Cricket
India vs Australia Live Score, 1st T20I, Josh Inglis
Cricket

വിശാഖപട്ടണത്ത് ഇംഗ്ലിസ് ബ്ലാസ്റ്റ്; ഇന്ത്യയ്‌ക്കെതിരെ ആസ്‌ട്രേലിയ്ക്ക് കൂറ്റൻ സ്‌കോർ

Web Desk
|
23 Nov 2023 3:32 PM GMT

50 പന്തിൽ 110 റണ്‍സുമായി ജോഷ് ഇംഗ്ലിസ് തകര്‍ത്താടിയപ്പോള്‍ ഇന്ത്യന്‍ ബൗളർമാരെല്ലാം ആ ബാറ്റിന്‍റെ ചൂടറിഞ്ഞു

വിശാഖപട്ടണം: ലോകകപ്പ് കലാശപ്പോരാട്ടത്തിന്റെ ക്ഷീണം തീരുംമുൻപ് ഇന്ത്യൻ ബൗളർമാർക്ക് വീണ്ടും ഓസീസ് പരീക്ഷണം. സീനിയർ താരങ്ങളുടെ അഭാവത്തിൽ യുവതാരങ്ങൾ ഏറ്റുമുട്ടുന്ന ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ജോഷ് ഇംഗ്ലിസിന്റെ വെടിക്കെട്ട് സെഞ്ച്വറിയിൽ(50 പന്തിൽ 110) 208 എന്ന കൂറ്റൻ സ്‌കോറാണ് ആസ്‌ട്രേലിയ ഉയർത്തിയത്. സ്റ്റീവ് സ്മിത്ത്(52) അർധസെഞ്ച്വറിയും നേടി.

ദേശീയ ടീമിന്റെ ക്യാപ്റ്റനായുള്ള കന്നി മത്സരത്തിൽ ടോസ് ഭാഗ്യം തുണച്ച സൂര്യകുമാർ യാദവ് ആസ്‌ട്രേലിയയെ ബാറ്റിങ്ങിനയ്ക്കുകയായിരുന്നു. എന്നാൽ, സൂര്യയുടെ കണക്കുകൂട്ടൽ തെറ്റിക്കുകയായിരുന്നു കങ്കാരുക്കൾ. പവർപ്ലേയിൽ മാത്യു ഷോർട്ടിനെ(13) രവി ബിഷ്‌ണോയ് ബൗൾഡാക്കി മടക്കിയെങ്കിലും പിന്നീട് ഇന്ത്യൻ ക്യാംപിന് ആശ്വസിക്കാവുന്ന ഒന്നുമുണ്ടായില്ല. പവർപ്ലേയിൽ 40 റൺസ് അടിച്ചെടുത്തു സ്മിത്തും ഇംഗ്ലിസും ചേർന്ന്.

ടീം ടോട്ടൽ നൂറും കടത്തി മുന്നേറിയ രണ്ടാം വിക്കറ്റ് കൂട്ടുകെട്ട് പിരിക്കാൻ ഇന്ത്യൻ ബൗളർമാർ ഏറെ വിയർത്തു. ഒടുവിൽ റണ്ണൗട്ടിലൂടെ സ്മിത്ത് പുറത്താകുമ്പോൾ ഓസീസ് സ്‌കോർ 15.5 ഓവറിൽ 161 ആയിരുന്നു. 41 പന്ത് നേരിട്ട് എട്ട് ബൗണ്ടറിയുമായി 52 റൺസെടുത്താണ് സ്മിത്ത് പുറത്തായത്. പിന്നാലെ സെഞ്ച്വറി കുറിച്ചു ഇംഗ്ലിസ്. സ്‌കോർവേഗം കൂട്ടാനുള്ള നീക്കത്തിനിടെ ഡീപ് സ്‌ക്വയർ ലെഗിൽ യശസ്വി ജയ്‌സ്വാളിന്റെ കൈയിൽ ഇംഗ്ലിസിന്റെ പോരാട്ടം അവസാനിച്ചു. വെറും 50 പന്ത് നേരിട്ട് 110 റൺസാണ് ഇംഗ്ലിസ് അടിച്ചെടുത്തത്. 11 ഫോറും എട്ട് സിക്‌സറുമാണ് ഇന്നിങ്‌സിൽ ഇംഗ്ലിസ് അടിച്ചെടുത്തത്.

മാർക്കസ് സ്‌റ്റോയിനിസ് ഏഴു റൺസുമായും ടിം ഡേവിഡ് 19 റൺസുമായും പുറത്താകാതെ നിന്നു. ഇന്ത്യൻ ബൗളർമാരിൽ മുകേഷ് കുമാറാണ് കാര്യമായി തല്ല് വാങ്ങാതിരുന്നത്. അർശ്ദീപ് സിങ്, പ്രസിദ് കൃഷ്ണ, രവി ബിഷ്‌ണോയ് എന്നിവരെല്ലാം ഇംഗ്ലിസിന്റെ ബാറ്റിന്റെ ചൂടറിഞ്ഞു.

Summary: India vs Australia Live Score, 1st T20I

Similar Posts