കുൽദീപ് മാജിക്; ലങ്കയെ എറിഞ്ഞിട്ട് ഇന്ത്യ
|മൂന്നു മുൻനിര ലങ്കൻ ബാറ്റർമാരെ പുറത്താക്കി കുൽദീപാണ് മത്സരം ഇന്ത്യയുടെ വരുതിയിലാക്കിയത്
കൊൽക്കത്ത: ഇടവേളയ്ക്കുശേഷം ഏകദിന ക്രിക്കറ്റിൽ തിരിച്ചെത്തിയ കുൽദീപ് യാദവിന്റെ സ്പിൻ മാജിക്കിൽ ശ്രീലങ്കയെ വരിഞ്ഞുമുറുക്കി ഇന്ത്യ. ഈഡൻ ഗാർഡനിൽ പുരോഗമിക്കുന്ന രണ്ടാം ഏകദിനത്തിൽ 215 റൺസിനാണ് ലങ്ക പുറത്തായത്. മൂന്നു മുൻനിര ലങ്കൻ ബാറ്റർമാരെ പുറത്താക്കി കുൽദീപാണ് മത്സരം ഇന്ത്യയുടെ വരുതിയിലാക്കിയത്. അർധസെഞ്ച്വറി നേടിയ നുവാനിദു ഫെർനാൻഡോ(50) മാത്രമാണ് ലങ്കൻ സംഘത്തിൽ പൊരുതിനോക്കിയത്.
നേരത്തെ, ടോസ് നേടി ലങ്കൻ നായകൻ ദാസുൻ ഷനക ബാറ്റിങ് തിരഞ്ഞെടുക്കുകയായിരുന്നു. ക്യാപ്റ്റന്റെ തീരുമാനം ശരിവയ്ക്കുന്ന തരത്തിലായിരുന്നു തുടക്കം. ഒരുവശത്ത് ആവിഷ്‌ക ഫെർനാൻഡോ ആക്രമിച്ചു കളിച്ചപ്പോൾ കരുതലോടെയായിരുന്നു നുവാനിദുവിന്റെ തുടക്കം. ഇരുവരും ചേർന്ന് ലങ്കയെ മികച്ച സ്‌കോറിലേക്ക് നയിക്കുമെന്ന് തോന്നിച്ച ഘട്ടത്തിൽ മുഹമ്മദ് സിറാജാണ് ഇന്ത്യയ്ക്ക് ആദ്യ ബ്രേക്ത്രൂ സമ്മാനിച്ചത്.
17 പന്തിൽ നാല് ബൗണ്ടറിയടിച്ച് 20 റൺസുമായി നിന്ന ആവിഷ്‌ക്കയെ ഞെട്ടിച്ച് സിറാജിന്റെ മനോഹരമായൊരു വൊബിൾ സീം ഡെലിവറി. കുറ്റിയും പിഴുതാണ് പന്ത് കടന്നുപോയത്. രണ്ടാം വിക്കറ്റിൽ കുശാൽ മെൻഡിസുമായി കൂട്ടുചേർന്ന് നുവാനിദു ലങ്കൻ ഇന്നിങ്‌സ് പടുത്തുയർത്തി. ആക്രമണമൂഡിലായിരുന്നു മെൻഡിസ്. സിക്‌സറും ബൗണ്ടറികളുമായി അടിച്ചുതകർത്ത് അർധസെഞ്ച്വറിയിലേക്കുള്ള മെൻഡിസിന്റെ കുതിപ്പ് പക്ഷെ കുൽദീപ് തകർത്തു. വിക്കറ്റിനു മുന്നിൽ കുരുങ്ങി മടങ്ങുമ്പോൾ ഒരു സിക്‌സും മൂന്നു ഫോറും സഹിതം 34 റൺസായിരുന്നു മെൻഡിസിന്റെ സമ്പാദ്യം.
നാലാമനായി ഇറങ്ങിയ ധനഞ്ജയ ഡി സിൽവ നേരിട്ട ആദ്യ പന്തിൽ തന്നെ ഗോൾഡൻ ഡക്കായി മടങ്ങി. അക്‌സർ പട്ടേലിന്റെ പന്തിൽ ക്ലീൻ ബൗൾഡായാണ് താരം പുറത്തായത്. ചാരിത് അസലങ്കയെ(15) പുറത്താക്കി കുൽദീപ് വീണ്ടും മത്സരം ഇന്ത്യൻ കൈയിലെത്തിച്ചു. ഇതിനിടെ അർധസെഞ്ച്വറി പിന്നിട്ട നുവാനിദു ഫെർനാൻഡോ റൺഔട്ടിൽ പുറത്താകുകയും ചെയ്തു. 63 പന്ത് നേരിട്ട് ആറ് ബൗണ്ടറി സഹിതമാണ് താരം 50 റൺസ് അടിച്ചത്.
ആറാമനായി ഇറങ്ങിയ നായകൻ ഷനകയ്ക്ക് ഇത്തവണ അത്ഭുതങ്ങളൊന്നും ചെയ്യാനായില്ല. ആദ്യ മത്സരത്തിൽ അവിസ്മരണീയമായ സെഞ്ച്വറി ഇന്നിങ്‌സിലൂടെ വിസ്മയിപ്പിച്ച ഷനക(രണ്ട്) കുൽദീപിന്റെ പന്തിൽ ക്ലീൻബൗൾഡായാണ് പുറത്തായത്. എന്നാൽ, തുടർന്ന് ലങ്കൻ വാലറ്റത്തിന്റെ കൗണ്ടർ അറ്റാക്കാണ് കണ്ടത്.
വനിന്ദു ഹസരങ്ക 17 പന്തിൽ ഒരു സിക്‌സും മൂന്ന് ഫോറും സഹിതം 21 റൺസെടുത്തു പുറത്തായി. ഉമ്രാൻ മാലികാണ് താരത്തെ അക്‌സർ പട്ടേലിന്റെ കൈയിലെത്തിച്ച് മടക്കിയയച്ചത്. പിന്നാലെ വമ്പനടികളുമായി കളംനിറഞ്ഞു ചാമിക കരുണരത്‌നെയും ദുനിത് വെല്ലലാഗെയെയും. 17 റൺസെടുത്ത ചാമികയെ ഉമ്രാൻ മാലിക് വീണ്ടും അക്‌സറിന്റെ കൈയിലെത്തിച്ചു. പിന്നാലെ വെല്ലലാഗെയെ മുഹമ്മദ് സിറാജും പുറത്താക്കി. ഒരു സിക്‌സും മൂന്ന് ഫോറുമടക്കം 32 റൺസെടുത്താണ് താരം ഇന്ത്യയ്ക്ക് ഭീഷണിയുയർത്തിയത്. 17 റൺസുമായി കസുൻ രജിത പുറത്താകാതെ നിന്നു.
ഇന്ത്യൻ ബൗളർമാരിൽ മൂന്നുവീതം വിക്കറ്റെടുത്ത കുൽദീപും സിറാജുമാണ് തിളങ്ങിയത്. ഉമ്രാന് രണ്ടു വിക്കറ്റും അക്‌സർ പട്ടേലിന് ഒരു വിക്കറ്റും ലഭിച്ചു.
Summary: India vs Sri Lanka 2nd ODI live updates