'പുതിയ മുഖ'വുമായി ഇന്ത്യ; ബുംറ, ഹർഷൽ ബാക്ക്- ലോകകപ്പ് 'വാംഅപ്പി'ന് ഇന്ന് തുടക്കം
|സൂപ്പർ താരം ജസ്പ്രീത് ബുംറയുടെ പരിക്കിനുശേഷമുള്ള തിരിച്ചുവരവ് തന്നെയാണ് ഇന്ത്യൻ മാനേജ്‌മെന്റും ക്രിക്കറ്റ് ആരാധകരും ഒരുപോലെ ഉറ്റുനോക്കുന്നത്
മൊഹലി: ടി20 ലോകകപ്പ് ഒരു മാസമകലെ നിൽക്കുമ്പോൾ ഇന്ത്യയുടെ 'വാംഅപ്പ്' പോരാട്ടങ്ങൾക്ക് ഇന്ന് മൊഹാലിയിൽ തുടക്കം. ആസ്‌ട്രേലിയയ്‌ക്കെതിരായ ടി20 പരമ്പരയിലെ ആദ്യ മത്സരത്തിൽ ലോകകപ്പിനു മുന്നോടിയായി പുറത്തിറക്കിയ പുത്തൻ ജഴ്‌സിയിലാണ് ഇന്ത്യ ഇന്ന് ഇറങ്ങുക. വൈകീട്ട് 7.30ന് മത്സരം ആരംഭിക്കും.
ഏഷ്യാ കപ്പിലെ നിരാശപ്പെടുത്തിയ പ്രകടനത്തിൽനിന്നുള്ള പാഠങ്ങൾ പഠിച്ച് തിരുത്താനുള്ള അവസരം കൂടിയാകും ഇന്ത്യയ്ക്ക് ഈ പരമ്പര. ലോകകപ്പിനുമുൻപ് ടീം കോംപിനേഷനും കളിശൈലിയും അന്തിമമാക്കാനുള്ള അവസാന അവസരം കൂടിയാകും ഇത്. സൂപ്പർ താരം ജസ്പ്രീത് ബുംറയുടെ പരിക്കിനുശേഷമുള്ള തിരിച്ചുവരവ് തന്നെയാണ് ഇന്ത്യൻ മാനേജ്‌മെന്റും ക്രിക്കറ്റ് ആരാധകരും ഒരുപോലെ ഉറ്റുനോക്കുന്നത്.
പൂർണഫോമിലുള്ള ബുംറ ഇന്ത്യയുടെ ലോകകപ്പ് കിരീടപ്രതീക്ഷയിൽ ഏറ്റവും നിർണായകമാണ്. അമിതഭാരം നൽകാതെ ലോകകപ്പിനുമുൻപ് പഴയ ഫോമിലേക്ക് തിരിച്ചെത്താനുള്ള അവസരമൊരുക്കുകയായിരിക്കും ഇന്ത്യൻ മാനേജ്‌മെന്റ് ചെയ്യുക. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ മികച്ച പ്രകടനം പുറത്തെടുത്താൽ ഒരുപക്ഷെ തൊട്ടുപിന്നാലെ വരുന്ന ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ പരമ്പരയിൽ ബുംറയ്ക്ക് വിശ്രമം നൽകാനും സാധ്യതയുണ്ട്.
പേസ് വേരിയേഷനുകളുമായി ബാറ്റർമാരെ കുഴക്കാറുള്ള ഹർഷൽ പട്ടേലും പരിക്കിൽനിന്ന് മുക്തനായി തിരിച്ചെത്തുന്നുണ്ട്. ലോകകപ്പിൽ ബുംറയ്‌ക്കൊപ്പം ഇന്ത്യൻ ബൗളിങ് ആക്രമണത്തിനു നേതൃത്വം നൽകാൻ പോകുന്നത് ഹർഷലായിരിക്കും. ഇതിനാൽ, താരവും പൂർണഫോം തിരിച്ചുപിടിക്കുന്നത് ടീമിന് നിർണായകമാണ്. ഏഷ്യാ കപ്പിലെ ഫോം വിരാട് കോഹ്ലി കരുത്തുറ്റ ഓസീസ് ബൗളർമാർക്കെതിരെയും തുടരുമോ എന്ന് കണ്ടറിയണം.
അതേസമയം, സൂപ്പർ താരം ഡേവിഡ് വാർണറില്ലാതെയാണ് ഇന്ന് ആസ്‌ട്രേലിയ ഇറങ്ങുന്നത്. മിച്ചൽ സ്റ്റാർക്കും ടീമിലില്ല. അതേസമയം, ഇത്തവണ ഐ.പി.എൽ സെൻസേഷനായിരുന്ന ടിം ഡേവിഡിന്റെ ഓസീസ് കുപ്പായത്തിലെ അരങ്ങേറ്റത്തിന് ഒരുപക്ഷെ മൊഹാലി സാക്ഷിയായേക്കും. ഏകദിനത്തിൽനിന്ന് വിരമിച്ച ശേഷമുള്ള ആരോൺ ഫിഞ്ചിന്റെ ആദ്യ പരിമിത ഓവർ മത്സരം കൂടിയാണിത്.
ഇന്ത്യൻ സ്‌ക്വാഡ്: രോഹിത് ശർമ(നായകൻ), കെ.എൽ രാഹുൽ, വിരാട് കോഹ്ലി, സൂര്യകുമാർ യാദവ്, ദീപക് ഹൂഡ, ഋഷഭ് പന്ത്, ദിനേശ് കാർത്തിക്ക്, ഹർദിക് പാണ്ഡ്യ, ആർ. അശ്വിൻ, യുസ്‌വേന്ദ്ര ചഹൽ, അക്‌സർ പട്ടേൽ, ഭുവനേശ്വർ കുമാർ, ഉമേഷ് യാദവ്, ഹർഷൽ പട്ടേൽ, ദീപക് ചഹാർ, ജസ്പ്രീത് ബുംറ.
ആസ്‌ട്രേലിയൻ സ്‌ക്വാഡ്: ആരോൺ ഫിഞ്ച്(നായകൻ), സ്റ്റീവ് സ്മിത്ത്, ടിം ഡേവിഡ്, ഗ്ലെൻ മാക്‌സ്‌വെൽ, ആഷ്ടൻ അഗാർ, കാമറൺ ഗ്രീൻ, ഡാനിയൽ സാംസ്, ഷോൾ അബൊട്ട്, ജോഷ് ഇംഗ്ലിസ്, മാത്യു വെയ്ഡ്, പാറ്റ് കമ്മിൻസ്, ജോഷ് ഹേസൽവുഡ്, കെയ്ൻ റിച്ചാർഡ്‌സൻ, ആദം സാംപ, നഥാൻ എല്ലിസ്.
Summary: India vs Australia 1st T20I will take places today in Mohali