Cricket
പന്തിനു പിന്നാലെ ജഡേജയ്ക്കും സെഞ്ച്വറി; ഇന്ത്യ 416 റൺസിന് പുറത്ത്
Cricket

പന്തിനു പിന്നാലെ ജഡേജയ്ക്കും സെഞ്ച്വറി; ഇന്ത്യ 416 റൺസിന് പുറത്ത്

Web Desk
|
2 July 2022 10:58 AM GMT

98ന് അഞ്ച് എന്ന നിലയിൽ നിന്നാണ് ഇന്ത്യ മികച്ച സ്‌കോർ പടുത്തുയർത്തിയത്

ബർമിങ്ങാം: ഇംഗ്ലണ്ടിനെതിരെയുള്ള അഞ്ചാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്‌സിൽ ഇന്ത്യക്ക് മികച്ച സ്‌കോർ. റിഷഭ് പന്തിന്റെ സെഞ്ച്വറിക്ക് പിന്നാലെ ഓൾ റൗണ്ടർ രവീന്ദ്ര ജഡേജയും ശതകം കണ്ടെത്തിയതോടെ സന്ദർശകർ 416 റൺസാണ് അടിച്ചുകൂട്ടിയത്. വാലറ്റത്ത് 16 പന്തിൽ നിന്ന് 31 റൺസ് നേടിയ ക്യാപ്റ്റൻ ബുംറയുടെ ബാറ്റിങ്ങും നിർണായകമായി. 98ന് അഞ്ച് എന്ന നിലയിൽ നിന്നാണ് ഇന്ത്യ മികച്ച സ്‌കോർ പടുത്തുയർത്തിയത്.

194 പന്തിൽനിന്ന് 104 റൺസാണ് ജഡേജ അടിച്ചുകൂട്ടിയത്. ഏകദിന ശൈലിയിൽ ബാറ്റു വീശിയ പന്ത് 111 പന്തിൽ 146 റൺസ് നേടി. ആറാം വിക്കറ്റിൽ സഖ്യം നേടിയ 222 റൺസാണ് ഇന്ത്യൻ ഇന്നിങ്‌സിന്റെ നെടുന്തൂണായത്. ഏഴിന് 338 എന്ന നിലയിൽ രണ്ടാം ദിനം ബാറ്റിങ് ആരംഭിച്ച ഇന്ത്യ അതിവേഗമാണ് റണ്‍സ് നേടിയത്.

83 റൺസുമായി കളത്തിലിറങ്ങിയ ജഡേജ രണ്ടാം ദിനത്തിന്റെ ആദ്യ സെഷനിൽ തന്നെ സെഞ്ച്വറി നേടി. ജയിംസ് ആൻഡേഴ്‌സന്റെ പന്തിലാണ് താരം പുറത്തായത്. പിന്നാലെ വന്ന മുഹമ്മദ് ഷമി 16 റൺസെടുത്തു പുറത്തായി. ഇരുവരും പുറത്തായ ശേഷം തകർത്തു കളിച്ച ജസ്പ്രീത് ബുംറയാണ് ഇന്ത്യൻ സ്‌കോർ നാനൂറു കടത്തിയത്. പതിനാറു പന്തിൽനിന്ന് രണ്ടു സിക്‌സറിന്റെയും നാലു ബൗണ്ടറിയുടെയും അകമ്പടിയോടെയാണ് ബുംറയുടെ ഇന്നിങ്‌സ്.

ഇംഗ്ലണ്ടിനായി ജെയിംസ് ആൻഡേഴ്‌സൺ അഞ്ചു വിക്കറ്റു വീഴ്ത്തി. മാത്യുപോട്ട് രണ്ടു വിക്കറ്റു വീഴ്ത്തിയപ്പോൾ സ്റ്റുവർട്ട് ബോർഡ്, ബെൻ സ്‌റ്റോക്‌സ്, ജോ റൂട്ട് എന്നിവർ ഓരോ വിക്കറ്റു വീതം വീഴ്ത്തി.

ടെസ്റ്റിന്റെ ഒന്നാം ദിനം ഓപണർമാരായ ശുഭ്മാൻ ഗിൽ (17), ചേതേശ്വർ പുജാര (13), ഹനുമാൻ വിഹാരി (20), വിരാട് കോലി (11), ശ്രേയസ് അയ്യർ (15), ശാർദുൽ ഠാക്കൂർ (1) എന്നിവരുടെ വിക്കറ്റുകളാണ് നഷ്ടമായിരുന്നത്.

കഴിഞ്ഞവർഷം ഇംഗ്ലണ്ടിൽ നടന്ന പരമ്പരയിലെ അഞ്ചാം മത്സരം കോവിഡിനെത്തുടർന്ന് അവസാനനിമിഷം മാറ്റുകയായിരുന്നു. അടുത്ത സൗകര്യപ്രദമായ സമയത്ത് അത് കളിക്കാനെത്താമെന്ന് ഇന്ത്യ ഉറപ്പുനൽകി. അതാണിപ്പോൾ നടക്കുന്നത്. പരമ്പരയിൽ ഇന്ത്യ 2-1-ന് മുന്നിട്ടുനിൽക്കുകയാണ്.

Similar Posts