ജയിച്ചാല്‍ പുതുചരിത്രം; ആത്മവിശ്വാസത്തിന്‍റെ കൊടുമുടിയില്‍ ടീം ഇന്ത്യ; നിരാശയോടെ ദക്ഷിണാഫ്രിക്ക
|പുതുവർഷത്തിൽ ചരിത്രം തിരുത്തിയെഴുതാനുള്ള നിയോഗമാണ് ഇന്ത്യൻ ടീമിന് വന്നെത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കൻ മണ്ണിലെ ആദ്യ പരമ്പര നേട്ടമെന്ന നാഴികക്കല്ലിനരികെയാണ് ടീം.
ദക്ഷിണാഫ്രിക്കയ്‍ക്കെതിരായ രണ്ടാം ടെസ്റ്റിനിറങ്ങുമ്പോള്‍ ഇന്ത്യന്‍ ടീം ആത്മവിശ്വാസത്തിന്‍റെ കൊടുമുടിയിലാണ്. ആദ്യ ടെസ്റ്റിലെ ഉജ്വല ജയത്തിന്‍റെ വര്‍ധിത വീര്യത്തിലാണ് ഇന്ത്യന്‍ ടീം ഇറങ്ങുന്നത്. വാണ്ടറേഴ്സില്‍ ഇതുവരെ തോല്‍വിയറിഞ്ഞിട്ടില്ലെന്നതും സന്ദര്‍ശകരുടെ ആത്മവിശ്വാസം കൂട്ടും. അതേസമയം ദക്ഷിണാഫ്രിക്കന്‍ ഡ്രസിങ് റൂമില്‍ നിന്ന് അത്ര ശുഭകരമായ വാര്‍ത്തയല്ല വരുന്നത്. ആദ്യ ടെസ്റ്റിലെ തോല്‍വിക്ക് പിന്നാലെ ക്വിന്‍റന്‍ ഡികോക്കിന്‍റെ അപ്രതീക്ഷിത വിരമിക്കലും ടീമിനെ തളര്‍ത്തിയിരിക്കുകയാണ്.
ഇന്ത്യക്കാകട്ടെ വാണ്ടറേഴ്സ് മൈതാനം നാട്ടിലെ ഈഡൻ ഗാർഡൻസും വാങ്കഡെയുമെല്ലാം പോലെ ഭാഗ്യജാതകമുള്ള ഗ്രൌണ്ടാണ്. വാണ്ടറേഴ്സില്‍ കളിച്ച 5 ടെസ്റ്റുകളിൽ 2 ജയവും 3 സമനിലയുമാണ് ഇന്ത്യയുടെ ട്രാക്ക് റെക്കോര്‍ഡ്.
അതോടൊപ്പം സെഞ്ചൂറിയനിൽ ആദ്യമായി ഒരു ടെസ്റ്റ് മത്സരം ജയിച്ചതിന്‍റെ ആവേശം നിലനിര്‍ത്തിക്കൊണ്ടാണ് ഇന്ത്യ രണ്ടാം ടെസ്റ്റിനിറങ്ങുന്നത്. 1992 മുതൽ ദക്ഷിണാഫ്രിക്കയിൽ ടെസ്റ്റ് കളിക്കാൻ തുടങ്ങിയ ഇന്ത്യയുടെ നാലാമത്തെ മാത്രം വിജയമാണ് സെഞ്ചൂറിയനില്‍ നടന്നത്. സെഞ്ചൂറിയനിലെ ആദ്യ ടെസ്റ്റ് ജയവും. 113 റൺസിനാണ് ഇന്ത്യ ദക്ഷിണാഫ്രിക്കയെ വാണ്ടറേഴ്സില്‍ തറപറ്റിച്ചത്.
സെഞ്ചൂറിയൻ ടെസ്റ്റിലെ ചരിത്രവിജയത്തോടെ ഒരു പിടി റെക്കോർഡുകളാണ് ഇന്ത്യ സ്വന്തമാക്കിയത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ് ഫൈനലിലെ തോൽവി ഒഴിച്ചാൽ ഇന്ത്യൻ ടെസ്റ്റ് ടീം സമീപകാലത്തെ ഏറ്റവും മികച്ച പ്രകടനമാണ് ഈ വർഷം കാഴ്ച്ചവെച്ചത്. സ്വന്തം മണ്ണിൽ രണ്ടാം തവണ മാത്രമാണ് ദക്ഷിണാഫ്രിക്ക ഇന്ത്യക്കെതിരെ പിന്നിലാകുന്നത്.
പുതുവര്‍ഷത്തില്‍ പുതുചരിത്രത്തിനരികെ...
ഇന്ത്യന്‍ ടീമിനെ സംബന്ധിച്ച് പുതുവര്‍ഷത്തില്‍ ചരിത്രം തിരുത്തിയെഴുതാനുള്ള നിയോഗമാണ് വന്നെത്തിയിരിക്കുന്നത്. ദക്ഷിണാഫ്രിക്കന്‍ മണ്ണിലെ ആദ്യ പരമ്പര നേട്ടമെന്ന നാഴികക്കല്ലിനരികെയാണ് ടീം.
