സഞ്ജു ലോകകപ്പിന്? ഋതുരാജ് ഗെയ്ക്ക്‌വാദ് നായകനായി ഏഷ്യൻ ഗെയിംസ് സംഘത്തെ പ്രഖ്യാപിച്ച് ബി.സി.സി.ഐ
|കഴിഞ്ഞ ടി20 ലോകകപ്പിൽ ഇന്ത്യൻ സ്‌ക്വാഡിലുണ്ടായിരുന്ന ദീപക് ഹൂഡ യുവതാരങ്ങളുടെ സംഘത്തിലും ഇടംലഭിക്കാതെ പകരക്കാരുടെ പട്ടികയിലേക്ക് തരംതാഴ്ത്തപ്പെട്ടിരിക്കുകയാണ്
ന്യൂഡൽഹി: ഏഷ്യൻ ഗെയിംസിനുള്ള ഇന്ത്യൻ ക്രിക്കറ്റ് സംഘത്തെ പ്രഖ്യാപിച്ചു. ഏകദിന ലോകകപ്പ് സമയമായതിനാൽ യുവസംഘത്തെയാണ് ബി.സി.സി.ഐ ചൈനയിലേക്ക് അയക്കുന്നത്. ചെന്നൈ സൂപ്പർ കിങ്‌സ് ഓപണർ ഋതുരാജ് ഗെയ്ക്ക്‌വാദ് നയിക്കുന്ന സംഘത്തിൽ സീനിയർ താരങ്ങളൊന്നുമില്ല. സഞ്ജു സാംസണും ടീമിൽ ഇടംലഭിച്ചിട്ടില്ല.
ടീമിൽ ഉൾപ്പെട്ടിട്ടില്ലാത്തതിനാൽ ലോകകപ്പ് സ്‌ക്വാഡിലേക്ക് സഞ്ജുവിനെ പരിഗണിക്കുമെന്ന സൂചനയാണ് ബി.സി.സി.ഐ നൽകുന്നത്. സ്റ്റാൻഡ് ബൈ ആയെങ്കിലും ടീമിനൊപ്പം താരമുണ്ടാകും. ലോകകപ്പിന് പരിഗണിക്കുന്ന സീനിയർ താരങ്ങളും ദേശീയ ടീമിന്റെ ഭാഗമായ യുവതാരങ്ങളൊന്നുമില്ലാതെയാണ് 19-ാമത് ഏഷ്യൻ ഗെയിംസിനുള്ള സംഘത്തെ പ്രഖ്യാപിച്ചത്. റിങ്കു സിങ്, തിലക് വർമ, ജിതേഷ് ശർമ, യശസ്വി ജയ്‌സ്വാൾ തുടങ്ങിയ യുവതാരങ്ങൾക്കെല്ലാം ദേശീയ ടീമിലേക്ക് വിളിയെത്തിയിട്ടുണ്ട്.
കഴിഞ്ഞ ടി20 ലോകകപ്പിൽ ഇന്ത്യൻ ടീമിലുണ്ടായിരുന്ന ദീപക് ഹൂഡ പകരക്കാരുടെ പട്ടികയിലേക്ക് തരംതാഴ്ത്തപ്പെട്ടിരിക്കുകയാണ്. അർശ്ദീപ് സിങ്ങും ആവേശ് ഖാനും പ്രധാന സീമർമാരായി ടീമിൽ ഇടംപിടിച്ചതും ശ്രദ്ധേയമാണ്. ഇരുവരും ലോകകപ്പ് സംഘത്തിലുണ്ടാകില്ലെന്നു വ്യക്തമായിരിക്കുകയാണ്. ഇതോടെ ഇന്ത്യയുടെ പേസ് കുന്തമുന ജസ്പ്രീത് ബുംറ ലോകകപ്പിൽ ഇന്ത്യൻ ബൗളിങ് ആക്രമണം നയിക്കാൻ മുന്നിലുണ്ടാകുമെന്ന സൂചനയാണ് അജിത് അഗർക്കറിന്റെ നേതൃത്വത്തിലുള്ള സെലക്ഷൻ ടീം നൽകുന്നത്. രവി ബിഷ്‌ണോയ് മാത്രമാണ് ഏക സ്‌പെഷലിസ്റ്റ് സ്പിന്നർ.
ഇന്ത്യയുടെ ഏഷ്യൻ ഗെയിംസ് സ്‌ക്വാഡ്: ഋതുരാജ് ഗെയ്ക്ക്‌വാദ്(ക്യാപ്റ്റൻ), യശസ്വി ജയ്‌സ്വാൾ, രാഹുൽ തൃപാഠി, തിലക് വർമ, റിങ്കു സിങ്, ജിതേഷ് ശർമ(വിക്കറ്റ് കീപ്പർ), വാഷിങ്ടൺ സുന്ദർ, ഷഹബാസ് അഹ്മദ്, രവി ബിഷ്‌ണോയ്, ആവേശ് ഖാൻ, അർശ്ദീപ് സിങ്, മുകേഷ് കുമാർ, ശിവം മാവി, ശിവം ദുബെ, പ്രഭ്‌സിംറാൻ സിങ്(വിക്കറ്റ് കീപ്പർ).
സ്റ്റാൻഡ് ബൈ: യാഷ് താക്കൂർ, സായ് കിഷോർ, വെങ്കിടേഷ് അയ്യർ, ദീപക് ഹൂഡ, സായ് സുദർശൻ.
Summary: India squad for Asian Games: Ruturaj Gaikwad captain; Shivam Dube returns Rinku, Prabhsimran earn maiden call-ups