Cricket
ക്രിക്കറ്റ് വൈരം മറന്നു; പസൂരിയില്‍ വീണ് ആടിത്തിമിർത്ത് ഇന്ത്യ-പാക് ആരാധകർ: വൈറൽ വിഡിയോ
Cricket

ക്രിക്കറ്റ് വൈരം മറന്നു; 'പസൂരി'യില്‍ വീണ് ആടിത്തിമിർത്ത് ഇന്ത്യ-പാക് ആരാധകർ: വൈറൽ വിഡിയോ

Web Desk
|
25 Oct 2022 5:36 AM GMT

എം.സി.ജിയില്‍ നടന്ന ഇന്ത്യ-പാക് ടി20 മത്സരം ഹോട്‌സ്റ്റാറിൽ മാത്രം 1.8 കോടി പേരാണ് കണ്ടത്

മെൽബൺ: വിരാട് കോഹ്ലിയുടെ വീരോചിത ഇന്നിങ്‌സിന്റെ പേരിൽ എക്കാലത്തും ക്രിക്കറ്റ് ചരിത്രത്തിൽ അറിയപ്പെടാൻ പോകുന്ന മത്സരമാണ് ടി20 ലോകകപ്പിൽ ഞായറാഴ്ച മെൽബൺ ക്രിക്കറ്റ് ഗ്രൗണ്ടിൽ നടന്നത്. 'ചിരവൈരികളുടെ യുദ്ധം', 'അയൽക്കാരുടെ പോരാട്ടം' എന്നെല്ലാം ക്രിക്കറ്റ് ലോകത്ത് അറിയപ്പെടുന്ന വാശിപ്പോരാണ് ഇന്ത്യ-പാകിസ്താൻ മത്സരം. ഹോട്‌സ്റ്റാറിൽ മാത്രം 1.8 കോടി പേരാണ് കഴിഞ്ഞ ദിവസത്തെ മത്സരം കണ്ടത്. ടെലിവിഷൻ ചാനലുകൾക്കും ഗാലറയിലെ പ്രേക്ഷകർക്കും പുറമെയാണിത്.

വീറും വാശിയും ആളും ആരവവും കണക്കിലെടുത്താൽ നിലവിൽ കായികലോകത്ത് തന്നെ ഇത്രയും ആവേശകരമായൊരു മത്സരമുണ്ടാകില്ല. ഇന്ത്യ-പാക് മത്സരങ്ങളുടെ ഭാഗമായി ഇരുടീമുകളുടെയും ആരാധകർ പരസ്പരം ഏറ്റുമുട്ടുന്ന സംഭവങ്ങൾ അടുത്തിടെ ബ്രിട്ടനിലെ ലെസ്റ്ററിൽ വരെയുണ്ടായി. എന്നാൽ, എം.സി.ജിയിൽ എല്ലാ വാശിയും വിദ്വേഷവുമെല്ലാം മറന്ന് അയൽക്കാർ ഒന്നിച്ച് നൃത്തംവയ്ക്കുന്ന ഒരു ദൃശ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. സംഗീതലോകത്ത് അടുത്തിടെ വൻ ഹിറ്റായി മാറിയ 'പസൂരി'യായിരുന്നു അവരെ എല്ലാം മറന്ന് ഒന്നിപ്പിച്ചത്.

ആവേശപ്പോരിന്റെ തൊട്ടുമുൻപായിരുന്നു ഹൃദയം തൊടുന്ന ആ അപൂർവനിമിഷങ്ങൾക്ക് എം.സി.ജി പരിസരം സാക്ഷിയായത്. ഇരു ടീമുകളുടെയും ജഴ്‌സിയണിഞ്ഞ ആരാധകർ ഒന്നിച്ച് തോളോടുതോൾ ചേർന്നാണ് 'പസൂരി' പാടി ആനന്ദനൃത്തം ചെയ്തത്. ആ സമയത്ത് എല്ലാവരുടെയും മുഖത്ത് ഒരൊറ്റ വികാരം മാത്രമാണുണ്ടായിരുന്നത്. സംഗീതം ഇങ്ങനെയൊക്കെയാണ് മനുഷ്യമനസുകളെ ഒന്നിപ്പിക്കുന്നതെന്നു പറഞ്ഞാണ് വിഡിയോ സോഷ്യൽ മീഡിയയിൽ വ്യാപകമായി പങ്കുവയ്ക്കപ്പെടുന്നത്.

