Cricket
India36allout, CricketAustralia, Adelaidetest
Cricket

36ന് ഓൾഔട്ട്! ടെസ്റ്റ് പരമ്പരയ്ക്ക് മുൻപ് ഇന്ത്യയെ 'ചൊറിഞ്ഞ്' ഓസീസ്

Web Desk
|
7 Feb 2023 8:44 AM GMT

അശ്വിൻ 'ഡ്യൂപ്പ്' എന്ന പേരിൽ അറിയപ്പെടുന്ന ബറോഡ താരമായ മഹേഷ് പിഥിയയെ നെറ്റ്‌സിലെത്തിച്ച് സ്റ്റീവ് സ്മിത്ത് അടക്കമുള്ള ആസ്‌ത്രേലിയൻ ബാറ്റർമാർ പരിശീലനം നടത്തുന്നത് വലിയ വാർത്തയായിരുന്നു

സിഡ്‌നി: ഇന്ത്യ-ആസ്‌ട്രേലിയ ബോർഡർ-ഗവാസ്‌കർ ട്രോഫി ടെസ്റ്റ് പരമ്പരയ്ക്ക് വ്യാഴാഴ്ച തുടക്കം കുറിക്കാനിരിക്കെ ആവേശത്തിലാണ് ക്രിക്കറ്റ് ആരാധകർ. ഇന്ത്യയിൽ പരമ്പര സ്വന്തമാക്കാനുറച്ചാണ് ആസ്‌ട്രേലിയ എത്തുന്നത്. ആസ്‌ട്രേലിയൻ മണ്ണിലെ ഇന്ത്യൻ ഐതിഹാസിക വിജയം കങ്കാരുക്കളുടെ മനസിലുണ്ട്. ഇന്ത്യൻ മണ്ണിൽ അതിനു കണക്കുതീർക്കാമെന്നാണ് കണക്കുകൂട്ടൽ.

പരമ്പരയ്ക്കായി വൻ മുന്നൊരുക്കങ്ങളാണ് ആസ്‌ട്രേലിയ നടത്തുന്നത്. സ്പിന്നർമാരുടെ പറുദീസയായ ഇവിടത്തെ പിച്ചുകളിൽ രവിചന്ദ്രൻ അശ്വിൻ, അക്‌സർ പട്ടേൽ അടക്കമുള്ള ഇന്ത്യൻ സ്പിന്നർമാർക്കെല്ലാം ഗൃഹപാഠം ചെയ്തുതന്നെയാണ് ഓസീസ് സംഘം എത്തുന്നത്. ബറോഡ താരമായ മഹേഷ് പിഥിയ എന്ന അശ്വിൻ 'ഡ്യൂപ്പി'നെ വരെ ഇറക്കി സ്റ്റീവ് സ്മിത്ത് അടക്കമുള്ള ആസ്‌ത്രേലിയൻ ബാറ്റർമാർ പരിശീലനം നടത്തുന്നത് വലിയ വാർത്തയായിരുന്നു.

എന്നാൽ, പരമ്പര തുടങ്ങുംമുൻപ് ഇന്ത്യയെ പ്രകോപിപ്പിച്ചുകൊണ്ട് ഒരു വിഡിയോ ക്രിക്കറ്റ് ആസ്‌ട്രേലിയ സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ്. ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ ഒരു കാലത്തും മറക്കാനിടയില്ലാത്ത നാണക്കേടിന്‍റെ അധ്യായം തുറന്നാണ് പ്രകോപനം. കഴിഞ്ഞ തവണ ആസ്‌ട്രേലിയ ആതിഥ്യംവഹിച്ച ബോർഡർ-ഗവാസ്‌കർ പരമ്പരയിൽ അഡലെയ്ഡിലെ ഇന്ത്യയുടെ നാണംകെട്ട പ്രകടനമാണ് സോഷ്യൽ മീഡിയയിൽ ഓർമിപ്പിച്ചത്.

ആദ്യ ഇന്നിങ്‌സിൽ കേളികേട്ട ഇന്ത്യൻ സംഘം വെറും 36 റൺസിന് പുറത്തായതിന്റെ പ്രസക്ത ഭാഗങ്ങളാണ് ക്രിക്കറ്റ് ആസ്‌ട്രേലിയ പങ്കുവച്ചത്. '36 റൺസിന് ഓൾഔട്ട്(ആശ്ചര്യസൂചകമായ ഇമോജി) ബോർഡർ-ഗവാസ്‌കർ ട്രോഫി വ്യാഴാഴ്ച തുടങ്ങുന്നു' എന്ന അടിക്കുറിപ്പും വിഡിയോക്കൊപ്പം ചേർത്തിട്ടുണ്ട്.

പോസ്റ്റ് ഇന്ത്യൻ ആരാധകരെ ശരിക്കും ചൊടിപ്പിച്ചിരിക്കുകയാണ്. എന്നാൽ, പരമ്പരയുടെ ഫലം ചൂണ്ടിക്കാട്ടിയാണ് ആരാധകർ മറുപടി നൽകിയത്. പരമ്പരയുടെ സ്‌കോർലൈൻ പറയാമോ എന്ന് ട്വീറ്റ് പങ്കുവച്ച് മുൻ ഇന്ത്യൻ ക്രിക്കറ്റർ ആകാശ് ചോപ്ര ചോദിച്ചു. ആദ്യ ടെസ്റ്റിലെ തോൽവിക്കുശേഷം വിരാട് കോഹ്ലി, രോഹിത് ശർമ, ജസ്പ്രീത് ബുംറ എന്നിവരുടെ അഭാവത്തിൽ ഇന്ത്യൻ യുവനിരയുടെ കരുത്തിൽ പരമ്പര ഇന്ത്യ 2-1ന് പിടിച്ചെടുത്തിരുന്നു. ഗാബയിൽ നേടിയ ഐതിഹാസിക വിജയം ആസ്‌ത്രേലിയയെ ശരിക്കും ഞെട്ടിച്ചുകളയുകയും ചെയ്തു.

Summary: Cricket Australia's '36 all-out' tweet for India creates storm, as The Border-Gavaskar Trophy is set to begin

Similar Posts