ഇതിന് മുമ്പ് 2010 - 2011 സീസണിലാണ് ദക്ഷിണാഫ്രിക്കയില്‍ ഇന്ത്യന്‍ ടീം മികച്ച പ്രകടനം കാഴ്ചവെക്കുന്നത്. അന്ന് ധോണിയുടെ നായകത്വത്തില്‍ ഇന്ത്യന്‍ ടീം ടെസ്റ്റ് പരമ്പര സമനില ആക്കിയിരുന്നു. മൂന്ന് മത്സരങ്ങളടങ്ങുന്ന പരമ്പര (1 - 1) എന്ന നിലയിലായിരുന്നു പിരിഞ്ഞത്. പിന്നീട് നടന്ന ഏകദിന പരമ്പ പക്ഷേ ഇന്ത്യക്ക് കൈവിട്ടു. (3 - 2) എന്ന നിലയിലാണ് ദക്ഷിണാഫ്രിക്ക ഏകദിന പരമ്പര സ്വന്തമാക്കിയത്. ഒരേയൊരു ടി 20 മത്സരം ഇന്ത്യ സ്വന്തമാക്കി
രണ്ടാം ടെസ്റ്റിനിറങ്ങുമ്പോള്‍
ഉച്ചയ്ക്ക് 1.30 നാണ് രണ്ടാം ടെസ്റ്റ് ആരംഭിക്കുന്നത്. പുതുവർഷത്തിലെ ഇന്ത്യയുടെ ആദ്യ മത്സരം കൂടിയാണിത്. പൊതുവേ പേസിനെ തുണയ്ക്കുന്ന പിച്ചില്‍ ഇന്ത്യ കഴിഞ്ഞ ഇലവനില്‍ നിന്ന് മാറ്റം വരുത്താന്‍ സാധ്യതയുണ്ട്. ആദ്യ ടെസ്റ്റിൽ റൺസ് വഴങ്ങിയ ശാർദൂൽ ഠാക്കൂറിന് പകരമായി ഉമേഷ് യാദവോ ഇഷാന്ത് ശർമയോ അവസാന പതിനൊന്നില്‍ എത്തിയാലും അത്ഭുതമില്ല.
അതേസമയം കോഹ്‍ലിയുടെ ക്യാപ്റ്റന്‍സി വിവാദം ഇന്ത്യന്‍ ടീമില്‍ ഇപ്പോഴും നിഴലിച്ചു നില്‍ക്കുന്നുണ്ടെങ്കിലും താരത്തെ പുകഴ്ത്തി പരിശീലകന്‍ ദ്രാവിഡ് രംഗത്തെത്തി. വിവാദങ്ങള്‍ ടീമിന്‍റെ പ്രകടനത്തെ ബാധിക്കാത്ത തരത്തില്‍ ഇന്ത്യയെ ഏറ്റവും മികച്ച രീതിയിൽ നയിക്കാൻ കോഹ്‍ലിക്കു സാധിച്ചെന്ന് ദ്രാവിഡ് ചൂണ്ടിക്കാട്ടി. ദക്ഷിണാഫ്രിക്കയ്‍ക്കെതിരായ രണ്ടാം ടെസ്റ്റിനു മുന്നോടിയായി സംസാരിക്കുമ്പോഴായിരുന്നു കോഹ്‍ലിക്ക് ദ്രാവിഡിന്‍റെ പ്രശംസ.
എന്നാല്‍ പരമ്പര നേട്ടത്തിനരികെ നില്‍ക്കുന്ന ഇന്ത്യന്‍ ടീമിന്‍റെ മത്സരത്തിന് മുൻപ് നായകൻ വിരാട് കോഹ്‍ലി മാധ്യമങ്ങളെ കാണാതിരുന്നത് ആരാധകരുടെ നെറ്റി ചുളിച്ചു. പതിവിന് വിപരീതമായി പരിശീലകൻ രാഹുൽ ദ്രാവിഡാണ് ഇന്ന് മാധ്യമങ്ങളെ കണ്ടത്. കോഹ്‍ലിയെക്കുറിച്ച് ചോദിച്ചപ്പോള്‍ താരം എത്താത്തതിന് പ്രത്യേകിച്ച് കാരണമൊന്നമില്ലെന്നും ടീം മാനേജറാണ് ഇക്കാര്യങ്ങൾ തീരുമാനിക്കുന്നതെന്നും ദ്രാവിഡ് പറഞ്ഞു.
ഇന്ത്യ സാധ്യതാ ഇലവൻ: കെ.എൽ. രാഹുൽ, മയാങ്ക് അഗർവാൾ, ചേതേശ്വർ പൂജാര, വിരാട് കോലി (ക്യാപ്റ്റൻ), അജിൻക്യ രഹാനെ, ഋഷഭ് പന്ത്, രവിചന്ദ്രൻ അശ്വിൻ, ശാർദൂൽ ഠാക്കൂർ, മുഹമ്മദ് ഷമി, ജസ്പ്രീത് ബുമ്ര, മുഹമ്മദ് സിറാജ്
ദക്ഷിണാഫ്രിക്ക സാധ്യതാ ഇലവൻ: ഡീൻ എൽഗാർ (ക്യാപ്റ്റൻ), എയ്ഡൻ മർക്രം, കീഗൻ പീറ്റേഴ്സൻ, റാസ്സി വാൻഡർ ദസ്സൻ, തെംബ ബാവുമ, കൈൽ വെരെയ്ൻ, മാർക്കോ ജെൻസൻ, കഗീസോ റബാദ, കേശവ് മഹാരാജ്, ലുങ്കി എൻഗിഡി, ഡ്യുവാൻ ഒലിവിയർ