ലോകമെമ്പാടും ആരാധകരുള്ള ജനപ്രിയ ടെലിവിഷൻ സംഗീത പരിപാടിയായ കോക് സ്റ്റുഡിയോയുടെ 14-ാം സീസണിലാണ് പാക് ഗായകരായ അലി സേത്തിയും ഷായി ഗില്ലും ചേർന്ന് പസൂരി ആലപിച്ചത്. ഈ വർഷം ഫെബ്രുവരി ഏഴിന് യൂട്യൂബിൽ അപ്ലോഡ് ചെയ്ത പാട്ട് ഇതിനകം തന്നെ 42 കോടി ജനങ്ങളാണ് കണ്ടുകഴിഞ്ഞിട്ടുള്ളത്. എന്നാൽ, ഇതിനപ്പുറം അതിർത്തികൾ ഭേദിച്ച് ആ പാട്ട് പാടിപ്പരന്നു.

വൈറൽ വിഡിയോ അലി സേത്തിയും പങ്കുവച്ചിട്ടുണ്ട്. തന്റെ ഹൃദയം ഭേദിക്കുന്ന, സന്തോഷം പകർന്ന കാഴ്ചയാണിതെന്ന് സേത്തി വിഡിയോയ്‌ക്കൊപ്പം ഇൻസ്റ്റഗ്രാമിൽ കുറിച്ചത്. ''പരസ്പരം അവിശ്വാസത്തിലും വിദ്വേഷത്തിലും ആണ്ടുപോയ ജനങ്ങൾ പെട്ടെന്ന് എല്ലാ ഭിന്നതകളും മറന്ന്, ഒന്നിച്ച് ഉന്മാദനൃത്തം ചവിട്ടുന്നത് ഒരിക്കലും സാധ്യമല്ല. എന്നിട്ടുമിതാ ഞങ്ങൾ ഇന്ത്യക്കാരും പാകിസ്താനികളും, പിരിമുറുക്കം നിറഞ്ഞ ഒരു ക്രിക്കറ്റ് മത്സരത്തിനുശേഷം, കൈകൾ പിണഞ്ഞ് ആഹ്ലാദഭരിതരായി 'പസൂരി' എന്ന ഗാനത്തിന്റെ വരികൾക്കൊപ്പം ആരവംമുഴക്കുന്നത്.''-അലി സേത്തി കുറിച്ചു.

മത്സരത്തിൽ പാകിസ്താൻ ഉയർത്തിയ 160 റൺസ് വിജയലക്ഷ്യം അവസാന പന്തിലാണ് ഇന്ത്യ മറികടന്നത്. നാലിന് 31 എന്ന നിലയിൽ തകർന്ന ഇന്ത്യയെ വിരാട് കോഹ്ലിയും ഹർദിക് പാണ്ഡ്യയും ചേർന്നാണ് അവിസ്മരണീയമായൊരു വിജയത്തിലേക്ക് കൈപിടിച്ചുയർത്തിയത്. ആറു ഫോറും നാല് സിക്‌സറും മിഴിവേകിയ ഇന്നിങ്‌സിൽ 53 പന്ത് നേരിട്ട് 82 റൺസാണ് കോഹ്ലി അടിച്ചെടുത്തത്.

Summary: Fans keep aside rivalry, sing 'Pasoori' and dance together during T20 World Cup clash in Melbourne Cricket Ground

Similar Posts