ഡച്ച് പട നിഷ്പ്രഭം; സിഡ്‌നിയിൽ ഇന്ത്യയ്ക്ക് 57 റൺസ് ജയം
|പവർപ്ലേയിൽ ഭുവനേശ്വര്‍ എറിഞ്ഞ തുടർച്ചയായ രണ്ട് ഓവറുകളും മെയ്ഡനായി. അതിൽ ഇന്ത്യൻ വംശജനായ ഡച്ച് ഓപണർ വിക്രംസിജ് സിങ്ങിന്റെ വിക്കറ്റും
സിഡ്‌നി: ഡച്ച് പടയെയും നിഷ്പ്രഭരാക്കി ടീം ഇന്ത്യ മുന്നോട്ട്. സിഡ്‌നി ക്രിക്കറ്റ് ഗ്രൗണ്ടിലെ വലിയ മൈതാനത്ത് കിങ് കോഹ്ലിയും ഹിറ്റ്മാൻ രോഹിതും '360' സൂര്യയും നടത്തിയ മിന്നും ഇന്നിങ്‌സിൽ ഇന്ത്യ ഉയർത്തിയ 180 റൺസിന്റെ വിജയലക്ഷ്യം പിന്തുടർന്ന നെതർലൻസ് 56 റൺസകലെ വീണു. ഷാരിസ് അഹ്മദും പോൾ വാൻ മീകരെനും അടക്കമുള്ള വാലറ്റനിര നടത്തിയ പോരാട്ടമാണ് ഇന്ത്യയുടെ കൂറ്റൻ വിജയ സ്വപ്‌നങ്ങൾ തട്ടിത്തെറിപ്പിച്ചത്.
ഇന്ത്യ ഉയർത്തിയ 180 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഡച്ച് സംഘത്തെ ഭുവനേശ്വർ കുമാറും അർഷ്ദീപ് സിങ്ങും ചേർന്ന് തുടക്കത്തിൽ തന്നെ വിറപ്പിക്കുന്ന കാഴ്ചയാണ് സിഡ്‌നിയിൽ കണ്ടത്. പവർപ്ലേയിൽ ഭുവി എറിഞ്ഞ തുടർച്ചയായ രണ്ട് ഓവറുകൾ മെയ്ഡനായി. അതിൽ നെതർലൻഡ്‌സിന്റെ ഇന്ത്യൻ വംശജനായ ഓപണർ വിക്രംസിജ് സിങ്ങിന്റെ വിക്കറ്റും.
പിന്നീട് വന്നവരെല്ലാം ചെറിയ സംഭാവനകൾ മാത്രം നൽകി മടങ്ങുകയായിരുന്നു. കഴിഞ്ഞ മത്സരത്തിൽ അർധസെഞ്ച്വറിയുമായി തിളങ്ങിയ കോളിൻ അക്കർമാനും(17) വാലറ്റത്തിൽ സ്പിന്നർ ടിം പ്രിംഗിളും(20) ആണ് പോരാടാനെങ്കിലും നോക്കിയത്. മാക്‌സ് ഒഡൗഡ്(16), ബസ് ഡി ലീഡ്(16), ഷാരിസ് അഹ്മദ്(16), പോള്‍ മീകരന്‍(14) എന്നിവരാണ് രണ്ടക്കം കടന്ന മറ്റ് ഡച്ച് ബാറ്റർമാർ.
ഇന്ത്യൻ ബൗളർമാരിൽ ഭുവനേശ്വർ കുമാർ തന്നെയാണ് നെതർലൻഡ്‌സിനെ വരിഞ്ഞുമുറുക്കിയത്. മൂന്ന് ഓവറിൽ രണ്ട് വിക്കറ്റ് നേടി വെറും ഒൻപത് റൺസാണ് ഭുവി വിട്ടുകൊടുത്തത്. ഭുവിക്കൊപ്പം അർഷ്ദീപ് സിങ്ങും അക്‌സർ പട്ടേലും രവിചന്ദ്രൻ അശ്വിനുമെല്ലാം രണ്ടു വീതം വിക്കറ്റ് കൊയ്തു. മുഹമ്മദ് ഷമിക്ക് ഒരു വിക്കറ്റും ലഭിച്ചു.
ടോസ് നേടിയ ഇന്ത്യൻ നായകൻ രോഹിത് ശർമ ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. എന്നാൽ, ടീം ഇന്ത്യയുടേത് മികച്ച തുടക്കമായിരുന്നില്ല. ടീം സ്‌കോർ പതിനൊന്നിൽ നിൽക്കെ ലോകേഷ് രാഹുൽ പുറത്ത്. ഒൻപത് റൺസായിരുന്നു രാഹുലിന്റെ സമ്പാദ്യം. ഒരു ബൗണ്ടറി മാത്രം കണ്ടെത്തിയ രാഹുലിനെ മീകെരൻ വിക്കറ്റിന് മുന്നിൽ കുരുക്കുകയായിരുന്നു. എന്നാൽ രണ്ടാം വിക്കറ്റിൽ രോഹിതും കോഹ് ലിയും ഒത്തുചേർന്നെങ്കിലും റൺസ് അധികം പിറന്നില്ല. സ്ലോ ബോളുകൾ എറിഞ്ഞ് ഇന്ത്യയെ മെരുക്കി.
അതിനിടെ രോഹിത് നൽകിയ ക്യാച്ച് നെതർലാൻഡ് നഷ്ടപ്പെടുത്തുകയും ചെയ്തു. ജീവൻ ലഭിച്ച രോഹിത് പതിയെ ഫോം വീണ്ടെടുത്തു. 39 പന്തിൽ മൂന്ന് സിക്സറും നാല് ബൗണ്ടറിയും ഉൾപ്പെടെയായിരുന്നു രോഹിതിന്റെ ഇന്നിങ്സ്. രോഹിത് പോയതിന് പിന്നാലെ കോഹ്ലി കടിഞ്ഞാൺ ഏറ്റെടുത്തു. കൂട്ടിന് സൂര്യകുമാർ യാദവ് കൂടി ചേർന്നതോടെ സ്‌കോർബോർഡിന് വേഗത കൈവരിക്കാൻ തുടങ്ങി. അതിനിടെ കോഹ്ലിയും അർധ സെഞ്ച്വറി കണ്ടെത്തി. ഈ ടൂർണമെന്റിലെ കോഹ്ലിയുടെ തുടർച്ചയായ രണ്ടാം അർധ സെഞ്ച്വറിയാണിത്. അവസാന ഓവറുകളിൽ റൺറേറ്റ് ഉയർത്താൻ ഇരുവരും ആഞ്ഞുശ്രമിച്ചു.
ഒടുവിൽ കളി അവസാനിക്കുമ്പോൾ ഇന്ത്യയുടെ സ്‌കോർ 179 . വിരാട് കോഹ്ലി 44 പന്തിൽ 62 റൺസെടുത്തു. സൂര്യകുമാർ യാദവ് 25 പന്തിൽ 51 റൺസെടുത്തു. ഏഴ് ഫോറും ഒരു സിക്സറും അടങ്ങുന്നതായിരുന്നു സൂര്യകുമാർ യാദവിന്റെ ഇന്നിങ്സ്. അവസാന പന്തിൽ സിക്സർ പറത്തിയായിരുന്നു സൂര്യകുമാർ യാദവിന്റെ അർധ സെഞ്ച്വറി.
Summary: All-Round India beat Netherlands by 56 runs in T20 World Cup 2022