Cricket
ഒൻപത് റൺസ് ലീഡ്; ഓവലിൽ ഇന്ത്യ തിരിച്ചുവരുന്നു
Cricket

ഒൻപത് റൺസ് ലീഡ്; ഓവലിൽ ഇന്ത്യ തിരിച്ചുവരുന്നു

Web Desk
|
4 Sep 2021 12:44 PM GMT

മൂന്നാംദിനം ലഞ്ചിന് പിരിയുമ്പോൾ രണ്ടാം ഇന്നിങ്‌സിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 108 റൺസുമായി മികച്ച നിലയിലാണ് ഇന്ത്യ

ഓവൽ ടെസ്റ്റിൽ ആദ്യ ഇന്നിങ്‌സിലെ തകർച്ചയ്ക്കുശേഷം ഇന്ത്യ തിരിച്ചുവരവിന്റെ പാതയിൽ. മൂന്നാംദിനം ലഞ്ചിന് പിരിയുമ്പോൾ രണ്ടാം ഇന്നിങ്‌സിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 108 റൺസുമായി മികച്ച നിലയിലാണ് ഇന്ത്യ. രോഹിത് ശർമയും ചേതേശ്വർ പുജാരുമാണ് ക്രീസിലുള്ളത്. ഒൻപത് റൺസിന്റെ ലീഡുള്ള ഇന്ത്യയ്ക്ക് നഷ്ടമായത് കെഎൽ രാഹുലിന്‍റെ വിക്കറ്റ് മാത്രം.

രണ്ടാംദിനം കളി നിർത്തിയേടത്തുനിന്നാണ് ഇന്ത്യൻ ഓപണർമാരായ രാഹുലും രോഹിതും ഇന്ന് കളി തുടങ്ങിയത്. ജിമ്മി ആൻഡേഴ്‌സനും ക്രിസ് വോക്‌സും മികച്ച ഫോം തുടര്‍ന്നപ്പോഴും കൃത്യമായ ആസൂത്രണത്തോടെയും ഗൃഹപാഠം ചെയ്തുമായിരുന്നു രോഹിതും രാഹുലും ക്രീസിലെത്തിയതെന്നു വ്യക്തമാക്കുന്നതായിരുന്നു ഇരുവരുടെയും മികച്ച ഇന്നിങ്‌സ്. ആദ്യ ഇന്നിങ്‌സിൽ സംഭവിച്ച പിഴവുകളെല്ലാം തിരുത്തുന്ന തരത്തിൽ ഇന്ത്യയെ ശക്തമായ നിലയിലേക്കു നയിക്കുകയായിരുന്നു ഇരുവരും.

എന്നാല്‍, അർധസെഞ്ച്വറിക്ക് നാല് റൺസ് മാത്രം അകലെ രാഹുൽ വീണു. ആൻഡേഴ്‌സന്റെ പന്തിൽ വിക്കറ്റ് കീപ്പർ ജോണി ബെയർസ്‌റ്റോ പിടിച്ചു പുറത്താകുമ്പോൾ 158 പന്തില്‍ ആറു ഫോറും ഒരു സിക്സും പന്തിൽ 46 റൺസായിരുന്നു രാഹുൽ നേടിയത്. ഓപണിങ് കൂട്ടുകെട്ടിൽ റെക്കോർഡ് കുറിച്ചാണ് രാഹുൽ മടങ്ങിയത്. രോഹിതും രാഹുലും ചേർന്ന് 985 പന്തുകളാണ് ഈ പരമ്പരയിൽ ഇതുവരെ നേരിട്ടത്. 1999നുശേഷം ഇംഗ്ലണ്ടിൽ ഒരു ടെസ്റ്റ് പരമ്പരയിൽ ഓപണിങ് സഖ്യം ഇത്രയും നീണ്ട ഇന്നിങ്‌സ് കളിക്കുന്നത് ഇതാദ്യമായാണ്.

മൂന്നാമനായി ഇറങ്ങിയ പുജാര ലീഡ്‌സ് ടെസ്റ്റിലെ രണ്ടാം ഇന്നിങ്‌സിൽ കാണിച്ച അതേ മനോഭാവത്തോടെയാണ് ബാറ്റിങ് തുടരുന്നത്. ഇടയ്ക്ക് പുജാരയുമായി ചേർന്ന് രോഹിത് ഇന്ത്യയുടെ ലീഡ് നേടി. ലഞ്ചിനു പിരിയുമ്പോൾ 131 പന്തിൽ അഞ്ച് ബൗണ്ടറി സഹിതം 47 റൺസാണ് രോഹിത് നേടിയത്. 21 പന്തിൽ 14 റൺസുമായി പുജാരയും മികച്ച പിന്തുണയുമായി ക്രീസിലുണ്ട്.

Similar Posts