടർന്ന് മൂന്നാമനായി ഇറങ്ങിയ ശുഭ്മൻ ഗില്ലും നായകൻ കോഹ്ലിയും ചേർന്ന് ടീമിനെ കൂട്ടത്തകർച്ചയില്ലാതെ മുന്നോട്ടുകൊണ്ടുപോയി. ഗില്ലിൻരെ മികവാർന്ന ഇന്നിങ്‌സിനു പുറമെ കോഹ്ലി താളം കണ്ടെത്തിയതും ഇന്ത്യൻ ആരാധകർക്ക് ആശ്വാസം പകരുന്നതായിരുന്നു. എന്നാൽ, അർധസെഞ്ച്വറിക്കരികെ ഗില്ലും വീണു. ഇന്ത്യൻ വംശജനായ രചിൻ രവീന്ദ്രയ്ക്ക് കന്നി ടെസ്റ്റ് വിക്കറ്റ് സമ്മാനിച്ചായിരുന്നു ഗിൽ 47 റൺസുമായി മടങ്ങിയത്. അധികം വൈകാതെ ആദ്യ ടെസ്റ്റിലെ സെഞ്ച്വറിക്കാരൻ ശ്രേയസ് അയ്യറും വീണു. അജാസ് പട്ടേലിന്റെ പന്തിൽ ടോം ബ്ലണ്ടൽ പിടിച്ച് പുറത്ത്.
തൊട്ടടുത്ത ഓവറിൽ വിരാട് കോഹ്ലിയെ വിസ്മയകരമായൊരു പന്തിൽ ബൗൾഡാക്കി രവീന്ദ്രയ്ക്ക് കരിയറിലെ രണ്ടാം വിക്കറ്റ്. 84 പന്തിൽ ഓരോ ബൗണ്ടറിയും സിക്‌സും സഹിതം 36 റൺസ് എടുത്താണ് കോഹ്ലി മടങ്ങിയത്. പിന്നീടായിരുന്നു അക്‌സർ പട്ടേലിന്റെ 'ടി20 ഇന്നിങ്‌സ്'. ഒരു വശത്ത് വിക്കറ്റ് കീപ്പർ വൃദ്ധിമാൻ സാഹയെ സാക്ഷിനിർത്തി കൂറ്റനടികളുമായി ഇന്ത്യൻ സ്‌കോറുയർത്തി അക്‌സർ. ഇതിനിടയിൽ സാഹയും ജയന്ത് യാദവും വീണതോടെ ഇന്ത്യ ഇന്നിങ്‌സ് ഡിക്ലയർ ചെയ്യുകയായിരുന്നു. 26 പന്തിൽ നാല് സിക്‌സിന്റെയും മൂന്ന് ബൗണ്ടറിയുടെയും അകമ്പടിയോടെ 41 റൺസ് അടിച്ചെടുത്ത അക്‌സർ പുറത്താകാതെ നിന്നു.