Cricket
IndiavsAustraliatestseries2023, BorderGavaskarTrophy2023, ViratKohli, AxarPatel
Cricket

തേര് തെളിച്ച് കോഹ്ലി; ലീഡും കടന്ന് ഇന്ത്യന്‍ കുതിപ്പ്

Web Desk
|
12 March 2023 9:51 AM GMT

നാലാംദിനം ചായസമയം പിന്നിടുമ്പോള്‍ അഞ്ചിന് 518 റൺസ് എന്ന നിലയിലാണ് ഇന്ത്യ. 38 റണ്‍സ് ലീഡും സ്വന്തമാക്കിയിട്ടുണ്ട്

അഹ്മദാബാദ്: 1,205 ദിവസത്തെ കാത്തിരിപ്പ് അവസാനിപ്പിച്ച് വിരാട് കോഹ്ലി നേടിയ സെഞ്ച്വറിക്കരുത്തിൽ ആസ്‌ട്രേലിയയ്‌ക്കെതിരെ ഇന്ത്യൻ തേരോട്ടം. ലോക ടെസ്റ്റ് ചാംപ്യൻഷിപ്പ് ഫൈനൽ സ്വപ്‌നം കാണുന്ന ഇന്ത്യ ലീഡും കടന്ന് മുന്നേറുകയാണ്. നാലാംദിനം ചായസമയം പിന്നിടുമ്പോള്‍ അഞ്ചിന് 518 റൺസ് എന്ന നിലയിലാണ് ആതിഥേയര്‍. 38 റണ്‍സ് ലീഡും സ്വന്തമാക്കിയിട്ടുണ്ട്. 169 റൺസുമായി വിരാട് കോഹ്ലിയും 50 റൺസുമായി അക്‌സർ പട്ടേലുമാണ് ക്രീസിലുള്ളത്.

ആസ്‌ട്രേലിയ ഉയർത്തിയ 480 എന്ന വൻലക്ഷ്യം പിന്തുടർന്നിറങ്ങിയ ഇന്ത്യ യുവതാരം ശുഭ്മൻ ഗില്ലിന്റെ കന്നി ടെസ്റ്റ് സെഞ്ച്വറിയുടെ കരുത്തിൽ മൂന്നിന് 289 എന്ന നിലയിലാണ് ഇന്നലെ കളി അവസാനിപ്പിച്ചത്. ആസ്‌ട്രേലിയ 191 റൺസ് ലീഡുമായി ഇന്ന് മത്സരം പുനരാരംഭിക്കുമ്പോൾ താളം കണ്ടെത്തിയ വിരാട് കോഹ്ലിയും മികച്ച ഫോമിലുള്ള രവീന്ദ്ര ജഡേയുമാണ് ക്രീസിലുണ്ടായിരുന്നത്. ആദ്യ മണിക്കൂറുകളിൽ ഇരുവരെയും കൂടാരം കയറ്റിയാൽ മത്സരം പിടിയിലാക്കാമെന്നായിരുന്നു ഓസീസ് മോഹങ്ങൾ.

തുടക്കത്തിൽ ജഡേജ(28)യെ ഉസ്മാൻ ഖവാജയുടെ കൈയിലെത്തിച്ച് മർഫി ദൗത്യത്തിനു തുടക്കമിട്ടു. എന്നാൽ, പിന്നീടങ്ങോട്ട് മത്സരം സന്ദർശകരുടെ കൈയിൽനിന്ന് കോഹ്ലി തട്ടിയെടുത്തു. ആദ്യ ടെസ്റ്റ് പരമ്പര കളിക്കുന്ന കെ.എസ് ഭരതിന് ഉറച്ച പിന്തുണ നൽകി സൂപ്പർ താരം. എന്നാൽ, അർധസെഞ്ച്വറിക്ക് ആറ് റൺസ് അകലെ ഭരതിനെ നേഥൻ ലയൺ പിടികൂടി. ഹാൻസ്‌കോംപ് പിടിച്ച് പുറത്താകുമ്പോൾ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടിൽ കോഹ്ലിയുമായി ചേർന്ന് 84 റൺസാണ് താരം കൂട്ടിച്ചേർത്തത്. 88 പന്ത് നേരിട്ട് രണ്ട് ഫോറും മൂന്ന് സിക്‌സറും സഹിതം 44 റൺസായിരുന്നു ഭരതിന്റെ സമ്പാദ്യം.

ഭരത് പോയതിനു പിന്നാലെ മൂന്നു വർഷത്തോളം നീണ്ട കാത്തിരിപ്പ് അവസാനിപ്പിച്ച് കോഹ്ലി ടെസ്റ്റ് സെഞ്ച്വറിയും കുറിച്ചു. ക്ഷമയോടെ ക്രീസിൽ നങ്കൂരമിട്ടു കളിച്ച താരം ടെസ്റ്റ് കരിയറിലെ 75-ാം സെഞ്ച്വറി കണ്ടെത്താനെടുത്തത് 241 പന്താണ്. ഈ സമയത്ത് ആകെ അഞ്ചു ബൗണ്ടറി മാത്രമാണ് അക്കൗണ്ടിലുണ്ടായിരുന്നത്. കാത്തിരിപ്പ് അവസാനിച്ചതോടെ കോഹ്ലിയും ഗിയർ മാറ്റി. പിന്നീടങ്ങോട്ട് ശൈലി മാറ്റിയ താരം 313 പന്ത് നേരിടുമ്പോൾ 150ഉം കടന്നു.

മറുവശത്ത് അക്‌സർ പട്ടേൽ കരുതലോടെയാണ് ബാറ്റ് വീശിയത്. മോശം പന്തുകളെ ആക്രമിച്ചും പ്രതിരോധം ഉറപ്പിച്ചും താരം അർധസെഞ്ച്വറിയും കടന്നു കുതിക്കുകയാണ്. 99 പന്ത് നേരിട്ടാണ് അക്‌സർ അർധസെഞ്ച്വറി പിന്നിട്ടത്.

Summary: India vs Australia Live 4th Test live updates

Similar Posts