ഹിറ്റ്മാൻ ഓൺ ഫയർ, ബുംറ ബാക്ക്, ഡി.കെ ഫിനിഷ്; ഹൈദരാബാദില് ഇന്ന് 'കലാശപ്പോര്'
|എട്ട് ഓവറായി ചുരുക്കിയ രണ്ടാം മത്സരത്തിൽ കങ്കാരുക്കൾക്കെതിരെ നേടിയ ത്രസിപ്പിക്കുന്ന വിജയത്തിനുശേഷം നിർണായക പോരാട്ടത്തിനാണ് ഇന്ത്യ ഇന്ന് ഇറങ്ങുന്നത്
ഹൈദരാബാദ്: നാഗ്പൂരിൽ പിച്ചിലെ വെള്ളക്കെട്ടുമൂലം എട്ട് ഓവറായി ചുരുക്കിയ രണ്ടാം മത്സരത്തിൽ ഓസീസ് സംഘത്തിനെതിരെ നേടിയ ത്രസിപ്പിക്കുന്ന വിജയത്തിനുശേഷം ഇന്ന് 'ഫൈനൽ' പോരാട്ടത്തിനിറങ്ങുന്നു. ഇന്നു വൈകീട്ട് ഏഴിനാണ് മൂന്ന് മത്സരങ്ങളടങ്ങിയ ടി20 പരമ്പരയിലെ അവസാന മത്സരം. ഹൈദരാബാദ് രാജീവ് ഗാന്ധി രാജ്യാന്തര സ്റ്റേഡിയമാണ് വൈകീട്ട് ഏഴരയ്ക്ക് നിർണായക പോരാട്ടത്തിനു വേദിയാകുന്നത്.
ആദ്യ മത്സരത്തിൽ വിവിധ ഡിപ്പാർട്ട്മെന്റുകളിൽ സംഭവിച്ച പാകപ്പിഴവുകൾക്കുശേഷം വെള്ളിയാഴ്ച നാഗ്പൂരിൽ ഇന്ത്യയ്ക്ക് ആശ്വാസത്തിന്റെ ദിനമായിരുന്നു. മത്സരം എട്ട് ഓവറായി ചുരുക്കിയെങ്കിലും നായകൻ രോഹിത് ശർമ കത്തും ഫോമിലെത്തിയതു തന്നെയാണ് ആദ്യത്തെ ആശ്വാസം. ഒപ്പം പേസ് ആക്രമണത്തിന്റെ കുന്തമുന ജസ്പ്രീസ് ബുംറയുടെ തിരിച്ചുവരവും. കത്തിക്കയറിയ ഓസീസ് നായകൻ ആരോൺ ഫിഞ്ച് ബുംറയുടെ തീതുപ്പും യോർക്കറിൽ പ്രതിരോധം തകർന്ന് മടങ്ങിയ കാഴ്ചയായിരുന്നു രണ്ടാം മത്സരത്തിൽ ഇന്ത്യൻ ആരാധകർക്ക് ഏറ്റവും ആശ്വാസം പകർന്ന കാഴ്ച. ദിനേശ് കാർത്തിക്കിന്റെ സൂപ്പർ ഫിനിഷിലൂടെ ആസ്ട്രേലിയ ഉയർത്തിയ കൂറ്റൻ സ്കോർ നാലു പന്തുകൾ ബാക്കിനിൽക്കെ ഇന്ത്യ മറികടക്കുകയും ചെയ്തു.
അതേസമയം, ഡെത്ത് ഓവറിലടക്കം ബൗളിങ് യൂനിറ്റിൽ ഇനിയും പരിഹരിക്കാനാകാത്ത പ്രശ്നങ്ങൾ ഇന്ത്യയ്ക്ക് തലവേദനയായി തുടരുകയാണ്. ലോകകപ്പിൽ ബുംറയ്ക്കൊപ്പം ഇന്ത്യൻ ഇലവനിൽ സ്ഥാനമുറപ്പിച്ചിരുന്ന ഹർഷൽ പട്ടേലിന്റെ കാര്യം തന്നെയാണ് പ്രധാന വെല്ലുവിളി. കഴിഞ്ഞ മത്സരത്തിലും അവസാന ഓവറുകളിൽ ഓസീസ് വിക്കറ്റ് കീപ്പർ മാത്യു വെയ്ഡിന്റെ പ്രഹരത്തിനുമുന്നിൽ നിസ്സഹായനായി നോക്കിനിൽക്കുകയായിരുന്നു താരം.
ഒപ്പം ഇന്ത്യയുടെ സൂപ്പർ താരവും പ്രധാന സ്പിന്നറുമായ യുസ്വേന്ദ്ര ചഹലും നായകൻ രോഹിതിന് ഒരുതരത്തിലും ഉപകാരപ്പെടാത്ത സ്ഥിതിയാണ്. മധ്യഓവറുകളിൽ വിക്കറ്റുകൾ വീഴ്ത്താൻ ചഹലിന് ആകുന്നില്ലെന്നു മാത്രമല്ല, നന്നായി റൺസ് ചോർത്തുകയും ചെയ്യുന്നുണ്ട് അടുത്തിടെ നടന്ന മത്സരങ്ങളിലെല്ലാം. എതിരാളികൾക്ക് ചഹൽ ഒരു വെല്ലുവിളിയല്ലാതായി മാറിയിട്ടുണ്ട്.
മറുവശത്ത്, ലോകകപ്പ് സംഘത്തിലെ സ്ഥിരംസാന്നിധ്യങ്ങളായ ഡേവിഡ് വാർണർ, മാർക്കസ് സ്റ്റോയ്നിസ്, മിച്ചൽ സ്റ്റാർക്ക്, മിച്ച് മാർഷ് എന്നിവരുടെ അഭാവത്തിലും ഇന്ത്യയുടെ ഫുൾസ്ട്രെങ്ത് ടീമിനെ ഇവിടെവച്ചു തന്നെ കീഴടക്കാനായതിന്റെ ആത്മവിശ്വാസത്തിലാണ് ഓസീസ് നായകൻ ഫിഞ്ച്. കൂറ്റൻ സ്കോർ വന്ന ആദ്യ മത്സരം പിന്തുടർന്നു ജയിച്ചതിനു പുറമെ ചുരുങ്ങിയ ഓവറിൽ നടന്ന രണ്ടാം കളിയും അവസാന ഓവർ വരെ കൈപിടിയിൽ നിർത്തിയിരുിന്നു കങ്കാരുക്കൾ. പേസ് താരങ്ങളായ ജോഷ് ഹേസൽവുഡ്, പാറ്റ് കമ്മിൻസ് എന്നിവർ വേണ്ടത്ര താളംകണ്ടെത്താത്തതു മാത്രമാണ് ഫിഞ്ചിന് തലവേദനയായിട്ടുള്ളത്.
Summary: India vs Australia 3rd T20I Match Preview, LIVE Streaming details: When and where to watch IND vs AUS 3rd T20I online and on TV?